സന്തോഷകരമായ കുടുംബജീവിതത്തിലേയ്ക്ക് നമ്മള്‍ പടികള്‍ കയറുമ്പോള്‍ ചില തിരുത്തലുകള്‍ വരുത്താം. അവയാണ് ഇനി പറയുന്നത്:-
- അസഭ്യവും ദേഹോപദ്രവവും വേണ്ട:- മാന്യതയുള്ള കുടുംബത്തില്‍ സഭ്യതയുള്ള വാക്കുകളെ ഉപയോഗിക്കാവൂ. ചീത്ത വാക്കുകള്‍ ഏല്‍പ്പിക്കുന്ന മുറിവുകളുടെ ആഴം വലുതാവും. എത്ര നല്ല വാക്കുകള്‍ പറഞ്ഞാലും അതിന്റെ ആഴം കുറയില്ല. ദേഷ്യം വന്നാല്‍ ചീത്ത വാക്കുകള്‍ ഉപയോഗിക്കില്ല എന്ന് മനസ്സിനെ പരിശീലിപ്പിക്കുക. അതുപോലെ സ്നേഹത്തിന്റെ പേരിലാണെങ്കിലും ദേഹോപദ്രവം ഏല്‍പ്പിക്കുക മാന്യതയല്ല. തെറ്റുകളുടെ പേരില്‍ കുട്ടികളെ ഒരിക്കലും ദേഹോപദ്രവം ഏല്‍പ്പിക്കരുത്. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണ് ഏറ്റവും ഉചിതം.
- ആകാരവിമര്‍ശനം അരുത്:- ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ സൌന്ദര്യത്തെ കുറിച്ച് വിമര്‍ശിക്കരുത്. ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ മനസ്സില്‍ മറ്റൊരാള്‍ ഉണ്ടെന്ന തോന്നല്‍ ഇതുണ്ടാക്കാം. ചെറിയ നീരസങ്ങളില്‍ പരസ്പരം മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആകാരപരമായ വിമര്‍ശനങ്ങള്‍ പോലും ദമ്പതികള്‍ക്കിടയില്‍ വലിയ അകലം ഉണ്ടാക്കും. കുട്ടികളുടെ രൂപത്തെയും, ബുദ്ധിയേയും താഴ്ത്തി പറയുന്ന മാതാപിതാക്കള്‍ അവരുടെ ആത്മവിശ്വാസമാണ് തകര്‍ക്കുന്നത്.
- ഭൂതകാലത്തെ പൂര്‍ണ്ണമായും മറക്കുക:- ഭൂതകാലത്തില്‍ നിങ്ങള്‍ ആരെങ്കിലും ആയിക്കൊള്ളട്ടെ. പക്ഷെ, വിവാഹശേഷം നിങ്ങള്‍ കുടുംബത്തിന്റെ തൂണുകള്‍ ആയി മാറുകയാണെന്ന് ഉറപ്പിക്കുക. പഴയ കാലം മന:പൂര്‍വ്വം മറക്കുക. പ്രണയവും, അന്നത്തെ നിങ്ങളുടെ ജീവിതരീതിയുമെല്ലാം കുടുംബജീവിതത്തിലേയ്ക്ക് കടക്കുമ്പോള്‍ മറന്നേ പറ്റൂ. പഴയ പ്രണയകാലത്തെ ഇപ്പോഴുള്ള കുടുംബജീവിതവുമായി താരതമ്യം ചെയ്യരുത്. വിവാഹത്തിനുമുമ്പുള്ള കാലത്തെ ചെറിയ തെറ്റുകള്‍ ഓര്‍ത്തിരുന്നു കുത്തി വേദനിപ്പിക്കാതിരിക്കുക. ആ കാലത്ത് പങ്കാളി എങ്ങനെയായിരുന്നു എന്ന് അന്വേഷിച്ചറിയാനുള്ള വ്യഗ്രത ഉപേക്ഷിക്കുക.
- കൂട്ടുകാരുമൊത്തുള്ള മദ്യപാനം അരുത്:- വീട് നിങ്ങളുടെ മനസ്സാണെന്ന് ഉറപ്പിക്കുക. അതിലേയ്ക്ക് മദ്യത്തിന്റെ ഗന്ധം പരത്തരുത്. മദ്യപാനസദസ്സ് കുടുംബത്തിന്റെ ശാന്തത നശിപ്പിക്കും. സ്ത്രീകളും കുട്ടികളും വീട്ടില്‍ പോലും സുരക്ഷിതരല്ല എന്ന തോന്നലുണ്ടാക്കും. നിങ്ങളുടെ മദ്യപാനം കണ്ടു വളരുന്ന കുട്ടികള്‍ ബീവറേജസിന്റെ മുന്നിലേയ്ക്കോ, ബാറുകളിലേയ്ക്കോ എത്തിയാല്‍ കുറ്റവാളികള്‍ നിങ്ങള്‍ തന്നെ എന്ന് തിരിച്ചറിയണം. മദ്യം വിളമ്പുന്ന ചടങ്ങുകളിലേയ്ക്ക് കുട്ടികളുമൊത്ത് പോവരുത്.
- വിവാഹമോചനം എന്ന വാക്ക് പറയരുത്:- വിവാഹമോചനം എന്ന പദം നിങ്ങളുടെ മനസ്സില്‍നിന്നും മായ്ച്ചു കളയുക. കുട്ടികളോ, പങ്കാളിയോ കേള്‍ക്കെ ആ വാക്ക് പറയരുത്. തമാശയ്ക്കാണെങ്കില്‍പോലും നിന്നെ ഞാന്‍ ഡൈവോഴ്സ് ചെയ്തു കലയും എന്ന് പറയാതിരിക്കുക. പരസ്പരം അറിയാത്ത രണ്ടുപേരെ ഒരുമിപ്പിച്ചത് ദൈവം എന്തെങ്കിലും മനസ്സില്‍ കണ്ടിട്ടായിരിക്കും. അതുകൊണ്ടുതന്നെ ജീവിതത്തില്‍ നന്മ വരും എന്നുറപ്പിക്കുക. നഷ്ടങ്ങളിലും സങ്കടങ്ങളിലും നെഗറ്റീവ് വാക്കുകള്‍ മാത്രം പറയരുത്. നിന്നെ കല്യാണം കഴിച്ചതുകൊണ്ടാണ് എനിക്ക് ഈ പ്രശ്നങ്ങളൊക്കെ വന്നത് എന്ന രീതിയില്‍ പറയരുത്.