വിശപ്പ്

Date:

നേരം വൈകിയതു കൊണ്ടാണ് സ്‌കൂളിലേക്കുള്ള യാത്രയിൽ അന്ന് അവൾ ഒറ്റപ്പെട്ടു പോയത്. കുന്നിൻ ചെരുവിലൂടെയുള്ള ഇടവഴിയിലൂടെ  ഓടിയും കിതച്ചു വീണ്ടുമോടിയും അവൾ അതിവേഗം മുന്നോട്ടു പോയി.  അപ്പോഴാണ് പുറകിൽ ആരോ തന്നെ പിന്തുടരുന്നതായി അവൾക്ക് തോന്നിയത്.  അവൾ തന്റെ ഓട്ടത്തിന്റെ വേഗം കൂട്ടി.  അവൾ പ്രതീക്ഷിച്ചതു പോലെ തന്നെ അയാൾ അവളെ പിന്തുടരുന്നുണ്ടായിരുന്നു . ആ പൊന്തക്കാട്ടിൽ നിന്നും  പെട്ടെന്ന് ആ ആൾരൂപം  അവൾക്കു മുമ്പിലേക്ക് ചാടിവീണു.  വിറയലോടെ നിന്ന  അവളുടെ കയ്യിൽ നിന്നും  തന്റെ കത്തി വീശി അവളുടെ പുസ്തക സഞ്ചി അയാൾ കരസ്ഥമാക്കി.   പിന്നീട് അവൾ പോയന്ന് ഉറപ്പാക്കിയ ശേഷം ഒരു  മരത്തിന്റെ പുറകിൽ  ഇരുന്ന് ആ സഞ്ചിയിൽ നിന്നും ചോറ്റുപാത്രം വലിച്ചെടുത്ത് അതു തുറന്ന് ആർത്തിയോടെ ഭക്ഷിക്കാൻ തുടങ്ങി.  പെട്ടെന്ന് പിന്നിൽ നിന്നും ഒരു ഞെരങ്ങലിന്റെ സ്വരം കേട്ട് അയാൾ തിരിഞ്ഞു നോക്കിയപ്പോൾ അതാ ആ പെൺകുട്ടി… അവൾ അയാളോട് നിർഭയം പറഞ്ഞു ‘ന്റെ  ചോറ്റുപാത്രം എനിക്ക് തിരിച്ചു താ…., അതില്ലാതെ ചെന്നാൽ അമ്മ വഴക്കു പറയും.’ ജാള്യതയോടെ  അയാൾ അത് അവൾക്ക് നേരെ വച്ചു നീട്ടി . അത് വാങ്ങി തിരിച്ച് നടക്കാൻ നേരം അവൾ വീണ്ടും   അയാളോടിങ്ങനെ പറഞ്ഞു, 
‘അല്ല, ഇത്ര കുറച്ചു തിന്നാ എങ്ങനെയാ വിശപ്പു മാറാ…?  നാളെ വരുമ്പോൾ ഞാൻ നിറച്ചു കൊണ്ടുവരാട്ടോ…’  ആ ചാറ്റൽ മഴയത്ത്  അയാളുടെ കണ്ണിൽ നിന്നും പൊഴിഞ്ഞ രണ്ടു തുള്ളി കണ്ണുനീർ ആ പെൺകുട്ടി  കണ്ടുവോ എന്തോ…! സി.വി ബാലകൃഷ്ണന്റെ ‘തോരാ മഴയത്ത്’ എന്ന ചെറുകഥയാണിത്. വിശപ്പ് എന്ന വികാരം  ഒരു മനുഷ്യനെ എത്ര  ക്രൂരനാക്കി മാറ്റുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് കഥാകൃത്ത് ഇതിലൂടെ വരച്ചു കാണിക്കുന്നത്.

