ചങ്ങാത്തം കൂടാൻ വാ…

Date:

കൂട്ടുകൂടാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? മനശാസ്ത്രജ്ഞന്മാരുടെ ഭാഷയിൽ കൂട്ട് മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു ആവശ്യമാണ്. “An Existential Need’. കൂട്ടിനെക്കുറിച്ച് കേട്ടതിൽ വച്ച് ഹൃദയഹാരിയായ നിർവചനം ആംഗലേയ സാഹിത്യകാരനായ അലൻ അലക്‌സാണ്ടർ മിൽനയുടേതാണ്. ”പ്രിയ സുഹൃത്തേ, നീ 100 വർഷം ജീവിച്ചിരിക്കുമെങ്കിൽ എനിക്ക് അതിൽ കുറച്ചു ഒരു ദിവസം മതി കാരണം നീയില്ലാത്ത ഈ ലോകത്ത് ഒരു നിമിഷം പോലും എനിക്ക് ജീവിക്കേണ്ടെന്ന്” സത്യത്തിൽ നമ്മളെ നമ്മളായി നിലനിർത്തുന്നതും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും ഇത്തരം ചില കൂട്ടുകെട്ടുകളാണ്. നാസി കോൺസെൻട്രേഷൻ ക്യാമ്പിനെ അതിജീവിച്ച ഒരു മനുഷ്യന്റെ മനോഹരമായ ജീവിതത്തെ അവതരിപ്പിക്കുന്ന പുസ്തകമാണ് എഡ്ഢി  ജാക്കു രചിച്ച  ‘ലോകത്തിൽ ഏറ്റവും സന്തോഷവാനായ മനുഷ്യൻ’ ആത്മകഥാപരമായ പ്രസ്തുത ഗ്രന്ഥത്തിൽ അതിജീവനത്തിന്റെ രഹസ്യമായി അദ്ദേഹം കുറിച്ചിടുന്നത് ‘കൂട്ടാണ്’. സൗഹൃദങ്ങൾ ഇല്ലെങ്കിൽ മനുഷ്യജീവിതം തന്നെ ഒരു നഷ്ടമാണ്. നിങ്ങൾ ജീവിച്ചിരിക്കുന്നുവെന്ന് നിങ്ങളെത്തന്നെ ഓർമിപ്പിക്കുന്ന ആളാണ് ഒരു സുഹൃത്ത്. ആത്മാവിനുള്ള ഏറ്റവും നല്ല മരുന്നാണ് സൗഹൃദം എന്ന് സംഗ്രഹിക്കുന്നിടത്താണ് ഈ ഗ്രന്ഥം ഹൃദയങ്ങളെ തൊടുന്നത്.

ഇത്രയധികം പാവനമായ, പവിത്രമായ ഈ പദം തെറ്റിദ്ധാരണകളുടെ ചട്ടക്കൂടുകളിൽ കിടന്ന് ശ്വാസം മുട്ടുകയാണ്. ചിലരെങ്കിലും കൂട്ടിനെ നിർണയിക്കുന്നതും നിർവചിക്കുന്നതു മൊക്കെ ജാതി മത വർണ്ണ വർഗ്ഗ ലിംഗ ഭേദങ്ങൾ അനുസരിച്ചാണ്.  അതിനപ്പുറം ഉള്ളതെല്ലാം അവർക്ക് കൂട്ടുകെട്ടുകൾ അല്ല മറിച്ച് കൂട്ടുവെട്ടുകളാണ്. ഇനിയും ചിലർക്ക് കൂട്ട് എന്നത് തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിവർത്തിക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ്. ദൗർഭാഗ്യം എന്ന് പറയട്ടെ ഇത്തരക്കാരുടെ എണ്ണം നമ്മുടെ സമൂഹത്തിൽ ഇന്ന് പെരുകിക്കൊണ്ടിരിക്കുകയാണ്. കൂട്ടിനെ കുറിച്ചുള്ള ഇത്തരം ചില ധാരണകളും തെറ്റിദ്ധാരണകളുംമൊക്കെ പൊളിച്ച് എഴുതപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

അടുത്തുള്ളതും അകലെ ഇല്ലാത്തതും അല്ല കൂട്ട് ആഴത്തിലുള്ളതാണ്   കൂട്ട്. കാലത്തിനും ദേശത്തിനും ഭാഷയ്ക്കും അപ്പുറം നിലനിൽക്കുന്നതാണ് കൂട്ട്. അകവും പുറവും അറിഞ്ഞിട്ടും വിട്ടുപിരിയാത്തതാണ് കൂട്ട്. ആഗ്രഹങ്ങളുടെ ആകാശത്തിന്റെ താക്കോൽ ദ്വാരമാണ് കൂട്ട്. സന്തോഷത്തിന്റെയും സന്താപത്തിന്റെയും കാവൽക്കാരനാണ് കൂട്ട്. വേനലും വർഷവും ശിശിരവും വസന്തവും എന്നിങ്ങനെ ഋതുഭേദങ്ങളുണ്ട് കൂട്ടിന്. സ്‌നേഹത്തിന്റെയും നന്മയുടെയും കാരുണ്യത്തിന്റെയും വിശ്വസ്തതയുടെയുംമൊക്കെ വർണ്ണങ്ങൾ ഉണ്ട് കൂട്ടിന്. ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത ഒരുപിടി കഥകളുണ്ട് കൂട്ടിന്.

