അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും അതിന്റെ തുടർച്ചയായി ഒരു പ്രയോഗവുമുണ്ട്. പച്ചമുറിവ്. (ലേഖനം വായിച്ചു അനുഭവിക്കേണ്ടതിനാൽ അതേക്കുറിച്ചുള്ള വിവരണങ്ങൾ ഈ കുറിപ്പിൽ ഒഴിവാക്കുന്നു). ആ മുറിവിനെക്കുറിച്ചാണ് പിന്നീട് ചിന്തിച്ചത് മുഴുവൻ. എത്രയെത്ര മുറിവുകളുമായിട്ടാണ് ഓരോ വ്യക്തികളും ജീവിച്ചുപോരുന്നത്. പുറമേയ്ക്ക് നോക്കുമ്പോൾ ആരും മുറിവുകാണാറില്ല. കാരണം പല മുറിവുകളും നാം മറച്ചാണ് കൊണ്ടുനടക്കുന്നത്. നിക്കറിട്ടു നടന്നിരുന്ന പ്രായത്തിൽ തുടയിൽ ഒരു മുറിവുണ്ടായിരുന്നത് ഓർമ്മിക്കുന്നു. പരു ഉണ്ടായി പഴുത്തുപൊട്ടിയ മുറിവ്. നടന്നുപോകുമ്പോഴോ നില്ക്കുമ്പോഴോ ആരും അതുകാണാറില്ലായിരുന്നു. പക്ഷേ ഇരിക്കുമ്പോൾ ആ മുറിവു കാണപ്പെടുമായിരുന്നു.
ചില മുറിവുകൾ അങ്ങനെയാണ്. അധികമായൊന്നും അവ ആരും അറിയാറില്ല. എന്നാൽ ഏറ്റവും അടുത്തുനില്ക്കുന്നവർ അവ പെട്ടെന്ന് തിരിച്ചറിയുന്നു. എന്നിട്ടും മുറിവില്ലെന്ന ഭാവേനയാണ് നാം ജീവിക്കുന്നത്; മുറിവില്ലാത്തവരെപോലെയും. പല മുറിവുകളും നാം മൂടിക്കെട്ടി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. കാരണം രണ്ടാണ്. മറ്റാരും ആ മുറിവു കാണാതിരിക്കാൻ. സ്വന്തം മുറിവ് മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്താതിരിക്കാൻ. അല്ലെങ്കിലും മറ്റൊരാളുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകളെനോക്കി മുഖംതിരിക്കുന്നവരാണ് പലരും. അതുകാണാൻ ആരും ഇഷ്ടപ്പെടാറില്ല. വ്യക്തിത്വത്തിലുണ്ടാകുന്ന പല പോരായ്മകളും ശീലായ്മകളുമെല്ലാം ഇത്തരത്തിലുള്ള മുറിവുകളാണ്. ഒരു വ്യക്തി എന്തുകൊണ്ട് മോശമായി പെരുമാറുന്നു, ജീവിക്കുന്നു എന്നു ചോദിച്ചാൽ ആ വ്യക്തിയുടെ ജീവിതത്തിലെ മുറിവുകൾ തന്നെയാണ് കാരണമെന്ന് പറയേണ്ടിവരും. ലഭിക്കുന്ന മുറിവുകൾ മറ്റുള്ളവർക്ക് കൈമാറുന്നവരാണ് കൂടുതലും. സ്വയം സൗഖ്യപ്പെടാൻ ശ്രമിക്കുന്നതിലും എളുപ്പമായതുകൊണ്ടാവാം പലരും ആ വഴിയെ തിരിയുന്നത്. ശരീരത്തിലുണ്ടാകുന്ന മുറിവുകൾ മരുന്നുവച്ചു ഭേദപ്പെടുത്താം. പക്ഷേ മനസ്സിനുണ്ടാകുന്ന മുറിവുകളോ? എത്ര ശ്രമിച്ചാലും എത്ര പ്രയത്നിച്ചാലും മനസിലുണ്ടാകുന്ന മുറിവുകൾ ഇടയ്ക്കിടയെങ്കിലും മറനീക്കി പുറത്തുവരും.
ആർക്കും മുറിവുകൊടുക്കാതിരിക്കുക. ആരെയും മുറിപ്പെടുത്താതെയിരിക്കുക. മുറിയപ്പെടാത്ത മനസ്സുമായി ജീവിക്കാൻ കഴിയുന്നതിലും വലിയ ഭാഗ്യം മറ്റൊന്നുണ്ടോ?
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