ലോകത്ത് മനുഷ്യൻ ചെയ്തുകൂട്ടുന്ന തിന്മകളെ ഏതാണ്ട് രണ്ട് തരത്തിൽ വ്യാഖ്യാനിക്കാമെന്ന് തോന്നുന്നു.  ഒന്ന് വിശപ്പടക്കാൻ വേണ്ടി ഒരു കൂട്ടർ ചെയ്തുകൂട്ടുന്ന അക്രമങ്ങൾ. രണ്ട് വിശപ്പടക്കിയോർ ചെയ്തുകൂട്ടുന്ന ആഭാസങ്ങൾ…. ഏതാണ്ട് നാടൻ ഭാഷയിൽ പറഞ്ഞാൽ തിന്നിട്ട് എല്ലിൽ കുത്തുന്ന അവസ്ഥ. മനുഷ്യന്റെ നീതി ബോധവും ധാർമ്മികതയുമെല്ലാം വിശപ്പ് എന്ന വികാരത്തിന് മുന്നിൽ ഇല്ലാതായി പോകുന്നു എന്നതാണ് സത്യം .

കാറിടിച്ചു  മരിച്ചവന്റെ ചോരയിൽ ചവിട്ടി ജനം നിൽക്കവേ അവന്റെ കീശയിൽ നിന്നും പറന്നു പോയ അഞ്ചു രൂപാ നോട്ടിലായിരുന്നു എന്റെ കണ്ണ് എന്ന അയ്യപ്പന്റെ കവിത അർത്ഥമാക്കുന്നത് ഈ വിശപ്പിന്റെ വികാരം തന്നെയാണ്.  ‘ആ കാശുകൊണ്ടു  ഒരു നേരമെങ്കിലും വയറു നിറച്ച് അത്താഴ മുണ്ണുന്ന തന്റെ കുഞ്ഞുങ്ങൾ….’ എന്നുള്ള കവിയുടെ വിലാപവും ഈ വിശപ്പിന്റെ കഠിന്യത്തെ സൂചിപ്പിക്കുന്നു.അതുകൊണ്ടാണ് ‘വിശപ്പാണ് ഏറ്റവും വലിയ സത്യം’ എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നതും.
ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയിട്ട് ഭക്ഷണം കട്ട മധു എന്ന ചെറുപ്പക്കാരൻ നമ്മുടെ മനസ്സാക്ഷിക്ക് മുമ്പിൽ ഇപ്പോഴും ചോദ്യ ചിഹ്നം പോലെ അവശേഷിക്കുന്നതും ഇക്കാരണത്താലാണ്.

ഈയിടെ പത്രങ്ങളിൽ വന്ന ഹൃദയസ്പർശിയായ ഒരു ചിത്രം ഇങ്ങനെയാണ്: യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന അഭയാർത്ഥി ക്യാമ്പിൽ ഭക്ഷണത്തിനായി കൈ നീട്ടുന്ന കുഞ്ഞുങ്ങളുടെ ചിത്രം. ഒരു പക്ഷേ ആ കുഞ്ഞുങ്ങളുടെ വിശപ്പാണ് യുദ്ധം സൃഷ്ടിക്കുന്ന ഏറ്റവും വലിയ ക്രൂരത എന്ന് തോന്നുന്നു ….
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രകാരം ലോകപട്ടിണി സൂചികയിൽ 125-ാമത്തെ സ്ഥാനമാണ് ഇന്ത്യയുടേത് എന്നറിയുമ്പോൾ നമുക്ക് ഞെട്ടൽ ഉളവാക്കുന്നു . ഈ രാജ്യത്തെ 40 ശതമാനത്തോളം ജനങ്ങൾ പോഷകാംശത്തിന്റെ കുറവുകൾ അനുഭവിക്കുന്നു എന്നുള്ളതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 
ലോകത്തിന്റെ വിശപ്പ് അടക്കുക എന്നുള്ളതാണ് ഒരു മനുഷ്യനെ ചെയ്യാവുന്ന സുകൃതങ്ങളിൽ ഒന്ന്.

