നമ്മുടെ കാലത്തിന് കാതലായ ചിലതെല്ലാം നഷ്ടമായിരിക്കുന്നു. ഭൗതികതയുടെ ആഘോഷത്തിമിർപ്പുകൾക്കിടയിൽ ആത്മാവാണ് നഷ്ടപ്പെടുന്നത്. എല്ലാ പ്രസ്ഥാനങ്ങളും വിപണിക്ക് കീഴടങ്ങിയിരിക്കുന്നു. ആത്മശൂന്യമായ യാത്രയായി മാറുമ്പോൾ ജീവിതം അശാന്തിപർവ്വമാകും. ഈ സന്ദർഭത്തിൽ ചില നീരുറവകൾ നമ്മെ സാന്ത്വനിപ്പിക്കും, ഉള്ളിലേക്ക് മടക്കിവിളിക്കുകയും ചെയ്യും. ടാഗോർ തിരഞ്ഞെടുത്ത കബീറിന്റെ നൂറു കവിതകൾ വായിക്കുമ്പോൾ നഷ്ടപ്പെടുന്നതെന്തോ തിരിച്ചുകിട്ടിയ അനുഭൂതി നമുക്കുണ്ടാകുന്നു. കബീറിന്റെ കവിതകൾ മനോഹരമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് കെ. ജയകുമാറാണ്.
യഥാർത്ഥ അന്വേഷകന്
എന്നെ തൽക്ഷണം കാണാനാവും
ഒരൊറ്റ മാത്രയിൽ സന്ധിക്കാനാവും
എന്ന് കബീർ മൊഴിയുന്നു. യഥാർത്ഥ അന്വേഷകനാകാനാണ് അദ്ദേഹം നമ്മെ ക്ഷണിക്കുന്നത്. ഓരോ ഭവനത്തിലും വിളക്കെരിയുന്നുണ്ട്. അത് കാണാനാകാത്ത നീ ഒരന്ധൻ തന്നെ എന്ന് കബീർ. നമുക്കുള്ളിലെരിയുന്ന വിളക്കാണ് കണ്ടെത്തേണ്ടത്. ഓരോ ജീവിതവും അന്വേഷണമായി മാറണം. ഉള്ളില്ലാത്ത കാലത്തിന് നിറവു നല്കുന്ന ഗ്രന്ഥമാണ് 100 കബീർ കവിതകൾ എന്ന് നിസ്സംശയം പറയാം.
100 കബീർ കവിതകൾ- രവീന്ദ്രനാഥ ടാഗോർ
വിവർത്തനം: കെ. ജയകുമാർ
മാതൃഭൂമി ബുക്സ്, വില: 170