ആത്മീയകാര്യങ്ങളിൽ വ്യാപൃതയും പരോപകാരിയും സേവനസന്നദ്ധയുമാണ് അന്നാമ്മചേടത്തി. പെട്ടെന്നൊരു ദിവസം മുതൽ ആൾക്ക് വല്ലാത്ത ശുണ്ഠി, ദേഷ്യം, മറ്റുള്ളവരെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള അസഭ്യഭാഷണം, മക്കളോടും മരുമക്കളോടും പൊട്ടിത്തെറി, മരുമകൾ ഭക്ഷണം തരുന്നില്ലെന്ന് ബന്ധുക്കളോട് പരാതിപറയുന്നു. ആകെക്കൂടി ജഗപൊഗ. ഒടുവിൽ മക്കളും മരുമക്കളും കൂടി അന്നാമ്മച്ചേടത്തിയുടെ കാര്യത്തിൽ ഒരു നിഗമനത്തിലെത്തി.
‘ഇതു പ്രായത്തിന്റെയാ…’
അപ്പോൾ അന്നാമ്മയുടെ ശുശ്രൂഷ നിർവഹിക്കുന്നവളായ ഇളയ മരുമകളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
‘ശ്ശോ എന്നാലും പ്രായം ചെന്നാൽ ഇങ്ങനെയാവുമോ?’
സത്യത്തിൽ പ്രായത്തിന്റേതായിരുന്നോ അന്നാമ്മയുടെ പ്രശ്നം? അല്ല. അന്നാമ്മയ്ക്ക് അൽഷിമേഴ്സായിരുന്നു. എന്നാൽ പ്രായമായവരിൽ കാണപ്പെടുന്ന പ്രകടമായ സ്വഭാവവ്യത്യാസങ്ങളും അസാധാരണമായ പെരുമാറ്റങ്ങളും ഒരു രോഗലക്ഷണമായി പലരും തിരിച്ചറിയാറില്ല. പ്രായമാകുമ്പോൾ സംഭവിക്കുന്ന സ്വഭാവികമായ ചില വിലക്ഷണതകളായിട്ടാണ് എല്ലാവരും അതിനെ വിലയിരുത്തുന്നതും.
പ്രായമായവരിൽ കാണുന്ന മേൽപ്പറഞ്ഞവിധത്തിലുള്ള സ്വഭാവപ്രത്യേകതകൾ കാണുകയാണെങ്കിൽ അവർക്ക് വിദ്ഗദചികിത്സ നല്കുകയാണ് വേണ്ടത്. അൽഷിമേഴ്സ് രോഗത്തെക്കുറിച്ചുള്ള അവബോധം എല്ലാവർക്കും ഉണ്ടാവുകയും വേണം. രോഗിക്ക് തന്റെ അവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണകളൊന്നും ഇല്ലെങ്കിലും പരിചരിക്കുന്നവർക്കും ബന്ധുക്കൾക്കും ഈ രോഗത്തിന്റെ പ്രത്യേകതകളെക്കുറിച്ച് അറിവുണ്ടായിരിക്കണം. മറവിരോഗികൾക്ക് സ്നേഹവും പരിചരണവുമാണ് ഏറ്റവും ആവശ്യമെന്ന് മനസ്സിലാക്കുക.