അയ്യോ കഷ്ടം.. പ്രായമായല്ലോ… ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ… പ്രായമായല്ലോ എന്ന് ആവേശത്തോടെ പറയുന്ന കാലമാണ് ഇപ്പോൾ. ലോകാരോഗ്യ സംഘടനയുടേത് ഉൾപ്പെടെയുള്ള കണക്കുകൾ അനുസരിച്ചു വയോധികരുടെ എണ്ണം ലോകത്തു വർധിക്കുന്നു. ആയുർ ദൈർഘ്യത്തിലുണ്ടായ വർധന ഇതിന് പ്രധാന കാരണമാണ്. ആരോഗ്യപരിപാലനത്തിന്റെയും ജീവിതസാഹചര്യത്തിന്റെയും ഉയർന്ന നിലവാരം മൂലം വയോധികർ പ്രായത്തിന്റെ അവശതകളെ ധൈര്യപൂർവം നേരിടുന്നു.
വയോധികർ വീണ്ടും കുട്ടിക്കാലത്തേക്ക്
കുട്ടിക്കാലത്തെ കുസൃതികളും കളിചിരികളും വീണ്ടും വരേണ്ട സമയമാണ് സത്യത്തിൽ ജീവിതസായാഹ്നം. മറ്റുള്ളവരുടെ കരുതൽ ആഗ്രഹിക്കുന്ന സമയമാണെന്നതും പ്രധാനം. എങ്കിൽ തന്നെയും തുറന്ന മനസോടെയും ആത്മവിശ്വാസത്തോടെയും സമീപിക്കാൻ തയാറുണ്ടെങ്കിൽ വയോധികർക്ക് ജീവിതം മുൻകാലങ്ങളിലേക്കാൾ കൂടുതൽ ആസ്വാദ്യകരമാക്കാം.നമ്മുടെ നഗരങ്ങളിലെ ധാരാളം ഫ്‌ളാറ്റുകളും അപ്പാർട്ടുമെന്റുകളുമുണ്ട്. ഇവ സന്ദർശിച്ചാൽ ഭൂരിപക്ഷങ്ങളിലും വയോധികരെ കാണാം. മിക്കതിലും ഇവർ ഒറ്റയ്ക്കുമായിരിക്കും. കുട്ടികൾ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞു ജോലി നേടി അവരുടേതായ തിരക്കിൽ അമർന്നുകഴിഞ്ഞു. വയോധികരാകട്ടെ ജോലിയിൽ നിന്നു വിരമിച്ചു. രാത്രിയും പകലും ഇഷ്ടംപോലെ സമയം. പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ല എന്നതാണ് ചിന്ത. തുടങ്ങാം ആദ്യം ഈ ചിന്തതന്നെ മാറ്റികൊണ്ട്. ജീവിതസായാഹ്നത്തിൽ ലഭിക്കുന്ന അധികസമയം ക്രിയാത്മകമായി ചെലവിടാൻ ആത്മവിശ്വാസം ഉണ്ടാകുക എന്നതാണു പ്രധാനം.
പ്രായം ഒന്നിനും തടസമല്ല
ചെറുപ്പം മുതൽ മനസിൽ അടക്കി സൂക്ഷിക്കുന്ന ആഗ്രഹങ്ങൾ പലർക്കുമുണ്ടാകും. ഇഷ്ടമുള്ള സ്ഥലത്തേക്ക് ഒരു യാത്ര പോകാൻ, ഒരു സംഗീത ഉപകരണം പഠിക്കാൻ, അല്ലെങ്കിൽ തുന്നൽ, ചിത്രരചന പോലുള്ള ഹോബികൾ സ്വായത്തമാക്കാൻ. പഠനത്തിന്റെയും പിന്നീടു ജോലിയുടെയും മക്കളെ വളർത്തുന്നതിന്റെ തിരക്കിലും മറ്റും മാറ്റിവച്ച ഇഷ്ട ആഗ്രഹങ്ങൾ. അവ മനസിന്റെ കോണിലുണ്ടെങ്കിൽ മടിക്കേണ്ട ആ ആഗ്രഹം വീണ്ടും പൊടി തട്ടിയെടുക്കാം. ഒന്നുമുതൽ വീണ്ടും തുടങ്ങാം. പക്ഷ, ഒരു കാര്യം മനസിലുണ്ടാകണം. പരാജയപ്പെട്ടാലും പിൻമാറില്ലെന്നതാവണം ഉറപ്പ്. മാത്രമല്ല പഴയപോലെ വേഗത്തിൽ കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും സാധിക്കുന്നില്ല എന്നു വരാം. നിരാശ വേണ്ട. പരീക്ഷയിൽ ജയിക്കാനല്ല ഈ പഠനം. ആത്മസംതൃപ്തിക്കുവേണ്ടിയാണ്. അൽപം താമസിച്ചാലും തെറ്റുപറ്റിയാലും തളരേണ്ട കാര്യമില്ല.