പ്രിയ കൂട്ടുകാരാ, നിന്റെ സങ്കടങ്ങളൊക്കെ കലമ്പാതെ കേട്ടിരിക്കുന്ന,   താളബോധമില്ലാത്ത പാട്ടിന് കൈ തട്ടുന്ന, പൊട്ട തമാശകൾക്ക് ആർത്തു ചിരിക്കുന്ന, കുറവുകളെ നിന്നോട് മാത്രം മന്ത്രിക്കുകയും നന്മകളെ ലോകത്തോട് വിളിച്ചു കൂവുകയും ചെയ്യുന്ന, ഭാവഭേദങ്ങളെ നിന്നെക്കാൾ നന്നായി അറിയാവുന്ന, തിരക്കിനിടയിലും നിനക്ക് വേണ്ടി സമയം കണ്ടെത്തുന്ന, കുമ്പസാരം കണക്കെ ഒരു കൂട്ട് നിനക്കുണ്ടെങ്കിൽ നിങ്ങൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ്. സ്ഫടിക പാത്രങ്ങൾ പൊതിയുന്ന കാർട്ടൺ ബോക്‌സുകളുടെ ഒക്കെ പുറത്ത് ഇങ്ങനെ എഴുതി കാണാറുണ്ട് “Handle with care’. ഇത്തരം കൂട്ടുകെട്ടുകളെ അതീവ ശ്രദ്ധയും പരിചരണവും നൽകി വളർത്താം. നമ്മുടെ ജാഗ്രതക്കുറവ് മൂലം കളിപ്പാട്ടം നഷ്ടപ്പെട്ട കൊച്ചുകുഞ്ഞിനെപ്പോലെ ആകാതിരിക്കട്ടെ നമ്മുടെ കൂട്ടുകളൊക്കെ. മനോഹരമായ കളിപ്പാട്ടങ്ങൾ നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് പലപ്പോഴും കുഞ്ഞുങ്ങൾക്ക് അതിന്റെ വില മനസ്സിലാകുന്നത്. പകരം കൂടുമ്പോൾ ഇമ്പമുള്ള കൂട്ടുകെട്ടുകളുടെ ഒരിടമായി നമ്മുടെ ഈ ലോകം മാറട്ടെ. ഹൃദയങ്ങൾ പരസ്പരം സംസാരിക്കട്ടെ.

ജെമിൻ ജെയിംസ്

More like this
Related

ശ്ശോ.. പ്രായം ചെന്നാൽ ഇങ്ങനെയാവുമോ?

ആത്മീയകാര്യങ്ങളിൽ വ്യാപൃതയും പരോപകാരിയും സേവനസന്നദ്ധയുമാണ് അന്നാമ്മചേടത്തി. പെട്ടെന്നൊരു ദിവസം മുതൽ ആൾക്ക്...

ഓർമ്മകളുടെ പൂട്ട്

ഒരാൾ ജീവിച്ചിരിക്കുന്നുവെന്നതിന്റെ അടയാളമാണ് ആ ഓർമ്മകൾ. അയാളുടെ അസ്തിത്വത്തിന്റെ ഭാഗം. ശരിയാണ്...

അർത്ഥം

അർത്ഥമുണ്ട്, നാനാർത്ഥവും. അതായത് ചില വാക്കുകൾക്ക് ഒറ്റ അർത്ഥം മാത്രമേയുള്ളൂ. വേറെ...

പ്രണയമരണം 

ഒടുവിൽ അവർ തീരുമാനിച്ചു 'എങ്കിൽ പിന്നെ നമുക്ക് പിരിയാം. അതിനു മുൻപ്...

തിരികെ വരുന്ന യാത്രകൾ

തിരികെ വരാതെ അവസാനിക്കാത്ത യാത്രകളില്ല. അവസാനമെന്നുറപ്പിച്ചു വിട പറഞ്ഞിറങ്ങുമ്പോഴും, ഒരിക്കലെങ്കിലും തിരികെയൊന്നു...

സ്‌നേഹപൂർവം ദേശത്തോട്

ഈ അടുത്ത ദിവസമാണ്. അമൃത്സറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വാഗാ...

നിറം മങ്ങിയ കമ്പിളി പുതപ്പ്

കുന്നിൻചെരിവിൽ നിറ പൗർണ്ണമി പോലെ ഉദിച്ചു നിന്ന അസാധാരണമായ ഒരു നക്ഷത്രം...

കൊറോണ എന്നപുതിയ പാഠം!

(ഒരു അധ്യാപകന്റെ വിചിന്തനം) കാലം! അത് നമുക്കായി എന്തൊക്കെ കരുതി വയ്ക്കുന്നു എന്ന്...

‘ഷീ ഈസ് ഡിഫറന്റ ്’

വരാപ്പുഴ അതിരൂപതാധ്യക്ഷനായിരുന്ന ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ സിസ്റ്റർ സുജാത എസ് ഡി...

സമാധാനത്തിന്റെ വർണ്ണങ്ങളുമായി…

പ്രണയം പകയായി മാറുകയും സ്നേഹത്തിന് പകരം വിദ്വേഷം വളർന്നുവരികയും ചെയ്യുന്ന ഒരു...
error: Content is protected !!