ക്ഷമ വല്ലാത്തൊരു വാക്കാണ്. ദഹിക്കാൻ വിഷമമുള്ള വാക്ക്. ക്ഷമിക്കണമെന്ന് പറയാനും എഴുതാനും വളരെയെളുപ്പമാണ്. പക്ഷേ ജീവിതത്തിൽ ക്ഷമ കാണിച്ചുകൊടുക്കാൻ പലർക്കും കഴിയാറില്ല. ഇൗ ജീവിതയാത്രയിൽ ക്ഷമിക്കുന്നവരെക്കാൾ ഞാൻ കൂടുതൽ കണ്ടിട്ടുള്ളത് ക്ഷമിക്കാൻ കഴിയാതെ പോയവരെയാണ്. നമ്മുടെ ആത്മീയപരിസരങ്ങളിൽ നിന്നുകൊണ്ട് വിലയിരുത്തുകയാണെങ്കിൽ ക്ഷമിക്കാൻ കഴിയാത്തത് വലിയൊരു പോരായ്മ തന്നെയാണ്. കാരണം ഒരു മനുഷ്യന് മറ്റൊരു മനുഷ്യനാൽ പീഡിപ്പിക്കാവുന്നതിന്റെ അങ്ങേയറ്റം പീഡിപ്പിക്കപ്പെട്ട വ്യക്തിയായിരുന്നു ക്രിസ്തു.
ക്ഷമയും സ്നേഹവുമെല്ലാം നമുക്ക് എന്തുകിട്ടുന്നുവെന്നോ നമ്മോട് എന്തു ചെയ്യുന്നുവെന്നോ നോക്കിയല്ല കാണിക്കേണ്ടത്. നമുക്കൊന്നും കിട്ടാതെ വരുമ്പോഴും നമ്മോട് അഹിതം കാണിക്കുമ്പോഴും അവരെ സ്നേഹിക്കുക. അതാണ് ക്രിസ്തു പറഞ്ഞതും കാണിച്ചുതന്നതും. ഇങ്ങനെയൊക്കെ പറയുമ്പോഴും ചിലരുടെ ജീവിതങ്ങളുടെ അരികിലൂടെ കടന്നുപോകുമ്പോഴറിയാം ക്ഷമ അത്ര എളുപ്പമല്ലെന്ന്. കൺമുമ്പിലിട്ട് അപ്പൻ അമ്മയെ വെട്ടിക്കൊല്ലുന്നത് കാണേണ്ടിവരുന്ന മക്കൾക്ക് അവരുടെ അപ്പനോട് ക്ഷമിക്കാൻ കഴിയുമോ? ഇസ്തിരിയിട്ട മതപാഠങ്ങൾ കൊണ്ട് ക്ഷമിക്കണമെന്ന് നാം ആവശ്യപ്പെടുമ്പോഴും അവരുടെ മനസ്സിലേറ്റ മുറിവുകളുടെ ആഴം അത്രയും വലുതാണ്. അതാണ് അവർക്ക് ക്ഷമിക്കാൻ കഴിയാത്തത്. ഒരു ബാബുച്ചേട്ടനെ ഒാർമ്മവരുന്നു…
ഒാപ്പൺ ജയിലിൽ വച്ചാണ് ബാബുച്ചേട്ടനെ കണ്ടുമുട്ടിയത്. ഭാര്യയെ കൊന്നതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുകയായിരുന്നു ബാബുച്ചേട്ടൻ. പരിചയപ്പെടുകയും സംസാരിക്കുകയും ഒക്കെ ചെയ്തുകഴിഞ്ഞപ്പോൾ കൈകൾ കൂപ്പി കണ്ണുനിറഞ്ഞ് ബാബുച്ചേട്ടൻ അപേക്ഷിച്ചത് ഒരു കാര്യമായിരുന്നു. എന്റെ മോനോട് അച്ചൻ പറയണം എനിക്കൊരു കത്തെഴുതണമെന്ന്. അവന്റെ അപ്പാ എന്ന വിളി കേൾക്കാൻ എനിക്ക് കൊതിയാകുന്നു. സിനോജ് എന്നായിരുന്നു ബാബുച്ചേട്ടന്റെ മകന്റെ പേര്. ബാബുച്ചേട്ടൻ പറഞ്ഞുതന്ന അഡ്രസ് അനുസരിച്ച് ഒരുനാൾ അവനെ തേടിച്ചെന്നു. സിനോജ് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അവന്റെ അപ്പൻ അമ്മയെ കുത്തിക്കൊന്നത്.
