ഒരു നടൻ അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന കോലാഹലങ്ങൾ കണ്ടപ്പോൾ ഓർമ്മയിലേക്ക് വന്നത് പത്തുനാല്പത് വർഷത്തിന് മുമ്പുള്ള ഒരു സംഭവമാണ്. ബന്ധുവിന്റെ വീട്ടിലെ ഒരു ചടങ്ങിൽ ക്ഷണിക്കപ്പെടാതെയെന്നോണം എത്തിപ്പെട്ട ഒരു പെൺകുട്ടി. അവൾക്കന്ന് പതിനാറോ പതിനേഴോ പ്രായമായിരിക്കണം. വിരുന്നു നടന്നുകൊണ്ടിരിക്കുകയാണ്. മേശയിൽ വിഭവങ്ങൾ. തങ്ങളുടെ ഊഴത്തിനു വേണ്ടി കാത്തുനില്ക്കുന്ന മറ്റുള്ളവർ. അന്ന് ഇന്നത്തെപോലെ വിശാലമായ ഓഡിറ്റോറിയങ്ങളോ ഒന്നും ഇല്ലല്ലോ. വീടിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വീടിന്റെപരിസരങ്ങളിൽ തന്നെയായിരുന്നു അത്തരം സദ്യകൾ നടത്തിയിരുന്നതും. ഏറെ നേരം ആരുടെയും ശ്രദ്ധകിട്ടാതെ അവൾ അവിടെ ഒതുങ്ങിക്കൂടി നിന്നു. പിന്നീടെപ്പോഴോ വീട്ടുകാരിലൊരാളുടെ ശ്രദ്ധ അവളുടെ മേൽ പതിഞ്ഞു. നീയിവിടെ മറ്റുള്ളവർ കഴിക്കുന്നതും നോക്കിനില്ക്കുകയാണോ.. നിലത്തോട്ടിരുന്നോ കഴിച്ചിട്ട് പൊയ്ക്കോ..
അങ്ങനെ പറഞ്ഞ് അയാൾ വിരുന്നുഹാളിലെ നിലത്തേയ്ക്ക് ഒരു ഇലവിരിച്ചു.പിന്നെ ഭക്ഷണം വിളമ്പുകയും ചെയ്തു. ക്ഷണിക്കപ്പെട്ടവരെല്ലാം മേശമേലിരുന്ന് മാന്യതയോടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആ പാവാടക്കാരി നിലത്തിരുന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിതയായി. അവളുടെ കണ്ണുകളിൽ നിന്ന് അപമാനത്തിന്റെ ഒരു തുള്ളി ക്ണ്ണീര് അടർന്ന് ആ ഇലയിലേക്ക് വീണു. ആ പെൺകുട്ടിക്ക് എന്റെ പെങ്ങളുടെ മുഖമായിരുന്നതുകൊണ്ടുകൂടിയാവാം ഇന്നും അതേക്കുറിച്ച് ഓർക്കുമ്പോൾ ഉള്ളിലൊരു നീറ്റൽ കലരും. ഒരുപക്ഷേ വീട്ടുകാർ ബോധപൂർവ്വം അവളെ അവഗണിച്ചതാകാൻ വഴിയില്ല. ഇനിയും ഒരുപാട് സമയം കഴിഞ്ഞുമാത്രമേ അവളുടെ ഊഴമാവൂ എന്ന് മനസ്സിലാക്കി അവളെ വേഗം ഒഴിവാക്കാനോ അല്ലെങ്കിൽ സ്വന്തം വീട്ടിലെത്തിക്കാനോ കണ്ട മാർഗ്ഗമായിരിക്കാം അത്. എന്തായാലും ഒരു അപമാനം പോലെയാണ് അവൾക്കത് അനുഭവപ്പെട്ടത്.
വലിയവരുടെ അപമാനം മാത്രമേ നമ്മൾ ഗൗനിക്കുന്നുള്ളൂ. ചെറിയവർക്കു സംഭവിക്കുന്ന ഒഴിവാക്കലുകളും അവഗണനകളും അപമാനങ്ങളായി ആരും കരുതാറേയില്ല. അവർ ചെറിയവരല്ലേ,,നിസ്സാരക്കാരല്ലേ അവർക്കെന്ത് ആത്മാഭിമാനം? ഇതാണ് നമ്മുടെ പൊതുമട്ട്. നിങ്ങളുടെ വീട്ടിലേക്ക് സഹായം ചോദിച്ചുവരുന്നവരെയും നിസ്സാരവസ്തുക്കൾ വില്പനയ്ക്കായി വരുന്നവരെയും നിരാശരായി പറഞ്ഞയ്ക്കുമ്പോൾ നാം അറിഞ്ഞോ അറിയാതെയോ അവരെ അപമാനിക്കുക തന്നെയാണ് ചെയ്യുന്നത്. ചില സാധനങ്ങൾ തങ്ങളുടെ ട്രെയിംനിങ്ങിന്റെ ഭാഗമായി വില്പനയ്ക്കായി വീടുകളിൽ വരുന്ന,തങ്ങളെക്കാൾ വലിയ ബാഗുതൂക്കി വരുന്ന ചെറിയ കുട്ടികളെ കണ്ടിട്ടില്ലേ. മാർക്കറ്റിൽ കിട്ടുന്ന സാധനങ്ങളുടെ വിലതന്നെയായിരിക്കാം ഒരുപക്ഷേ അവർ കൊണ്ടുവരുന്ന സാധനങ്ങൾക്കും. എന്നിട്ടും നമ്മളത് വാങ്ങാതെ അവരെ പറഞ്ഞയ്ക്കുന്നു. സൗമ്യതയോടെ പറഞ്ഞയ്ക്കുക പോലും ചെയ്യാതെ എത്ര പരുഷമായിട്ടുകൂടിയാണ് ചിലരൊക്കെ അവരോട് പെരുമാറുന്നത്. അതും അപമാനം തന്നെയാണ്. ചെറിയവരുടെ അപമാനങ്ങളെയും വലിയവരുടെ അപമാനങ്ങൾപോലെ തന്നെ കാണണം. അതിനാദ്യം വേണ്ടത് അപമാനിക്കപ്പെടുന്നതാരോ അവരുടെ സ്ഥാനത്ത് സ്വന്തം രൂപത്തെ തന്നെ കാണാൻ കഴിയുക എന്നതാണ്.
അർഹതയുള്ളവർ നോക്കിനില്ക്കെ അർഹതയില്ലാ്ത്തവരെ ആദരിക്കുന്നതും അർഹതപ്പെട്ടതു നല്കാതെ മടക്കിഅയ്ക്കുന്നതുമെല്ലാം ഓരോ അപമാനങ്ങളാണ്. വലിയവരുടെ അപമാനങ്ങൾക്ക് അവരെക്കാൾ പബ്ലിസിറ്റി കിട്ടുമ്പോൾ ചെറിയവർക്കുണ്ടാകുന്ന അപമാനങ്ങൾ അപമാനങ്ങളായിപോലും നാം കരുതാത്തത് എന്തുകൊണ്ട്?