ഇക്കിഗായ്
ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുക. അതാണ് അമിതമായ സ്ട്രസിൽ നിന്നും മുക്തമാകാനുള്ള ഒരു മാർഗം. നിഷേധാത്മകമായ ചിന്തകളിൽ നിന്ന് മനസ്സ് മുക്തമാക്കുകയും ചിന്തകളെയും വിചാരങ്ങളെയും അർത്ഥസമ്പൂർണ്ണതയിലേക്ക് നയിക്കുകയും ചെയ്യണമെങ്കിൽ നമുക്ക് വേണ്ടത് ജീവിതത്തിന് അർത്ഥം കണ്ടെത്തുകയും അതിനനുസരിച്ച് ജീവിക്കുകയുമാണ്. എന്താണ് നിനക്ക് ജീവിതത്തിൽ സന്തോഷം നല്കുന്നതെന്ന് കണ്ടെത്തുക അതിലേക്ക് ജീവിതത്തിന്റെ ലക്ഷ്യങ്ങളെ ഉയർത്തിപ്രതിഷ്ഠിക്കുക. ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുമ്പോഴോ അത് മനസിലാക്കപ്പെടാതെ പോകുമ്പോഴോ ആണ് പലപ്പോഴും നാം അത്യധികമായ സമ്മർദ്ദങ്ങൾക്ക് അടിമകളായി മാറുന്നത്.
കെയ്സെൻ
തുടർച്ചയായി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചെറുതായി തുടങ്ങുക. നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കുക. ജീവിതത്തിൽ വിജയിക്കുന്നത് എപ്പോഴും പെട്ടെന്നൊരുസുപ്രഭാതത്തിൽ ആയിരിക്കണമെന്നില്ല. ചെറിയ തുടക്കങ്ങൾ വലിയ വിജയങ്ങൾ നമുക്ക് നേടിത്തരും
ഷിൻ റിൻ- യോക്കു
പ്രകൃതിയുമായി സമരസപ്പെട്ടു ജീവിക്കുക. മനസിലെ സംഘർഷം കുറയ്ക്കാനും ശാന്തമാക്കാനും പ്രകൃതിയിൽ കുറെസമയം ചെലവഴിക്കുക. പ്രാപഞ്ചികമായ പരിസരങ്ങൾ നമ്മുടെ ചിന്തകളെ വെളിച്ചമുള്ളതാക്കുകയും ആന്തിരകസമാധാനം സൃഷ്ടിക്കുകയും ചെയ്യും

വാബി- സാബി
അപൂർണതകളെ ആശ്ലേഷിക്കുക. ജീവിതത്തിന്റെ അപൂർണതകളെയും പരിമിതികളെയും സ്വീകരിക്കുക. ഒന്നും പൂർണമല്ലെന്നും പരിപൂർണത അസാധ്യമാണെന്നും മനസ്സിലാക്കുന്നതാണ് ഇത്.
കിന്റ്സുഗി
തെറ്റുകളെ ഉൾക്കൊള്ളുക. ജീവിതയാത്രയിൽ തെറ്റുകൾ സംഭവിക്കുന്നത് സാധാരണമാണെന്ന് അംഗീകരിക്കുക.
ഗാമൻ
ക്ഷമയും സഹിഷ്ണുതയുമാണ് ഇത്. ജീവിതത്തിലെ വെല്ലുവിളികൾ നേരിടുമ്പോൾ ക്ഷമയുണ്ടായിരിക്കുന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഗാമൻ വ്യക്തമാക്കിത്തരുന്നു.
സാസെൻ
മുൻവിധികളില്ലാതെ ചിന്തകളെ സ്വീകരിക്കുകയും ധ്യാനം ശീലമാക്കുകയും ചെയ്യുക. പലപ്പോഴും മനസ്സിനെ അസ്വസ്ഥമാക്കുന്നത് മുൻവിധികളാണ്. അത് നമ്മെ അമിതചിന്തകളിലേക്ക് നയിക്കും. എന്നാൽ മുൻവിധികളില്ലാതെയാകുമ്പോൾ ചിന്തകൾക്ക് കൂടുതൽ വ്യക്തത വരും.