മദ്യപാനിയായിരുന്നു അയാൾ. ഭാര്യയും ഭർത്താവും തമ്മിലുള്ള കശപിശക്കിടയിൽ എപ്പോഴോ അരുതാത്തത് സംഭവിച്ചു. പക്ഷേ ആ ഭീകരദൃശ്യത്തിന് സിനോജ് ദൃക്സാക്ഷിയായി. കോടതിയിൽ അവനാണ് അപ്പനെതിരെ സാക്ഷ്യം പറഞ്ഞത്. ആ സാക്ഷ്യമൊഴിയാണ് ബാബുച്ചേട്ടന് ജീവപര്യന്തം വാങ്ങികൊടുത്തതും. ജയിൽവാസികളുടെ മക്കൾക്ക് വേണ്ടി നടത്തിയ ഒരു ക്യാമ്പിൽ വച്ചാണ് സിനോജിനെ പരിചയപ്പെട്ടത്. ബാബുച്ചേട്ടന്റെ ആഗ്രഹത്തിന്റെ കാര്യം പറഞ്ഞു. മകൻ ഒരു കത്തെഴുതണം. അതിൽ എന്റെ പ്രിയപ്പെട്ട അപ്പാ എന്ന് സംബോധനയുണ്ടാവണം. ഇക്കാലമത്രയും അപ്പനെ ജയിലിൽ സന്ദർശിക്കാത്ത മകൻ. അപ്പനോടുള്ള വിദ്വേഷം പുകഞ്ഞവിറകുപോലെ ഉള്ളിൽ കൊണ്ടുനടക്കുന്ന മകൻ. ഒരു കത്തെഴുതാൻ അവൻ ഒട്ടും സന്നദ്ധനായിരുന്നില്ല. പലതും പറഞ്ഞ് അവന്റെ മനസ്സിനെ മാറ്റിയെടുക്കാൻ പലവട്ടം ശ്രമിച്ചു. ഒടുവിൽ അവൻ കത്തെഴുതാമെന്ന് തീരുമാനിച്ചു. എഴുതാൻ പേനയും പേപ്പറും എടുത്തുകൊടുത്തു. അവൻ കത്തെഴുതുന്നത് ചങ്കിടിപ്പോടെയാണ് നോക്കിനിന്നത്. എന്റെ പ്രിയപ്പെട്ട എന്ന് ഏതൊക്കെയോ രീതിയിൽ അവൻ എഴുതിപിടിപ്പിച്ചു. പക്ഷേ അപ്പാ എന്ന വാക്ക് പേനത്തുമ്പിൽ നിന്ന് വാർന്നില്ല. പകരം അവൻ ഒറ്റ പൊട്ടിക്കരച്ചിലായിരുന്നു. ഒരിക്കലും അവന്റെ ഹൃദയത്തിൽ നിന്ന് എന്റെ പ്രിയപ്പെട്ട അപ്പാ എന്ന സംബോധന ഉയരില്ലെന്ന് അതോടെ എനിക്ക് തീർച്ചയായി. നെടുവീർപ്പോടെ ഞാൻ അവനെ എന്റെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. സോറി അച്ചാ എനിക്ക് കഴിയുന്നില്ല അപ്പനെക്കുറിച്ചോർക്കുമ്പോഴെല്ലാം എന്റെ മുഖത്തേക്ക് ചീറിത്തെറിക്കുന്നത് അമ്മച്ചിയുടെ ചുടുചോരയാ..
