ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

Date:

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു നാം ഭദ്രമായി കൂടെ കൊണ്ടുനടക്കുന്ന പല ബന്ധങ്ങളും കരുതുന്നതുപോലെ അത്ര വിലപ്പെട്ടവയാണോ? നാം അവയെ വിലമതിക്കുന്നുണ്ട്. പൊന്നുപോലെ സ്നേഹിക്കുന്നുമുണ്ട്. പക്ഷേ നാം വിലമതിക്കുന്നതുപോലെ അവർ നമ്മെ വിലമതിക്കുന്നുണ്ടോ? ഇല്ല എന്നാണ് അനുഭവം വ്യക്തമാക്കിയിരുന്നതെങ്കിൽ മടിക്കരുത്, ഇനിയും ആ ബന്ധങ്ങളെ ചുമന്നു നടക്കേണ്ടതില്ല.

സ്നേഹിച്ചുപോയതിന്റെ  പേരിൽ സ്വയം വേദനിക്കാതിരിക്കാനാണ് ഇതുപറയുന്നത്. സ്നേഹിക്കുമ്പോൾ നാം ആ വ്യക്തിയെ വിശ്വസിക്കും… ആദരിക്കും. നമ്മുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ചേർന്നുനില്ക്കാൻ കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കും. ഒരു സങ്കടം വരുമ്പോൾ അണച്ചുപിടിക്കാൻ  ആ  ആൾ  ഉണ്ടാവുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. സന്തോഷം വരുമ്പോൾ ആദ്യം പങ്കുവയ്ക്കുന്നതും അയാളോടുതന്നെയായിരിക്കും. എന്നാൽ അവയൊക്കെയും നമ്മുടെ മാത്രം പ്രതീക്ഷകളായിരിക്കും. ഒരു സങ്കടത്തിലും അവർ കൂടെയുണ്ടായിരുന്നില്ല. ഒരു സന്തോഷത്തിലും അവർ നമുക്കൊപ്പം പങ്കെടുത്തിരുന്നില്ല.  അവർക്ക് നാം കൊടുത്ത സ്ഥാനം അവരൊരിക്കലും നമുക്ക് നല്കിയിരുന്നില്ല. അവർക്ക് നാം മറ്റാരോ ആയിരുന്നു. അവരുടേതല്ലാത്ത ആരോ ഒരാൾ. അത്രയധികം ഗൗനിക്കാത്ത, പ്രത്യേകമായി പരിഗണിക്കപ്പെടേണ്ടാത്ത ഒരാൾ. ചില നേരങ്ങളിൽ മാത്രം നമ്മെ ആവശ്യമുളള ഒരാൾ. നാം തേടിച്ചെന്നതുകൊണ്ടുമാത്രം നമ്മെ മാനിച്ചവർ. നാം ഓർമ്മിച്ചതുകൊണ്ടുമാത്രം നമ്മെ ഓർമ്മിച്ചവർ. നാം ഫോൺ വിളിച്ചതുകൊണ്ടുമാത്രം നമ്മോട് സംസാരിച്ചവർ. നാം ആവശ്യപ്പെട്ടതുകൊണ്ടു മാത്രം കൂടെ നടന്നവർ. ഒരിക്കലും നാം ചോദിക്കാതെയൊന്നും തരാത്തവർ. അവർക്ക് നമ്മുടെ സൗഹൃദമോ സ്നേഹമോ സാന്നിധ്യമോ ഒന്നും ആവശ്യമുണ്ടായിരുന്നില്ല. അതു മനസ്സിലാക്കിക്കഴിഞ്ഞാൽ ഇനിയും അത്തരം ബന്ധങ്ങളിൽ കുടുങ്ങി മനസ്സും വിശ്വാസവും അർപ്പിച്ചുജീവിക്കുന്നത് നമ്മെ വിഡ്ഢികളാക്കും.  അതുകൊണ്ടാണ് പറയുന്നത് അത്തരം ബന്ധങ്ങളിൽ നിന്ന് ഇനിയെങ്കിലും കുതറിയോടണമെന്ന്. അത് നാം നമ്മോടുതന്നെ കാണിക്കുന്ന അഭിമാനമാണ്. നമ്മുടെതന്നെ ആത്മാഭിമാനത്തിന് നല്കുന്ന സംരക്ഷണവും സുരക്ഷിതത്വവുമാണ്. സ്വയം വേദനിക്കാതിരിക്കാനും സ്വയം അപമാനിതരാകാതിരിക്കാനും അതുകൂടിയേ തീരൂ.

എന്റെ സന്തോഷങ്ങളിലും എന്റെ സന്താപങ്ങളിലും നീ ഒരിക്കലും കൂടെയുണ്ടായിരുന്നില്ലെന്ന് വൈകിമാത്രം ഞാൻ തിരിച്ചറിയുന്നു. ഒരു പക്ഷേ അതിനു നിനക്കു നല്കാൻ ന്യായീകരണങ്ങളുണ്ടാവാം. എന്നാൽ ആ ന്യായീകരണങ്ങളെല്ലാം എന്റെ ഭാഗത്തുനിന്നു നോക്കുമ്പോൾ  അന്യായങ്ങളായിത്തോന്നുന്നു.

ഒന്നിനും കൂടെയില്ലാതെ, ഒരിക്കൽ പോലും എന്നെ തേടിവരാതെ നീയെന്നും നീയായി നിലകൊണ്ടു. എല്ലാവരോടും ഒരുപോലെ സ്നേഹിക്കാൻ കഴിയാത്തതുകൊണ്ട് മറ്റെല്ലാവരെയുംകാൾ കൂടുതലായി ഞാൻ നിന്നെ സ്നേഹിച്ചു. പക്ഷേ ആ സ്നേഹം നിനക്കാവശ്യമായിരുന്നില്ല. ഒരു തരത്തിലും നിനക്കു വേണ്ടാതെ പോയ സ്നേഹവുമായി ഞാനെന്തിന് ഇനിയും നിനക്കുപിന്നാലെ അലയണം? കൈകാണിച്ചിട്ടും നിർത്താതെ ഓടിച്ചുപോയ വണ്ടിക്കുപിന്നാലെയുള്ള ഓട്ടം ഞാനിതാ ഇവിടെ അവസാനിപ്പിക്കുന്നു.

More like this
Related

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ'' എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ...

പരസ്പരം തേടുന്നത്..

ഏതൊക്കെയോ തരത്തിൽ പലതരം ബന്ധങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നവരാണ് മനുഷ്യർ. പല വിഭാഗം ബന്ധങ്ങളുടെ...

പലതരം സുഹൃത്തുക്കൾ

സുഹൃത്ത് വിലയുളളവനാണ്. അതോടൊപ്പം സുഹൃത്തിനെ വിലയുള്ളവനായും കാണണം. എന്നാൽ സുഹൃത്ത് എന്ന...

ഇങ്ങനെ ചീത്ത സുഹൃത്താകാം

രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവില്ലാതിരിക്കുക  സുഹൃത്തുക്കൾ പരസ്പരം വിശ്വസിക്കാൻ കൊള്ളാവുന്നവരാകണം. പുറംലോകത്തിന് അറിയാത്ത പല കാര്യങ്ങളും...

എങ്ങനെ നല്ല സുഹൃത്താകാം?

ഒരു നല്ല സുഹൃത്താകാൻ ആഗ്രഹമുണ്ടോ? ഇതാ ചില മാർഗ്ഗങ്ങൾ നിങ്ങളെ ഫോൺ ചെയ്തോ...
error: Content is protected !!