പരാതികൾ പറയേണ്ടതാണ്, പല കാര്യങ്ങളെക്കുറിച്ചും പരാതിപറയാൻ നമുക്ക് അവകാശവുമുണ്ട്. എന്നാൽ പരാതിപറച്ചിലിനും വേണ്ടേ ഒരു പരിധി? ചിലരുണ്ട് എപ്പോഴും പരാതിപറയുന്നത് ശീലമാക്കിയിരിക്കുന്നവർ.പരാതിക്കാരുടെ പൊതുസ്വഭാവപ്രത്യേകതകളായി കണ്ടെത്തിയിരിക്കുന്നത് ഇവയാണ്.
എല്ലാം പണ്ടത്തേതിനെക്കാൾ ഇപ്പോൾ മോശമായിരിക്കുന്നു
‘പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല,’ ‘എന്റെ ചെറുപ്പത്തിൽ ഇങ്ങനെയായിരുന്നില്ല’ ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരെ പലപ്പോഴും നാം കണ്ടിട്ടുണ്ട്. പരാതിപറച്ചിലിന്റെ ഒരു രൂപമാണ് ഇത്. പഴയതിനു നന്മകളുണ്ടാവാം. എന്നുകരുതി പുതിയകാലത്തിനും പുതിയ കാലത്തെ മനുഷ്യർക്കും നന്മയില്ലെന്ന് പറയാനാവുമോ?
സഹായകരമായ നിർദ്ദേശങ്ങളോടും പരിഹാരങ്ങളോടുമുള്ള വിമുഖത
നിങ്ങളോടുള്ള താല്പര്യത്തെപ്രതിയോ നന്മ ആഗ്രഹിച്ചോ നല്കുന്ന നിർദ്ദേശങ്ങളെ പൂർണ്ണമായും അവഗണിക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് പരാതിപറച്ചിലുകളുടെ കെട്ടുപാടുകളിൽ ചുറ്റിക്കഴിയാൻ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ്. പരിഹാരമാർഗങ്ങൾ സ്വീകരിച്ചാൽ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം. എന്നാൽ ആ വഴി നിങ്ങൾ സ്വീകരിക്കുന്നില്ല. കാരണം പരാതി പറയുന്നതിലാണ് നിങ്ങൾ സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്നത്.
സന്തോഷകരമായ നിമിഷങ്ങളെ പൂർണ്ണമായും അവഗണിക്കുക
ജീവിതത്തിലെ എല്ലാപ്രയാസകരമായ സംഭവങ്ങളിലും സന്തോഷംകണ്ടെത്താനോ പോസിറ്റീവ് വശം കാണാനോ കഴിഞ്ഞെന്നുവരില്ല.എങ്കിലും ജീവിതത്തിന്റെ നല്ലവശം പൂർണ്ണമായും അവഗണിക്കൽ ശീലമായികൊണ്ടുനടക്കുന്നത് പരാതികളിൽ അഭിരമിക്കുന്ന വ്യക്തിത്വമാണ് നിങ്ങളുടേത് എന്നതിന്റെ തെളിവാണ്. പോസിറ്റീവ് കണ്ടെത്തുന്നതിനെക്കാൾ നെഗറ്റീവ് കണ്ടെത്തുന്നത് സഹജമാണെങ്കിലും എല്ലാത്തിലും നെഗറ്റീവ് കണ്ടെത്തുന്നത് ശരിയല്ല.
പരാതിപറഞ്ഞാലേ കിട്ടൂ
ചിലരുടെ ധാരണ പരാതിപറഞ്ഞാൽ മാത്രമേ അവകാശപ്പെട്ടതുകൂടി കിട്ടൂ എന്നാണ്. അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നതും ഇതും തമ്മിൽ പ്രകടമായ അന്തരമുണ്ട്. ഒരു പ്രത്യേകകാര്യത്തിനുവേണ്ടിയുള്ള ക്യൂവിൽ മറ്റുള്ളഎല്ലാവരും അച്ചടക്കത്തോടെ നില്ക്കുകയാണ് എന്ന് കരുതുക. അപ്പോഴായിരിക്കും അതിന്റെ പിന്നിൽ നിന്ന് ഒരാൾ മാത്രം ബഹളംവയ്ക്കുന്നത്. എത്ര സമയമായി ഇവിടെ നില്ക്കുന്നു നിങ്ങളവിടെ എന്തെടുക്കുകയാണ് എന്ന മട്ടിൽ. കാര്യങ്ങൾ വേണ്ടവിധത്തിലും അതിന്റേതായ രീതിയിൽ സമയമെടുത്തുമാണ് നീങ്ങുന്നതെങ്കിൽ ഇത്തരത്തിലുള്ള ഒച്ചപ്പാടുകൾ അസ്ഥാനത്താണ്.
പരാതിപറച്ചിലുകളെക്കാൾ ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് അഭികാമ്യം. പരാതി പറയുന്നത് അസഹിഷ്ണുതകളിൽ നിന്നാണ്. ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും കാര്യങ്ങൾ നല്ലതുപോലെ നടക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ്. പരാതിപറച്ചിലുകൾ അവസാനിപ്പിച്ച് നിർദ്ദേശങ്ങളിലേക്ക് കടക്കുമ്പോൾ അവിടെ രണ്ടുകൂട്ടരും വളരുകയാണ് ചെയ്യുന്നത്.
പരാതികൾ എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം ജീവിതം സ്വസ്ഥമാകും. ജീവിതത്തിലെ നെഗറ്റീവ് വശങ്ങൾ മാത്രം കാണുന്നവരിലാണ് പരാതി പറയുന്ന ശീലം കുടുതലായുളളത്. ജീവിതത്തിലും ചുറ്റുപാടുകളിലും നെഗറ്റീവ് മാത്രമല്ല പോസിറ്റീവും ഉണ്ട്. അത്തരമൊരു തിരിച്ചറിവുണ്ടാകുന്നതോടെ പരാതിപറയുന്ന ശീലം ക്രമേണ നമ്മിൽ നിന്ന് അപ്രത്യക്ഷമായിക്കൊള്ളും. ബോധപൂർവ്വമായ ശ്രമവും അതിനുണ്ടാവണമെന്നു മാത്രം.
പരാതിപ്പെടുന്നതിനുമുമ്പ്…
ഒരു വിഷയത്തെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ പരാതിപ്പെടുന്നതിന് മുമ്പ് ആ വിഷയത്തെയും വ്യക്തിയെയും പല വീക്ഷണകോണുകളിൽ വിലയിരുത്താൻ ശ്രമിക്കുക. അപ്പോൾ പുതിയൊരു സാധ്യത നമുക്കുതുറന്നുകിട്ടും. പരാതിപറയുന്ന ശീലം അവസാനിപ്പിച്ച് നന്ദി പറയുന്നത് ശീലമാക്കുക.അപ്പോൾ ജീവിതത്തിന്കൂടുതൽ സൗന്ദര്യമുള്ളതായി മനസ്സിലാവും.