കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മലയാളത്തിലെ സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞുനില്ക്കുന്ന രണ്ടുപേരുകളാണ് അനില്‍ രാധാകൃഷ്ണമേനോനും ബിനീഷ് ബാസ്റ്റിയനും. ഇതില്‍ അനില്‍ താരതമ്യേന പരക്കെ അറിയപ്പെടുന്ന വ്യക്തിയാണ്. നോര്‍ത്ത് 24 കാതവും സപ്തമശ്രീയുമൊക്കെ നല്കിയ സംവിധായകനെന്ന പേരില്‍. ബാസ്റ്റിനാവട്ടെ എടുത്തുപറയാന്‍ വിജയ് ചിത്രമായ തെറിയുടെ മേല്‍വിലാസം മാത്രവും. ഇവിടെ രണ്ടുപേരുടെയോ പേരോ പേരുകുറവോ അല്ല പ്രശ്‌നം. അനില്‍ രാധാകൃഷ്ണമേനോന്‍ പറഞ്ഞതായ ചില കാര്യങ്ങളാണ്. അനില്‍, ബാസ്റ്റിനെക്കുറിച്ച് അങ്ങനെ പറഞ്ഞോ എന്നതാണ് ആദ്യത്തെ ചോദ്യം. പറഞ്ഞതാണെങ്കില്‍ അത് അങ്ങേയറ്റം മോശമെന്നേ പറയാന്‍ കഴിയൂ. കാരണം സിനിമയുടെ ചരിത്രമെടുത്തു പരിശോധിച്ചാല്‍ അറിയാന്‍ പറ്റുന്ന ഒരു കാര്യമുണ്ട് അവിടെ പലരും ചെറിയ രീതിയില്‍ നിന്ന് ആരംഭിച്ചവരാണ്. സ്ട്രഗിള്‍ ചെയ്ത് കടന്നുവന്നവരാണ്. എവിടെയോ ഭാഗ്യം തുണച്ചതുകൊണ്ട് പേരും പ്രശസ്തയും പണവും ഉണ്ടായവരാണ്. ഒരുപക്ഷേ അവരെക്കാള്‍ കഴിവുകുറഞ്ഞവര്‍ ഒന്നുമാകാതെ പോയതിന് കാരണവും അവരെ ഭാഗ്യദേവത തുണയ്ക്കാത്തതുകൊണ്ടുതന്നെ.
ഇന്നലെയുള്ളവര്‍ ഇന്നിവിടില്ല എന്ന്് ക്രൈസ്തവരുടെ സംസ്‌കാരച്ചടങ്ങിനോട് അനുബന്ധിച്ച് പാടുന്ന പാട്ടിലെ ഒരു വരിയുണ്ട്. സിനിമയ്ക്കും ചേരുന്നതാണ് ആ പ്രയോഗം. കാരണം ഇന്നലെ ചക്രവര്‍ത്തിമാരെ പോലെ വിരാചിച്ചിരുന്നവര്‍ പെട്ടെന്നൊരു ദിവസം കൊണ്ട് മങ്ങിമറഞ്ഞുപോകാറുണ്ട്. ഒരുകാലത്ത് താരശോഭയോടെ നിന്നിരുന്ന പ്രേംനസീറിന് പോലും അവസാനകാലമായപ്പോള്‍ ആളും തിരക്കും കുറയുകയും അദ്ദേഹം പ്രത്യേകമായ ശ്രദ്ധയ്ക്ക് പാത്രമാകാതെ പോകുകയും ചെയ്തതായി എവിടെയോ വായിച്ചുകേട്ടിട്ടുണ്ട്.അതുപോലെ ഇന്നലെവരെ ഒന്നുമാകാതിരുന്നവര്‍ പെട്ടെന്നൊരു നാള്‍ ലൈം ലൈറ്റിലേക്ക് കടന്നുവരുന്നതിനും സിനിമ തന്നെ സാക്ഷി.
