അപ്പായീടെ മാലാഖേ…
ആവർത്തിയ്ക്കുന്ന
രാത്രികളിൽ…
തുടർക്കഥയാകുന്ന സ്വപ്‌നങ്ങളിൽ
ചിറക് കുടഞ്ഞും
കിന്നരിത്തൊപ്പിയിളക്കിയും
ചിറകരികിലെ കുഞ്ഞുതൂവലനക്കി
നീ പറന്നകലുന്നത്
ഏതു മുഹൂർത്തങ്ങളിലേയ്ക്കാണ്…?
പളളിനടയുടെ പതിനാലാം പടിയിൽ
കഴുന്നുമേന്തി മമ്മ കരഞ്ഞത്
മാമോഗ്രാം റിസൽട്ട് കണ്ടിട്ടല്ല;
മാലാഖയുടെ വരവ് പ്രതീക്ഷിച്ചാണ്.
കൊഴുത്തുപോയ സങ്കടങ്ങളിൽ മുങ്ങി
അയഞ്ഞുപോയ കിനാവള്ളികളെ
കടുങ്കെട്ട് വീഴാതെ മമ്മ സൂക്ഷിക്കുന്നത്
ഞങ്ങളുടെ മാലാഖയ്ക്ക് വേണ്ടിയല്ലേ ?
പാൽമണത്തിന്റെ പതുപതുപ്പിൽ
ചാരക്കണ്ണുമായി നുഴഞ്ഞുകയറിവരെ
കീമോയുദ്ധത്തിൽ തോൽപ്പിക്കാൻ
മമ്മയിപ്പോൾ പടച്ചട്ട അണിയുകയാണ്.
അപ്പായീടെ മാലാഖേ…
ഈ കത്ത് കാറ്റിൽ പറത്തുന്നു.
ചിറക് കുടയുമ്പോൾ
വീഴുന്ന മഞ്ഞുതുളളികളിൽ
അക്ഷരം മായുംമുമ്പേ..
ഇതൊന്ന് വായിക്കണേ..
പറ്റുമെങ്കിൽ
മമ്മയ്ക്കു മുമ്പിൽ
ഒന്നു വന്നിറങ്ങണം!
ഏഞ്ചൽ
Date: