ആരാണ് ഭാഗ്യവാൻ എന്ന് പറയുമ്പോൾ എന്താണ് മനസിലേക്ക് ആദ്യമായി കടന്നുവരുന്നത്. സമ്പത്ത്, പ്രശസ്തി, അധികാരം എന്നിവ അപ്രതീക്ഷിതമായി ലഭിക്കുന്നവരെക്കുറിച്ചായിരിക്കും. ചിലരെ സംബന്ധിച്ചിടത്തോളം ലോട്ടറി അടിക്കുന്നരാണ് ഭാഗ്യവാൻമാർ. എന്നാൽ വലിയ തുക സമ്മാനമായി ലഭിച്ചവരിലും അപ്രതീക്ഷിത സൗഭാഗ്യം ലഭിച്ചവരിലും നടത്തിയ പഠനത്തിൽ കാലക്രമേണ അവരുടെ സന്തോഷം കുറഞ്ഞതായാണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. ദിവസേന ഉണ്ടാകുന്ന സംഭവങ്ങൾ പിന്നീട് അവരെ കാര്യമായി സ്വാധീനിക്കാറില്ലപോലും. കിട്ടിയതിനേക്കാൾ വലിപ്പമുള്ള സൗഭാഗ്യം ലഭിക്കുന്നതിനാണ് പിന്നീട് കുറേക്കാലത്തേക്ക് അവർ ആകാംക്ഷാഭരിതരാകുന്നത്.
എന്താണ് സന്തോഷം ?
സാഹചര്യങ്ങളും സന്ദർഭങ്ങളും അടിസ്ഥാനമാക്കേണ്ട ഒരു ചോദ്യമാണിത്. വ്യക്തിയുടേയും സാഹചര്യങ്ങളുടേയും അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടേണ്ട ചോദ്യമാണിത്. അതിനാൽ സന്തോഷത്തെ വ്യാഖ്യാനിക്കും മുമ്പ് സന്തോഷത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് ചിന്തിക്കാം.
ജീവിതത്തിൽ വൈവിധ്യമാർന്ന അനുഭവങ്ങളിലൂടെയാണ് ഓരോരുത്തരും കടന്നുപോകുന്നത്. ചില അനുഭവങ്ങൾ ചിലരെ സന്തോഷിക്കുമ്പോൾ അതേ അനുഭവം തന്നെ മറ്റു ചിലരെ ദുഃഖിപ്പിക്കുന്നതിനിടയാക്കും. അതായത് ഒരു കാര്യം തന്നെ പലരും വ്യത്യസ്തരീതിയിലാണ് ഉൾക്കൊള്ളുന്നതെന്ന് സാരം.
ഒരു നിമിഷത്തെ സന്തോഷം അടുത്ത നിമിഷത്തിൽ എന്തായിത്തീരുമെന്ന് കൃത്യമായി പ്രവചിക്കാനാവില്ല. അതേസമയം ഈ നിമിഷം എങ്ങനെയായിരിക്കണമെന്നത് സ്വന്തം ചിന്തകളുടെയും പ്രവൃത്തികളുടെയും ആകെത്തുകയാണു താനും. അതിനാൽ ഓരോ നിമിഷവും ആസ്വദിക്കുക എന്നതു മാത്രമായിരിക്കും ഇത്തരം അവസ്ഥകളോട് സമരസപ്പെടാൻ ഉചിതം.
ഒരുവനെ വല്ലാതെ വിഷമവൃത്തത്തിലാക്കുന്ന സാഹചര്യങ്ങൾ കാലക്രമേണ നല്ല മാറ്റങ്ങളിലേക്ക് നയിച്ചിട്ടുള്ള ചില അനുഭവങ്ങളും കാണാം. നാം ഏറെ ബഹുമാനിക്കുന്നവരിൽനിന്നും സ്നേഹിക്കുന്നവരിൽ നിന്നും നേരിടേണ്ടിവരുന്ന അവഗണന, അസ്ഥാനത്തുള്ള കുറ്റപ്പെടുത്തൽ, ഒറ്റപ്പെടുത്തൽ എന്നിവ ചിലപ്പോൾ കാലക്രമേണ ഒരു ഉറച്ച വ്യക്തിത്വത്തിലേക്ക് ഒരാളെ എത്തിക്കാൻ പോലും പ്രാപ്തമാണ്. ഓരോ ജീവിതാനുഭവവും സ്വയം തിരിച്ചറിവിനും അതുവഴി തികച്ചും പോസിറ്റീവായ മേഖലയിലേക്ക് വഴിതിരിയാനും നമ്മെ പര്യാപ്തമാക്കും.
നമ്മുടെ സാഹചര്യങ്ങൾ എങ്ങനെ സന്തോഷഭരിതമാക്കാം:
സന്തോഷത്തിന് കാരണക്കാരാകുക, അത് നമ്മെയും സന്തോഷിപ്പിക്കും
മറ്റുള്ളവരുടെ വിഷമ സാഹചര്യങ്ങൾക്ക് താങ്ങും തണലുമാകാൻ ശ്രമിക്കുക വഴി നമുക്കും സന്തോഷ സാഹചര്യങ്ങളിലേക്ക് കടക്കാൻ കഴിയും. ഒരാളുടെ ദുഃഖങ്ങളെയും വിഷമത്തെയും കൂടുതൽ മനസിലാക്കാൻ ശ്രമിക്കുമ്പോൾ അത് നമ്മുടെ ഉള്ളിലെ ആത്മവിശ്വാസത്തെ തന്നെയായിരിക്കും വർധിപ്പിക്കുന്നത്. അത് നമ്മുടെ പ്രശ്നങ്ങളെ ധൈര്യപൂർവ്വം നേരിടാൻ പ്രാപ്തമാക്കും. അതുവഴി സൗന്ദര്യപൂർണമായ ജീവിതം നമുക്ക് ലഭിക്കുകയും ചെയ്യും.
സ്വന്തം നിലയിൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക
എല്ലാറ്റിനും മറ്റുള്ളവരെ ആശ്രയിക്കാതെ തന്റേതായ രീതിയിൽ കാര്യങ്ങൾ ഭംഗിയായി ചെയ്യാൻ കഴിവ് നേടുക. തന്റെ പരിശ്രമമാണ് സന്തോഷത്തിന് അടിസ്ഥാനമെന്ന തിരിച്ചറിവ് നേടുക. അങ്ങനെ കരുതിയാൽ മറ്റുള്ളവരുടെ ആനുകൂല്യത്തിനും പരിഗണനയ്ക്കും കാത്തുനിൽക്കാതെ തന്റേതായ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ നമുക്ക് സാധിക്കും.
ദുഷ്‌കരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ കരുത്തുനേടുക
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നാണല്ലോ. അതേസമയം പ്രശ്നങ്ങളോട് മുഖം തിരിക്കുന്നത് നമ്മെ തളർത്തും. പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഒരുവനെ ശക്തനാക്കും.
ആത്മാർത്ഥ ബന്ധങ്ങളെ തിരിച്ചറിയാൻ ശ്രമിക്കുക
പ്രശ്നങ്ങളിൽപെട്ടുഴലുമ്പോൾ കൂടെ നിൽക്കാൻ തയാറാകുന്നവർ മാത്രമാണ് യഥാർത്ഥ സുഹൃത്ത് എന്ന് മനസിലാക്കുക. അതുവഴി നമ്മുടെ നന്മ ആഗ്രഹി ക്കുന്നവരോട്് ചേർന്നു നിൽക്കുക. അവർ നമുക്ക് പിന്നീടും ഒരു കൈത്താങ്ങായിരിക്കും.
ആത്മവിശ്വാസം വർധിപ്പിക്കുക
പ്രതിസന്ധികളെ തരണം ചെയ്യുമ്പോൾ മാത്രമേ ആത്മവിശ്വാസം ലഭിക്കുകയുള്ളൂ. അതിനാൽ പ്രശ്നങ്ങൾക്ക് നേരം മുഖം തിരിക്കാതെ സധൈര്യം പ്രയാണം തുടരുക.
