ശാരീരികക്ഷമതയോ മസിലുകളുടെ വളർച്ചയോ അല്ല കരുത്തുറ്റ മനുഷ്യന്റെ ലക്ഷണം. അവൻ എത്രത്തോളം മാനസികമായി വിപരീത സാഹചര്യങ്ങളെ നേരിടാനും അവയോട് പ്രത്യുത്തരിക്കാനും തയ്യാറാവുന്നുണ്ട് എന്നതും തന്നിൽതന്നെ എത്രത്തോളം ആത്മവിശ്വാസമുള്ളവനുമാണ് എന്നതാണ്. തീരെ ചെറിയ പരാജയങ്ങളുടെയോ അഭിപ്രായഭിന്നതകളുടെയോ കുറ്റപ്പെടുത്തലുകളുടെയോ പേരിൽ പോലും മനസ് തകർന്നിരിക്കുന്ന പലരുമുണ്ട്. പുറമേയ്ക്ക് നോക്കുമ്പോൾ ആരോഗ്യപ്രകൃതികളായിരിക്കും. പക്ഷേ അവരുടെ മനസ് അശക്തങ്ങളാണ്. മാനസികമായി കരുത്തുള്ള മനുഷ്യരെ രൂപം കൊണ്ടല്ല വാക്കുകൾ കൊണ്ടും മനോഭാവം കൊണ്ടും തിരിച്ചറിയാൻ കഴിയുമെന്ന് മന:ശാസ്ത്രം.
‘ഇതിന് ഞാൻ മതി’ യെന്ന് ചിലർ പറഞ്ഞുകേട്ടിട്ടില്ലേ. അഹങ്കാരപ്രകടനമല്ലേ ആത്മവിശ്വാസക്കൂടുതലല്ലേ എന്നെല്ലാം നമുക്ക് തോന്നിയേക്കാം. എന്നാൽ അതിനെല്ലാം അപ്പുറമായി തങ്ങളുടെ കഴിവിൽ ആത്മവിശ്വാസമുള്ളവരാണ് എന്നതിന്റെ സൂചനയാണ് ആ വാക്കുകൾ. എന്തു സംഭവിച്ചാലും അവയെയെല്ലാം നേരിടാൻ തക്ക ചങ്കൂറ്റം അവർക്കുണ്ട്. പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാതെ അവർ തങ്ങളിൽ വിശ്വസിക്കുന്നു, തനിക്ക് ഇതു ചെയ്യാൻ കഴിയുമെന്ന ഉറപ്പും അവർക്കുണ്ട്. വെല്ലുവിളികൾ ധൈര്യപൂർവ്വം ഏറ്റെടുക്കുന്നു.
ഏതുപ്രശ്നം വന്നാലും കൂളായി നേരിടുന്നവരുണ്ട്.. ഇതൊക്കെ എന്ത് എന്ന മട്ടിൽ നെഞ്ചുവിരിച്ചുനില്ക്കുന്നവർ. തീരെ ചെറിയ പ്രശ്നങ്ങൾക്കുമുമ്പിൽ പോലും തളർന്നുപോകുന്നവർക്കിടയിൽ പ്രശ്നങ്ങൾക്കു മുമ്പിൽ മലപോലെ നിവർന്നുനില്ക്കുന്നവരാണ് ഇക്കൂട്ടർ. വിഷമകരമായ സാഹചര്യങ്ങളിൽ ശാന്തത പാലിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുന്നതിലൂടെ തങ്ങളുടെ മനസ്സിന്റെ കരുത്തുതന്നെയാണ് അവർ പ്രകടമാക്കുന്നത്.
ജീവിതത്തിലുണ്ടാകുന്ന ദുഷ്‌ക്കരമായ അനുഭവങ്ങളും പ്രശ്നങ്ങളും സ്ഥിരമായി നില്ക്കുന്നവയല്ല എന്ന് മനസിലാക്കാനുള്ള ബോധം അവർക്കുണ്ട്. പ്രളയം ഉണ്ടാകാറുണ്ട് എന്നതു ശരി തന്നെ. പക്ഷേ പ്രളയജലം ഒഴുകിപ്പോകാറുണ്ടല്ലോ. അതുപോലെ പ്രശ്നങ്ങൾ വന്നാലും അവയൊന്നും ശാശ്വതമായി നില്ക്കുന്നവയോ പരിഹാരമില്ലാത്തവയോ അല്ലെന്ന തിരിച്ചറിവാണ് ഇതും കടന്നുപോകുംഎന്ന മട്ടിൽ പെരുമാറാൻ അവരെ സഹായിക്കുന്നത്.
