നന്മ

Date:

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ  ചികിത്സയ്ക്കാവശ്യമായ സാമ്പത്തികസഹായം അഭ്യർഥിച്ചുകൊണ്ടാണ് അയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്. ആ കുറിപ്പ് എങ്ങനെയോ വളരെ യാദൃച്ഛികമായി ഗൾഫിലുള്ള ഒരാൾ കാണുന്നു. എഴുതിയ ആളും വായിച്ച ആളും തമ്മിൽ അതുവരെ യാതൊരു മുൻപരിചയവുമില്ല. എന്നിട്ടും ആ കുറിപ്പിലെ സത്യസന്ധതയും എമർജൻസിയും ഹൃദയത്തിൽ തൊട്ടതുകൊണ്ടാവും ഗൾഫുകാരൻ സുഹൃത്തുമായി ബന്ധപ്പെടുന്നു. സുഹൃത്ത് എഴുതിയ ആവശ്യമുള്ള തുകയുടെ പാതി താൻ തന്നുകൊള്ളാമെന്ന് വാക്കുകൊടുക്കുകയും അത് പാലിക്കുകയും ചെയ്യുന്നു. 

ഇതിലെന്താണ് ഇത്ര അത്ഭുതമെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാവും. കാരണം സഹായസന്നദ്ധരായ ചില വ്യക്തികൾ നമ്മുക്ക് ചുറ്റിനുമുണ്ടല്ലോ. മാത്രവുമല്ല ഗൾഫുകാരനല്ലേ ആവശ്യത്തിന് പണം കൈയിൽ കാണുകയും ചെയ്യും.ഇങ്ങനെയിയിരിക്കും പലരുടെയും ചിന്ത. പക്ഷേ ബാക്കി കൂടി കേൾക്കൂ. ഭാര്യയും നാലു പെൺമക്കളുമുള്ള, വാടകവീട്ടിൽ ജീവിക്കുന്ന,  ഭാര്യയെയും മക്കളെയും ഗൾഫിലേക്ക് കൊണ്ടുവരാൻ പോലും കഴിയാത്തത്രവിധത്തിലുള്ള സാമ്പത്തികപ്രശ്നങ്ങളും മറ്റ് ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന വ്യക്തിയാണ് ഈ ഗൾഫുകാരൻ എന്നുകൂടി അറിയുമ്പോഴേ അയാൾ പങ്കുവച്ച ഈ തുകയുടെ വലുപ്പവും അയാളുടെ മനസ്സിന്റെ നന്മയും നമുക്ക് മനസ്സിലാവുകയുള്ളൂ. തീർന്നില്ല, സഹായം അർഹിക്കുന്ന ആ വ്യക്തിക്കുമുണ്ട് ഗൾഫിലുള്ള ഒരു സഹോദരൻ. അയാൾ സകുടുംബം അവിടെയാണ് താമസം.പക്ഷേ സഹോദരന്റെയോ കുടുംബത്തിന്റെയോ ആവശ്യങ്ങൾക്ക് തീരെ ചെറിയ സഹായം പോലും അയാൾ നല്കാറില്ല. സഹായിക്കാൻ  കടപ്പെട്ടിരിക്കുന്ന വ്യക്തി അതിൽ നിന്ന് ഒഴിഞ്ഞുനില്ക്കുകയും സഹായിക്കാൻ യാതൊരുവിധ കടമയോ സാഹചര്യമോ ഇല്ലാത്ത വ്യക്തി അതിന് സന്നദ്ധനാവുകയും ചെയ്യുന്നു. ഇതൊക്കെയാണ് വിരോധാഭാസം. 