സാരമില്ല… ഞാൻ അവന്റെ പുറത്തുതട്ടി പിന്നെയും ആശ്വസിപ്പിച്ചു. കൊലപാതകികളായി ജയിലിൽ അടയ്ക്കപ്പെട്ടവരുടെ ജീവിതത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. അവരിൽ പലരും തെറ്റ് ചെയ്തത് പെട്ടെന്നൊരു നിമിഷത്തിന്റെ അവിവേകത്താലായിരുന്നു. ആസൂത്രിതമോ പകയോ വിദ്വേഷമോ അവയിൽ പലപ്പോഴും കുറവുമായിരുന്നു. ബാബുച്ചേട്ടന്റെ കാര്യം തന്നെ ഉദാഹരണം. പക്ഷേ അതിന് സാക്ഷികളാകേണ്ടിവരുന്ന മക്കളുടെ മനസ്സിന് അതൊന്നും ക്ഷമിക്കാനുള്ള കഴിവില്ല. കൊലപാതകികളാകുമ്പോഴും അവർ സ്നേഹമുള്ള അപ്പനോ മകനോ കൂടപ്പിറപ്പോ ഒക്കെ ആയിരിക്കാം. അതുകൊണ്ടാണ് ജയിലഴിക്കുള്ളിൽ അടയ്ക്കപ്പെട്ടു കഴിയുമ്പോൾ അവർ തങ്ങളുടെ പ്രിയപ്പെട്ടവരെയോർത്ത് വിലപിക്കുന്നത്. അവരെ കാണാൻ കൊതിക്കുന്നത്. പക്ഷേ ജയിൽപ്പുള്ളികൾക്ക് പലപ്പോഴും അത്തരം ഭാഗ്യങ്ങളൊന്നും കിട്ടാറില്ല. ബാബുച്ചേട്ടനെപോലെയുള്ളവർക്ക് പ്രത്യേകിച്ചും. മനോജിന്റെ കത്ത് ഒരിക്കൽ പോലും ബാബുച്ചേട്ടനെ തേടിച്ചെന്നില്ല. പിന്നീട് ബാബുച്ചേട്ടൻ ജയിൽ മോചിതനായി. മകളുടെ വീട്ടിലെത്തിയപ്പോൾ മകളും അപ്പനെ സ്വീകരിക്കാൻ തയ്യാറായില്ല. അപ്പന് മുമ്പിൽ അവൾ എന്നേയ്ക്കുമായി വാതിൽ കൊട്ടിയടച്ചു.
ഒരു നിമിഷത്തിന്റെ അവിവേകത്തിന് വലിയ വില കൊടുക്കേണ്ടിവരുന്നവർ…നിസ്സഹായർ… സമൂഹത്തിനും ബന്ധുക്കൾക്കുമെല്ലാം അവർ കുറ്റവാളികളാകുമ്പോഴും ഇക്കൂട്ടർ നെഞ്ചിൽ പേറുന്ന സങ്കടങ്ങളുടെയും നിസ്സഹായതകളുടെയും ആഴം അളക്കാൻ ആർക്കാണ് കഴിയുക? തനിക്ക് മുമ്പിൽ അടഞ്ഞ വാതിലിനെ നോക്കി ഏറെ നേരം നിന്നതിന് ശേഷം ബാബുച്ചേട്ടൻ കണ്ണുതുടച്ച് തിരികെ നടന്നു, എവിടേയ്ക്കെന്നില്ലാതെ. പിന്നെ ബാബുച്ചേട്ടനെക്കുറിച്ച് ആരും ഒന്നും അറിഞ്ഞിട്ടില്ല.
ഫാ. അലക്സാണ്ടർ കുരീക്കാട്ടിൽ