ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ് ക്യാമറാക്കണ്ണിലൂടെ നോക്കുമ്പോൾ കാഴ്ചകൾ വ്യത്യസ്തമാകുന്നത്. ഒരേ വ്യക്തി.. ഒരേ മുഖം. പക്ഷേ ചില പൊസിഷനുകളിൽ ആളുകൾക്ക് സൗന്ദര്യം കൂടും. അവർ ക്യൂട്ടായും സ്മാർട്ടായും തോന്നുകയും ചെയ്യും. മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ വിലയിരുത്തലുകൾക്കും ഇത് ബാധകമാണ്. അവരെപ്പോഴും ഒരുപോലെ തന്നെയായിരിക്കും. എന്നാൽ നാം അവരെ എങ്ങനെയാണ് കാണുന്നത് എന്നതാണ് പ്രധാനം. നമ്മുടെ വീക്ഷണകോണുകൾ അനുസരിച്ചാണ് മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ വിലയിരുത്തലുകൾ രൂപപ്പെടുന്നത്.
സ്നേഹത്തോടെ നോക്കുമ്പോൾ മുമ്പിലുള്ള ആൾക്ക് എന്തൊരു സൗന്ദര്യമാണ്!
ഇഷ്ടമില്ലാതെ നോക്കുമ്പോൾ എന്തൊരു വൈരൂപ്യമാണ്! കഥകളിയിലെ പച്ച യും കത്തിയും വേഷങ്ങൾ പോലെ ഒരാളെ തന്നെ നാം പലവിധത്തിൽ കണ്ടുകൊണ്ടിരിക്കും. മനസ്സിൽ കരുതിയ ഫ്രെയിം കിട്ടാൻ വേണ്ടി ക്യാമറാമാൻമാർ ആംഗിളുകൾ മാറ്റാറുണ്ട്. ആ പ്രത്യേകതരം ആംഗിളിലൂടെ നോക്കുമ്പോൾ ആൾക്ക് പ്രത്യേക സൗന്ദര്യവും ആകർഷണീയതയും തോന്നുകയും ചെയ്യും. അതുപോലെ നോട്ടത്തിന്റെ, വിലയിരുത്തലിന്റെ ആംഗിൾ മാറ്റിയാൽ മതി. കാഴ്ചകൾ സുന്ദരങ്ങളാകും; വ്യക്തികളും.