ഈ ലോകത്ത് മഴയും മഞ്ഞും വെയിലും നിലാവും വെളിച്ചവും ഒക്കെ ഉണ്ടാകുന്നതും അവശേഷിക്കുന്നതും മേൽപ്പറഞ്ഞതുപോലെയുള്ള ചില  മനുഷ്യരുടെ നന്മകൊണ്ടും അവർ കൈമാറുന്ന സുഗന്ധംകൊണ്ടുമായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മനുഷ്യനെന്ന പദത്തിനു പോലും വില കുറയ്ക്കുന്ന മനുഷ്യർ അവിടവിടെയായി ഉള്ളപ്പോൾ മനുഷ്യൻ എന്ന വിസ്മയത്തിന് എന്തൊരു പ്രകാശമാണെന്നാണ് ഈ മനുഷ്യൻ തെളിയിക്കുന്നത്.  കൈയിൽ സാമ്പത്തികമുള്ളവരല്ല കൈയിൽ നീക്കിയിരിപ്പ് ഇല്ലാത്തവരാണ്  മറ്റുള്ളവരെ കൂടുതൽ സഹായിക്കുന്നത്. അർഹിക്കുന്നതുപോലും കൊടുക്കാൻ മടിക്കുന്നവരും എന്നാൽ വാക്കുകളിൽ ഉദാരരായി പെരുമാറുന്നവർക്കും ഇടയിലാണ് വാക്കു പ്രവൃത്തിയാക്കി മാറ്റുന്നവർ നമുക്ക് അത്ഭുതവും വിസ്മയവുമായിമാറുന്നത്. പലപ്പോഴും ജീവിതത്തിലെ നിസഹായാവസ്ഥകളിൽ നമ്മെ സഹായിക്കാനുണ്ടാവുക രക്തബന്ധത്തിൽ പെട്ടവരായിരിക്കണമെന്നില്ല ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തവരും നമുക്ക് അജ്ഞാതരുമായവരുമായിരിക്കും.  അങ്ങനെയാണ്  രക്തബന്ധങ്ങളെക്കാൾ ഹൃദയബന്ധങ്ങൾ അമൂല്യമായി മാറുന്നത്. വിശുദ്ധരെ മധ്യസ്ഥൻ എന്ന് വിശേഷിപ്പിക്കുന്ന പാരമ്പര്യം ക്രൈസ്തവമതവിശ്വാസത്തിലുണ്ട്. ദൈവത്തിനു മുമ്പിൽ മനുഷ്യരുടെ ആവശ്യങ്ങൾ ഉണർത്തിച്ച് അത് സാധിച്ചുകൊടുക്കുന്നവരത്രെ വിശുദ്ധർ. മധ്യസ്ഥർ, മറ്റൊരാളുടെ ആവശ്യങ്ങൾക്കുവേണ്ടി മൂന്നാമതൊരാളുടെ മുമ്പിൽ കൈനീട്ടുന്നവർ മധ്യസ്ഥരാണ്,അതുകൊണ്ടുതന്നെ വിശുദ്ധരും. ഈ ലോകം എത്ര നല്ലതാണ് അല്ലേ; മനുഷ്യരും?

More like this
Related

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ്...

അപമാനം

ഒരു നടൻ അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കഴിഞ്ഞ മാസങ്ങളിൽ...

തുറന്നിടുക

മഴ പെയ്തുകൊണ്ടിരുന്നപ്പോൾ മുറിയുടെ ജനാലകൾ അടച്ചുപൂട്ടിയിരുന്നു. മഴ തുടർന്നുകൊണ്ടേയിരുന്നപ്പോൾ ജനാലകൾ എല്ലാം...

പ്രതിഫലം

ഫലം ആഗ്രഹിച്ചുചെയ്യുന്ന പ്രവൃത്തിക്കുള്ള വേതനമാണ് പ്രതിഫലം. അതു കേവലം പണം മാത്രമായിരിക്കണമെന്നില്ല....

നിലനില്പ്

തുടങ്ങിവയ്ക്കാൻ താരതമ്യേന എളുപ്പമാണ്. പക്ഷേ അത് നിലനിർത്തിക്കൊണ്ടുപോവുക എന്നതാണ് ദുഷ്‌ക്കരം. നിരവധി...

സൗന്ദര്യം

എന്താണ് സൗന്ദര്യം? കൃത്യമായി നിർവചിക്കുന്നതിൽ പരാജയപ്പെട്ടുപോകുന്ന ഒന്നല്ലേ സൗന്ദര്യം. അല്ലെങ്കിൽ  പറയൂ...

പരിഹാസം

ഒരാളെ ഏറ്റവും നിരായുധനാക്കാൻ കഴിയുന്നത് എങ്ങനെയാണ്? നിസ്സഹായനാക്കി മാറ്റി ചോരയൂറ്റി വീഴ്ത്താൻ...

നന്ദി

ജീവിതത്തിലെ സന്തോഷങ്ങളും സമാധാനവും നിശ്ചയിക്കാൻ കഴിയുന്ന മാനദണ്ഡം എന്തായിരിക്കും? ഭൗതികമായ സമൃദ്ധിയോ...

രഹസ്യം

പരസ്യമാകാത്ത ഒരു രഹസ്യവുമില്ല. രഹസ്യമെന്നത് പരസ്യവും കൂടിയാണ്. ഒരുപക്ഷേ നമ്മെക്കുറിച്ച് പരസ്യമായ...

മൃത്യുയോഗം

പെട്ടെന്നൊരു ദിവസം രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രിയപ്പെട്ട ഒരാളുടെ രോഗവിവരത്തെക്കുറിച്ച്,...

തീരുമാനം

തീരുമാനമെടുക്കൽ ഒരു കലയാണ്. ഒരാൾ ഒരു തീരുമാനമെടുക്കുമ്പോൾ അതിന്റെ നന്മയും തിന്മയും...

കൈ പിടിത്തം

അടുത്തകാലത്ത് കേട്ട വളരെ പ്രോത്സാഹനജനകമായ, പ്രതീക്ഷ നല്കുന്ന വാക്കായിരുന്നു അത്. കൈപിടിക്കും...
error: Content is protected !!