മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.
ഒരു ചെടി നട്ടുവയ്ക്കാനേ നമുക്ക് കഴിയൂ. വേണമെങ്കിൽ തുടക്കത്തിൽ വെള്ളവും വളവും നല്കിയെന്നുംവരാം. ബാക്കിയുള്ളതെല്ലാം ചെടിയുടെ കരുത്താണ്. വേരുകൾ നീട്ടി വെള്ളവും വളവും വലിച്ചെടുക്കുന്നതും പൂവിടുന്നതും കായ്കളുണ്ടാകുന്നതുമെല്ലാം അതിനുള്ളിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്.
വളർന്നതിനെ പരിപാലിക്കാൻ മനുഷ്യനാവും. വളരുകയെന്നത് സ്വഭാവേന സംഭവിക്കേണ്ട കാര്യമാണ്. അല്ലെങ്കിൽ നോക്കു മനുഷ്യൻ അവന്റെ വീട്ടുപരിസരങ്ങളിലോ മറ്റോ കുഴിയെടുത്ത് നട്ടുനനച്ചുവളർത്തുന്ന മരങ്ങളെക്കാൾ എത്രയോ കരുത്തുറ്റവയാണ് സ്വയമേ വളർന്നുപൊന്തുന്ന ചില ഒറ്റമരങ്ങൾ. പലപ്പോഴും പക്ഷികളുടെ കാഷ്ഠങ്ങളിൽ നിന്ന് വിസർജിക്കപ്പെട്ടവയിൽ നിന്നായിരിക്കും അവ മുളച്ചുപൊന്തുന്നത്.
പിന്നീടവ സ്വയം വളരുകയാണ്. ഇക്കാണുന്ന കാടുകളൊക്കെ മനുഷ്യൻ ആസൂത്രിതമായി വളർത്തിയെടുത്തവയാണെന്നാണോ ധാരണ? വനങ്ങൾ വെട്ടിനശിപ്പിക്കുന്നതല്ലാതെ വനങ്ങൾ സൃഷ്ടിക്കാൻ മനുഷ്യർക്കാവില്ല. അതുപോലെയാണ് നമ്മുടെ കാര്യവും.
നമ്മൾ സ്വയം വളരുകയാണ് വേണ്ടത്. ആരെങ്കിലുമൊക്കെ പലവിധ കാരണങ്ങൾ കൊണ്ട് നമ്മെ തളർത്താൻ ശ്രമിച്ചേക്കാം താഴ്ത്തിക്കെട്ടാനും ചവിട്ടിത്താഴ്ത്താനും ശ്രമിച്ചേക്കാം. അതെ സ്വയം വളർന്നവനെ തളർത്താൻ ആളുകളുണ്ടാകും അതുമല്ലെങ്കിൽ വളർന്നവനെ കൂടെക്കൂട്ടി നടന്ന് അതിന്റെ പേരിൽ പേരുണ്ടാക്കാനും ആളുകളുണ്ടാവാം. വലിയമരത്തിന്റെ തണലിൽ വളരുന്ന ചെറിയ മരങ്ങളെ പോലെയാണവർ.
നമ്മൾ വളരേണ്ടത് നമുക്കുവേണ്ടിയാണ്. അതുകൊണ്ട് ആരെങ്കിലും ചവിട്ടിത്താഴ്ത്തിയാലും സ്വയം വളരുമെന്ന ദൃഢപ്രതിജ്ഞയെടുത്ത് മുന്നോട്ടുപോവുക.