മാനസികമായി കരുത്തില്ലാത്തവർക്ക് ഇതു സാധിക്കാറില്ല. ഇടിമുഴക്കം കേട്ടാലും ലോകാവസാനമായി എന്ന് അവർ വിലപിക്കുകയും പരിഭ്രാന്തരാവുകയും ചെയ്യും. ക്രിയാത്മകമായ ഒരു മൈൻഡ് സെറ്റ് സ്വന്തമായുള്ളവരാണ് അവർ. തെറ്റുകൾ സംഭവിക്കാത്തവരോ പരാജയം നേരിടാത്തവരോ അല്ല ഇക്കൂട്ടർ. പക്ഷേ അതേക്കുറിച്ചോർത്ത് മനസ് പുണ്ണാക്കാതെ മുൻകാല തെറ്റുകളിൽ നിന്ന് പാഠം പഠിച്ചും തിരുത്തിയും മുന്നോട്ടുപോകാൻ അവർക്കു കഴിവുണ്ട്. മറ്റുള്ളവരുടെ മേൽ അകാരണമായ കുറ്റാരോപണങ്ങൾ നടത്തി സ്വസ്ഥമാകാൻ ശ്രമിക്കുന്നവരോ എന്തിന്റെയും നെഗറ്റീവ് വശം കാണുകയോ ഇവർ ചെയ്യുന്നില്ല. സംഭവിച്ചപോയവയുടെയും പ്രതികരണങ്ങളുടെയും ഉത്തരവാദിത്വം അവർ സ്വയം ഏറ്റെടുക്കുന്നു. പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും ഒന്നുപോലെ സാധിക്കുന്നത് മനസിന്റെ കരുത്താണ് വ്യക്തമാക്കുന്നത്. തനിക്ക് അറിയില്ലാത്തതും തനിക്ക് ആവശ്യമുള്ളതുമായ സന്ദർഭങ്ങളിൽ മറ്റുള്ളവരോട് സഹായം ചോദിക്കുന്നതിൽ ഇവർക്ക് മടിയോ ലജ്ജയോ ഇല്ല. സന്ദർഭത്തിനനുസരിച്ച് സഹായം ചോദിക്കുന്നത് വൈകാരികപക്വതയുടെയും ശക്തിയുടെയും അടയാളമാണ്.
സഹായം ചോദിക്കുന്നതുപോലെ തന്നെ ക്ഷമ ചോദിക്കാനും അവർക്ക് മടിയില്ല.തങ്ങൾക്ക് തെറ്റുപറ്റിയെന്നും തങ്ങൾ തെറ്റുകൾക്ക് അതീതരല്ലെന്നുമുള്ള തിരിച്ചറിവാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്.
ജീവിതത്തോടു പോസിറ്റീവ് കാഴ്ചപ്പാടുകളുളള ഏതൊരു വ്യക്തിയും മാനസികമായി കരുത്തുള്ളവരാണ്. ചിലപ്പോൾ നമുക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടാവാം സാമ്പത്തികബാധ്യതകൾ വർദ്ധിച്ചിട്ടുണ്ടാവാം, പ്രിയപ്പെട്ടവർ നഷ്ടമായിട്ടുണ്ടാവാം. ഇതിനെയെല്ലാം യാഥാർഥ്യബോധത്തോടെ സമീപിക്കുകയും തിരിച്ചെടുക്കാനും നേരിടാനും കഴിയുന്ന വിഷയങ്ങളെ ധൈര്യപൂർവ്വം അഭിമുഖീകരിക്കുകയുമാണ് വേണ്ടത്. അതിനു പകരം മനസ് തളർന്നും തകർന്നും ജീവിക്കുന്നത് ഭാവിജീവിതത്തിന്റെ സ്വപ്നങ്ങളെയും വർണ്ണങ്ങളെയും ഇല്ലാതാക്കിക്കളയുന്നതിന് തുല്യമാണ്. മനസ് കരുത്തുള്ളതാക്കൂ, ജീവിതം കൂളാകും.