ഒരു വശത്ത് ഭക്ഷണത്തിനായി ചിലർ കൈനീട്ടുമ്പോൾ മറുവശത്ത് യാതൊരു പരിഗണനയും കൂടാതെ ഭക്ഷണം നശിപ്പിച്ചു കളയുന്നു എന്നുള്ളതാണ് സങ്കടം.  സന്തോഷ് എച്ചിക്കാനത്തിന്റെ  ‘ബിരിയാണി’ എന്ന ചെറുകഥ വായിക്കാത്തവർ ചുരുക്കമായിരിക്കും. പണിക്ക് വേണ്ടി കലാന്തർ ഹാജ്ജിയുടെ   വീട്ടിൽ എത്തുന്ന ഗോപാൽ യാദവ് എന്ന ഉത്തേരേന്ത്യക്കാരൻ.  എന്താണ് പണി…? ഹാജ്ജിയുടെ കൊച്ചുമോളുടെ കല്യാണത്തിന്റെ ബാക്കി വന്ന ബിരിയാണി കുഴി കുഴിച്ചു മണ്ണിട്ട് മൂടണം.  ബിരിയാണി അരിയുടെ പേര് ബസ്മതി എന്നാണ്. പെട്ടെന്ന് യാദവിന്റെ ഓർമ്മകൾ നാളുകൾ പുറകിലേക്ക് പോകുന്നു. അയാളുടെ നാട്ടിൽ ഏറ്റവും വിലപിടിപ്പുള്ള ഒന്നായി  കരുതിയിരുന്നത് ഈ ബസ്മതി അരിയാണ്. അതുകൊണ്ടുതന്നെ ജനിച്ചുവീണ തന്റെ കുഞ്ഞിന് അയാൾ ആ പേരു തന്നെ നൽകുന്നു  ബസ്മതി.  എന്നാൽ ആ മകളാകട്ടെ  വിശപ്പു മൂലം  മരിക്കേണ്ടി വന്നു. ഒടുവിൽ പാതിവെന്ത ആ ബിരിയാണി ബസ്മതി ചോറ് താൻ കുഴിച്ച കുഴിയിലേക്ക് നിറച്ചിട്ട് ചവിട്ടിയിറക്കുമ്പോൾ സ്വന്തം മകളെ  കുഴിവെട്ടി മൂടുന്ന പോലെയാണ് അയാൾക്ക് അനുഭവപ്പെടുന്നത്.  എന്ന് പറഞ്ഞാൽ ഒരു വശത്ത് സമ്പത്തിന്റെ ധാരാളിത്തത്തിൽ ജീവിക്കുന്നവരും മറുവശത്ത്  പട്ടിണിയാൽ വിശപ്പടക്കാൻ കഴിയാതെ വലയുന്നവരും ഉണ്ടെന്നു മറന്നു പോകരുത്. അതുകൊണ്ടുതന്നെ നമ്മൾ പാഴാക്കി  കളയുന്ന ഓരോ വറ്റു ചോറിനും കണക്ക് കൊടുക്കേണ്ടി വരും. ഭക്ഷണം പാഴാക്കാതെ സൂക്ഷിക്കാൻ ഉള്ളതാണ് ഈ കാലത്ത് ചെയ്യാവുന്ന ഒരു സത്കർമ്മം.

ഇതെല്ലാം എന്തിനാണ് പറഞ്ഞു വന്നത് എന്ന് ചോദിച്ചാൽ.. ക്രിസ്തുമസാണ് വരുന്നത്. ബെത്‌ലഹേം നഗരിയിൽ വന്നു പിറന്ന രക്ഷകനെ അനുസ്മരിക്കുന്ന ദിനം. ആ ദേശത്തിന്റെ പേരിന്റെ അർത്ഥം തന്നെ ‘അപ്പത്തിന്റെ നാട്’ എന്നാണ്. അപ്പത്തിന്റെ നാട്ടിൽ നിന്നും വന്നവനാണ്  അവൻ. തന്റെ ജനത്തിനായി  അപ്പം  വർദ്ധിപ്പിച്ചു വിശപ്പടക്കിയവനാണ്  അവൻ… തന്റെ ശരീരവും രക്തവും  ഭക്ഷണപാനീയങ്ങളായി നൽകിയവനാണ് അവൻ…. ഒപ്പമാകാൻ അപ്പമായി മാറിയവവനാണവൻ…. അതുകൊണ്ടു കൂടെയുള്ള ഒരാളുടെയെങ്കിലും വിശപ്പടക്കുക എന്നുള്ളതാണ്  ഈ ക്രിസ്തുമസ് കാലത്ത് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സുകൃതം എന്ന് തോന്നുന്നു.
എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ്.

നൗജിൻ വിതയത്തിൽ

More like this
Related

error: Content is protected !!