ചലച്ചിത്രതാരങ്ങളാകാന്‍ കൊതിക്കുന്നവര്‍ ചാന്‍സ് ചോദിച്ചു പോകുന്നത് സാധാരണ സംഭവമാണ്. അതില്‍ അപമാനിക്കാനായി ഒന്നുമില്ല.ഇന്ന് സൂപ്പര്‍ സ്റ്റാറുകളായി ശോഭിക്കുന്നവര്‍ക്ക് പോലും പണ്ട് അങ്ങനെയൊരു കാലമുണ്ടായിരുന്നു. ഒന്നുമാകാതിരുന്ന കാലത്ത് അപമാനിച്ചുവിട്ടവര്‍ പിന്നെ നല്ലകാലം ഉണ്ടായപ്പോള്‍ ആ വ്യക്തിയെ വച്ചുതന്നെ സിനിമയെടുത്തതായ ചരിത്രങ്ങളുമുണ്ട്.
ബാംഗ്ലൂര്‍ സിറ്റിയില്‍ ബസ് കണ്ടക്ടറായി ജീവിച്ചിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു ഇന്നത്തെ രജനീകാന്ത് എന്ന് നമുക്കറിയാം. ചലച്ചിത്രങ്ങളിലെ സംഘനൃത്തങ്ങളില്‍ പെടുന്ന ആള്‍രൂപം മാത്രമായിരുന്നു ഇന്നത്തെ കമലഹാസനും. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ഒരാള്‍ക്കൂട്ടത്തില്‍ മറഞ്ഞുനിന്ന മുഖമായിരുന്നു ഇന്നത്തെ മമ്മൂട്ടിയുടേതെന്നും. ഇതൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. ഇവിടെ ആരും ചെറുതും വലുതുമില്ല. അല്ലെങ്കില്‍ ചെറിയവരാണ് വലിയവരായിട്ടുള്ളത്. ചെറിയവര്‍ വലിയവരാകുമ്പോള്‍ അവരെ കൊണ്ടുനടക്കാന്‍ ആളുകളുണ്ടാകും. ചെറിയവര്‍ ചെറിയവരായിരിക്കെ അവരെ പരിഗണിക്കാന്‍ ഒരുപൂച്ചക്കുഞ്ഞുപോലും ഉണ്ടാകാറുമില്ല. ഇതാണ് ലോകയാഥാര്‍ത്ഥ്യം.
പക്ഷേ ചെറിയവരെയും തനിക്കൊപ്പം തന്നെ തുല്യ പദവിയില്‍ കാണാനും അംഗീകരിക്കാനും കഴിയുന്നിടത്താണ് മനുഷ്യത്വമുള്ളത്. അവരാണ് മഹാന്മാര്‍. ഒരാളുടെ മഹത്വം നിശ്ചയിക്കുന്നത് അയാള്‍ നേടിയെടുത്ത അവാര്‍ഡുകളോ അയാളുടെ വംശപാരമ്പര്യമോ അല്ല. അയാള്‍ വ്യക്തിയെന്ന നിലയില്‍ പ്രദര്‍ശിപ്പിക്കുന്ന സഹിഷ്ണുതയും മനുഷ്യസ്‌നേഹവും കരുണയും അനുകമ്പയുമാണ്. മറ്റുള്ളവരെ പരിഗണിക്കാന്‍ കഴിയാതെ പോകുന്നത് വ്യക്തിത്വത്തിന്റെ പോരായ്മയാണ്.
