നോക്കൂ,
പകലിൽനിന്നു കടംവാങ്ങിയ
സായാഹ്നം,
ആകാശവിതാനത്ത്
മേഘത്തൂവൽ കൊണ്ട്
ചിത്രം വരയ്ക്കുന്നത്.
നമ്മൾ കണ്ടിട്ടും
കാണാതെ പോകുന്ന
വികൃത ജന്മങ്ങളേ
വളരെ സൂക്ഷ്മതയോടെ
ക്യാൻവാസിന്റെ വിസ്തൃതിയിൽ
അടയാളപ്പെടുത്തുന്നത്.
പ്രണയത്താൽ വാചാലരായ
രണ്ടുപേരേ നോക്കൂ….
ഒരുപക്ഷേ, അവർ ചിലപ്പോൾ
നമ്മൾ തന്നെയായിരിക്കാം.
നിന്റെ നാസികത്തുമ്പിലേ വേർപ്പിന്
സായാഹ്നസൂര്യൻ തന്ന തിളക്കവും,
കൂടണയാൻ,
തിരികേ പറക്കാൻ
ചിറകു നനയ്ക്കുന്ന പക്ഷിയുടെ
കണ്ണിലെ പ്രതീക്ഷയും
ഒട്ടും ചോർന്നു പോകാതെ
ഉപ്പുകാറ്റിന്റെ തുമ്പിൽ ലയിപ്പിച്ചിട്ടുണ്ട്.
കാലടി നനഞ്ഞിറങ്ങിയ തീരപ്പാടിൽ
അനാഥമായൊരു വെൺശംഖ്
മുഖം പൂഴ്ത്തി കിടക്കുന്നത് പോലും
എത്ര വശ്യമാണ്.
കണ്ടില്ലേ..,
അസ്തമയ ചോപ്പിലേക്ക് ചെരിഞ്ഞ
സൂര്യന്റെ പൊട്ടുകളിലാണ്
കടലിപ്പോൾ
നങ്കൂരമിടുന്നത്.
– കൻമനം ശശിധരൻ