പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ. എന്തുകൊണ്ടാണ് ഇങ്ങനെ തുടർച്ചയായി മൂന്നു മണി മുതൽ ഉറങ്ങാൻ കഴിയാത്തത്? ഹോർമോൺ, രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിൽ തുടങ്ങിയ കാരണങ്ങൾ ഉൾപ്പടെ പലതും ഇതിന് പിന്നിലുണ്ടെന്നാണ് വിദഗ്ദരുടെ അഭിപ്രായം. രക്തത്തിൽ പഞ്ചസാരയുടെ അളവു കുറയുന്നത് കോർട്ടിസോൺ, അഡ്രിനാലിൻ തുടങ്ങിയ സമ്മർദ്ദരാസവസ്തുക്കൾ പുറപ്പെടുവിക്കുന്നതും ഈ ഹോർമോണുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് കരളിലുംപേശികളിലും അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെ പ്രകാശനത്തിന് സഹായിക്കുന്നതുമാണ് ഉറക്കം തടസപ്പെടുത്തുന്നത് എന്നാണ് ഒരു നിഗമനം. വിട്ടുമാറാത്ത സമ്മർദ്ദം മൂലം കോർട്ടിസോളിന്റെ അളവ് വർദ്ധിക്കുന്നതും ഉറക്കം ഭംഗപ്പെടുത്തുന്നു. സ്ട്രസ് ഹോർമോൺ എന്നാണ് കോർട്ടിസോൾ വിളിക്കപ്പെടുന്നത്. കോർട്ടിസോൾ അളവ് ഉയരുന്നതു മൂലം ദിവസത്തിലെ ആദ്യ മണിക്കൂറുകളിൽ ഉറക്കം നഷ്ടപ്പെടാമത്രെ. ഹോർമോൺ വ്യതിയാനങ്ങൾ മൂലവും ഉറക്കം നഷ്ടപ്പെടാം. പ്രത്യേകിച്ച് ഇതു വാർദ്ധക്യവുമായി ബന്ധപ്പെട്ടാണ് കണ്ടുവരുന്നത്. ഉറക്കത്തെ നിയന്ത്രിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോൺ പ്രായമാകുമ്പോൾ ചെറിയ അളവിൽ മാത്രമാണ് ചിലരിൽ സൃഷ്ടിക്കപ്പെടുന്നത്. ആർത്തവവിരാമവുമായി ബന്ധപ്പെട്ട ഹോർമോൺ വ്യതിയാനങ്ങളം ഉറക്കത്തിലുളള അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്.
ജീവിതശൈലിയിൽ മാറ്റങ്ങൾവരുത്തുന്നതും അനുയോജ്യവും ഊഷ്മളവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും ഉറക്കപ്രശ്നങ്ങളെ ഒരുപരിധിവരെ നേരിടാൻ സഹായകരമാകും.