പരാജയങ്ങളെ കീഴടക്കുക
പരാജയങ്ങളിൽ തളർന്നു വീഴാതെ ധൈര്യപൂർവ്വം മുന്നോട്ടു പോകുവാനുള്ള ഉൾക്കരുത്ത് സ്വായത്തമാക്കുക. തോൽവികൾക്കു മുന്നിൽ കീഴടങ്ങാൻ ശ്രമിക്കാതെ മുന്നേറാൻ പരിശ്രമിക്കുക.
പ്രതികരണ ശേഷി വർദ്ധിപ്പിക്കുക
തന്റെയും മറ്റുള്ളവരുടേയും അവകാശങ്ങളും അവകാശ ധ്വംസനങ്ങളും തിരിച്ചറിഞ്ഞ് നൻമയെ മുൻനിർത്തി കാര്യകാരണസഹിതം പ്രതിരോധിക്കാനും പ്രതികരിക്കാനും ശ്രമിക്കുക.
മറ്റൊരാളുടെ അവസ്ഥ അയാളുടെ ഭാഗത്ത് നിന്ന് മനസിലാക്കാൻ ശ്രമിക്കുക
മറ്റൊരാളുടെ പ്രശ്നങ്ങൾ തന്റെ പ്രശ്നവുമായി ചേർത്തു വായിക്കാൻ ശ്രമിക്കുമ്പോൾ അയാളെ സാന്ത്വനിപ്പിക്കാൻ എളുപ്പമായിരിക്കും. അത് മറ്റൊരാളുടെ പ്രശ്നങ്ങളുടെ തോത് കുറയാൻ ഇടവരും. അതുവഴി നമ്മുടെ സന്തോഷ തലങ്ങളും വ്യത്യസ്തമാകും.
മത്സരാധിഷ്ഠിത ലോകത്തെ ആകസ്മിക സാഹചര്യങ്ങൾ തികഞ്ഞ ശ്രദ്ധ യോടെ കാണുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. ബുദ്ധിമുട്ടേറിയ അനുഭവങ്ങൾ ചിലപ്പോൾ സന്തോഷം കെടുത്തിയേക്കാം. പക്ഷേ പ്രതിസന്ധികളെ കരുത്ത് സംഭരിക്കാനുള്ള അവസരങ്ങളായി കാണുമ്പോൾ പ്രശ്നങ്ങൾ നമുക്ക് പ്രതീക്ഷകളാകും. അതായത് ഓരോരുത്തരും പ്രതിബന്ധങ്ങളിലൂടെ കടന്നുപോകുമ്പോൾ അയാളിലെ കഴിവുകളെ തൊട്ടുണർത്താൻ പര്യാപ്തമാകും എന്ന് സാരം. കാലക്രമേണ അത് നമ്മളെ മികച്ച വ്യക്തിത്വത്തിലേക്ക് എത്തിക്കാൻ ഇടവരുത്തും.
എന്നാൽ ഈ അവസ്ഥയിൽ മനസിന്റെ നിയന്ത്രണം നിങ്ങൾക്കു പകരം നിങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നുവെന്ന് തോന്നുന്നുവെങ്കിൽ താമസംവിനാ ഒരു മാനസികാരോഗ്യ വിദഗ്ദനെ സമീപിക്കുക.
നിങ്ങളുടെ കഴിവുകളെ നിങ്ങൾക്ക് കാണിച്ചുതരാൻ ഒരുപക്ഷേ അവർക്ക് സാധ്യമായേക്കാം.
വെല്ലുവിളിയുയർത്തിയ പ്രശ്നങ്ങളെ ഈ വിദഗ്ദരുടെ സഹായത്തോടെ നമുക്ക് മറികടക്കാനാകും. വിവിധതരത്തിലുള്ള കൗൺസിലിംഗുകളും സൈക്കോതെറാപ്പികളും ഈ ഘട്ടത്തിൽ മുതൽക്കൂട്ടാകും. അതുവഴി സന്തോഷവും അതുവഴി മാനസിക ബലവും വർധിപ്പിക്കാൻ സഹായകരമാകും.