ഒരു യാത്രക്കിറങ്ങാം
വയോധികർ മടിയോടെ മാറ്റിവയ്ക്കുന്ന ഒന്നാ ണ് യാത്ര. ഇഷ്ടമുളള സ്ഥലത്തേക്കും ഇഷ്ടമുള്ളവരുടെ സമീപത്തേക്കും യാത്ര പോകാൻ ധാരാളം അവസരം ഉണ്ടെങ്കിലും പലപ്പോഴും മടിക്കും. യാത്ര പോയാൽ സംഭവിക്കുമെന്നു കരുതുന്ന പ്രയാസങ്ങളാണു പ്രധാന തടസം. എന്നാൽ മനസിൽ പെരുപ്പിച്ചു കാണുന്നത്ര തടസം പലപ്പോഴും യഥാർഥത്തിൽ ഉണ്ടാകില്ല എന്നതാണു സത്യം. അല്ലറ ചില്ലറ പ്രയാസങ്ങളുണ്ടാകും എന്നതല്ല. പക്ഷേ, കൃത്യമായ പ്ലാനിങ്ങ് ഉണ്ടെങ്കിൽ ഈ പ്രയാസങ്ങളെ മറികടക്കാം. യാത്രയ്ക്കു കൃത്യമായ ഒരു പ്ലാൻ ആദ്യമെ ഉണ്ടാക്കണം. യാത്രയുടെ സമയം ഇതിൽ പ്രധാനം. അതിരാവിലെയും രാത്രി ഏറെ വൈകിയും യാത്ര ചെയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കിവേണം സമയം ക്രമീകരിക്കാൻ. യാത്രയ്ക്കു തിരഞ്ഞെടുക്കുന്ന വാഹനം സംബന്ധിച്ചും രണ്ടുവട്ടം ആലോചന വേണം. ശരീരത്തിന്റെ അവശതകളെ വർധിപ്പിക്കുന്ന വാഹനം ഒരിക്കലും തിരഞ്ഞെടുക്കരുത്. ട്രെയിൻ, വിമാനം പോലുള്ള പൊതുയാത്രാ മാർഗമാണു തിരഞ്ഞെടുക്കുന്നതെങ്കിൽ സാധിക്കുന്നത്ര മുൻകൂട്ടി ടിക്കറ്റുകൾ റിസർവ് ചെയ്യണം. അതും സൗകര്യപ്രദമായ സീറ്റുകൾ ഉറപ്പാക്കണം. വയോധികർക്കുള്ള ആനുകൂല്യങ്ങൾ അന്വേഷിച്ചു കണ്ടെത്തി പ്രയോജനപ്പെടുത്തണം. ഇതുകൂടാതെ വളരെ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്താൽ പല ഇളവുകളും ലഭിക്കും. പെൻഷൻ പോലുള്ള തുകകൊണ്ട് യാത്ര പ്ലാൻ ചെയ്യുമ്പോൾ ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ സാധിച്ചാൽ സഹായമാവും.
വെറുതെ ചുറ്റിക്കറങ്ങാതെ ജീവിതത്തിൽ വളരെ അടുപ്പവും ഇഷ്ടവുമുള്ളതും മുൻപു ചെലവിട്ടതുമായ സ്ഥലങ്ങളിലേക്കാണു യാത്രയെങ്കിൽ അതു കൂടുതൽ ആസ്വാദ്യകരമാകും. ഉദാഹരണത്തിനു ബാല്യകാലത്തു പഠിച്ചതും വളർന്നതുമായ സ്ഥലം, ആദ്യകാലത്ത് ജോലി ചെയ്ത സ്ഥലം, പഴയ കൂട്ടുകാരുള്ള സ്ഥലം എന്നിങ്ങനെ. ഇവിടങ്ങളിൽ യാത്രാവേളകളിൽ പഴയ സുഹൃത്തുക്കളുടെ സഹായം ലഭിക്കുമെന്നതും ഗുണകരമാണ്.
മനസുണ്ടെങ്കിൽ മാർഗമുണ്ട്
ജീവിതസായന്തനവും മനസുവച്ചാൽ അടിപൊളിയാക്കാം. ആദ്യം മനസിനെ ഒരുക്കുക. ശരീരം തനിയെ പിന്നാലെ വരും. ‘വയോധിക സൗഹൃദമായി’ മാറാനുള്ള ശ്രമത്തിലാണ് എല്ലാ രാജ്യവും ആളുകളും. പ്രായം മാത്രം കൂടിയെങ്കിലും ആരോഗ്യവും കഴിവുമുള്ള മുതിർന്നവരും രാജ്യത്തിന്റെ സമ്പത്ത് തന്നെ. ഈ തിരിച്ചറിവ് ആദ്യം സ്വയം സ്വന്തമാക്കുക. അവശതയെ അവസരമാക്കി മാറ്റി തിരിച്ചുനടക്കാം ചെറുപ്പത്തിലേക്ക്..
സിബി ജോൺ തൂവൽ