പരസ്യമായി അവഹേളിക്കപ്പെടുമ്പോള്‍ ഒരാള്‍ക്കുണ്ടാകുന്ന അപമാനം സമാനമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ മനസ്സിലാവൂ. താഴേക്കിടയില്‍ നിന്ന് ഉയര്‍ന്നപദവിയിലേക്ക് സ്വപ്‌നം കണ്ട് വളരുന്നവരുടെയെല്ലാം ഉള്ളില്‍ അവര്‍ ജീവിച്ചുവളര്‍ന്ന സാഹചര്യങ്ങളുടെ മുറിവുകളുണ്ടാകും. അത് പെട്ടെന്നുണരുന്നത് വിപരീതമായ ചില സാഹചര്യങ്ങളിലാണ്. അപമാനിതനായി വേദിയില്‍ സംസാരിക്കന്നതിന് ് മുമ്പുതന്നെ താനൊരു ടൈല്‍സ് പണിക്കാരനായിരുന്നുവെന്ന് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ള വ്യക്തിയാണ് ബാസ്റ്റിന്‍. അതുപോലെ കുമ്പളങ്ങിനൈറ്റ്‌സിലെ ഒരു നടന്‍ വ്യക്തമാക്കിയത് താന്‍ പെയ്ന്റു ജോലിക്കാരനാണെന്നായിരുന്നു. സ്വന്തം വേരുകള്‍ മറന്നുപോകാത്തതും അത് തുറന്നുപറയാന്‍ മടിക്കാത്തതും ഒരാളുടെ നന്മയാണ്. ബാസ്റ്റിന് ആ നന്മയുണ്ടെന്ന് അഭിമുഖം വായിച്ചപ്പോള്‍ തോന്നിയിട്ടുമുണ്ട്. കള്ളക്കടത്തും കരിഞ്ചന്തയും നടത്തി പണമുണ്ടാക്കി നല്ല രീതിയില്‍ വേഷം ധരിച്ചുനടക്കുന്നവരെക്കാള്‍ എത്രയോ ഉയര്‍ന്ന നിലയിലാണ് അദ്ധ്വാനിച്ചുജീവിക്കുമ്പോഴും സിനിമ എന്ന സ്വപ്‌നം കൈമോശം വരുത്താതെ സൂക്ഷിച്ചുകൊണ്ടുനടക്കുന്ന ഇവരെപോലെയുള്ളവര്‍.
പ്രസംഗം എഴുതിവായിച്ച് വേദി വിട്ടപ്പോഴും ബാസ്റ്റിന്റെ ഉള്ളിലെ പോരാട്ടവീര്യം പ്രകടമായിരുന്നു. ഇത്രയും അനില്‍ രാധാകൃഷ്ണമേനോന്‍ പറഞ്ഞതിന്റെ പേരിലുള്ള പ്രതികരണങ്ങളാണെങ്കില്‍ ഇനി അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലോ? അദ്ദേഹത്തെ അനുകൂലിച്ചും ചില പ്രതികരണങ്ങള്‍ ഇറങ്ങുന്നുണ്ടല്ലോ? അപ്പോള്‍ ഒരു ചോദ്യം. പറയാത്ത കാര്യങ്ങള്‍ വളച്ചൊടിച്ച് അവതരിപ്പിച്ചത് ആരാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ക്ക് സാധ്യതയുണ്ടോ? അറിയില്ല. വ്യക്തിയെന്ന നിലയില്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന രീതിയില്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ അനില്‍ എന്ന വ്യക്തി അനുഭവിക്കുന്നതും ബാസ്റ്റിന്റേതുപോലെയുള്ള മാനസികാവസ്ഥ തന്നെയല്ലേ?
ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാമെന്ന മട്ടിലായിരിക്കുന്ന സാധ്യതകളാണ് സോഷ്യല്‍ മീഡിയായുടേത്.. അതിന് പരിധി നിയമം വരയ്ക്കുകയോ അല്ലെങ്കില്‍ സ്വയം വയ്ക്കുകയോ ചെയ്യാത്തിടത്തോളം കാലം ഇനിയും പല തെറ്റായ പ്രചരണങ്ങളും നടക്കും. അതിന്റെ പേരില്‍ മിത്രങ്ങള്‍ ശത്രുക്കളാകും. ചേരികളും വേര്‍തിരിവുകളും വാഗ്വാദങ്ങളും ഉണ്ടാകും. വിഭാഗീതയകളും വിഭജനങ്ങളും സൃഷ്ടിക്കുന്നവരെ നയിക്കുന്നത് ശത്രുതാമനോഭാവവും അനൈക്യവുമാണ്. അതൊരിക്കലും പ്രോത്സാഹിപ്പിക്കരുത്.ചലച്ചിത്രരംഗം ചില കോക്കസുകളുടെ പിടിയാലാണെന്ന് ആദ്യമായി ഉറക്കെപറഞ്ഞത് യശ്ശശരീരനായ തിലകനാണ്. ചില ലോബികളാണ് സിനിമയെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുവച്ചു.. ബിനീഷ് ബാസ്റ്റിന് പുറകെ ഡോ. ബിജുവിന്റെ പ്രതികരണവും കൂടിയെത്തിയപ്പോള്‍ സിനിമയ്ക്കുള്ളിലെ ജാതിയും മതവും വീണ്ടും ചര്‍ച്ചയാവുകയാണ്. താന്‍ പ്രസംഗിക്കാന്‍ എണീറ്റപ്പോള്‍ ഒരു പ്രമുഖസംവിധായകന്‍ വേദിവിട്ടുപോയെന്നാണ് ഡോ. ബിജുവിന്റെ ആരോപണം. മലയാളസിനിമയ്ക്കുള്ളില്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിഭാഗീയതകളും വ്യത്യാസങ്ങളുമുണ്ടോ? സിനിമയ്ക്ക് ജാതിയും മതവുമൊന്നും പ്രധാനപ്പെട്ട കാര്യമല്ല. അവിടെ കലയ്ക്കാണ് പ്രാധാന്യം ജാതിക്കും മതത്തിനും അതീതമായി എല്ലാത്തരം പ്രേക്ഷകരും ആസ്വദിക്കുന്ന ഒരേയൊരു കലാരൂപം സിനിമ മാത്രമാണ് എന്ന് മറക്കരുത്. തീയറ്ററില്‍ അടുത്ത സീറ്റിലിരിക്കുന്നവന്‍ കോണ്‍ഗ്രസാണോ ബിജെപിയാണോ പണക്കാരനാണോ മുസ്ലീമാണോ ഹിന്ദുവാണോ ക്രി്സ്ത്യാനിയാണോ എന്ന് നാം നോക്കാറില്ലല്ലോ. നമ്മള്‍ കൊടുത്ത അതുപോലെയുള്ല പണം കൊടുത്തുതന്നെ സിനിമയ്ക്ക് വന്നിരിക്കുന്ന വ്യക്തിയാണ് അയാള്‍. അത് ചിലപ്പോള്‍ ബാല്‍ക്കണിയാകാം. സാധാരണ ക്ലാസാകാം. പക്ഷേ ആ വിഭാഗത്തില്‍ എല്ലാവരും ഒരുപോലെയാണ്. ജനാധിപത്യത്തിന്‍റെയും സമഭാവനയുടെയും ഏറ്റവും വലിയ ഭാഗമാണ് സിനിമ. ഒരു സിനിമയില്‍ പല ജാതിക്കാരും മതക്കാരും സ്ത്രീപുരുഷഭേദമന്യേ ജോലി ചെയ്യുന്നുണ്ട്. ആ ജനാധിപത്യം മറന്നുകൊണ്ട് ഒരാളെയും അവഹേളിക്കരുത്. കഴിവുള്ളവര്‍ ഉയര്‍ന്നുവരട്ടെ.അവര്‍ക്ക് സാധിക്കുമെങ്കില്‍ അവസരം കൊടുക്കുക. ഇടിച്ചുതാഴ്ത്താന്‍ ആര്‍ക്കും പറ്റും. അവസരം കൊടുക്കാന്‍ ചുരുക്കം ചിലര്‍ക്ക് മാത്രവും.