ഏതിനും ചില അതിരുകൾ നിശ്ചയിക്കേണ്ടതുണ്ട്. സീബ്രാ ലൈനുകൾ മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന ജാഗ്രതയെന്നതുപോലെ… നാലുവരിപ്പാതയിലെ നിയമങ്ങളെന്നതുപോലെ… ചെറുതായിട്ടെങ്കിലും അതിരുകൾ ഭേദിക്കപ്പെട്ടാൽ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുമെന്നത് ഉറപ്പ്. വിശ്വാസത്തിനും ഇത് ബാധകമാണ്. കാരണം മതത്തിന്റെ ഭാഗമായുള്ള വിശ്വാസത്തിന്റെ പേരിലെന്ന വ്യാജേന കേരളസമൂഹം കളങ്കപ്പെട്ട, ഭയപ്പെട്ട, ആശങ്കാഭരിതരായ സംഭവങ്ങളിലൂടെയാണ് കഴിഞ്ഞമാസം നാം കടന്നുപോയത്.
ഇസ്തിരിയിട്ടതുപോലെയുള്ള ചില മതവിശ്വാസങ്ങൾക്ക് പോലും പുനർചിന്തയും പുതുക്കിപ്പണിയലും ആവശ്യമുണ്ടെന്ന് തോന്നിപ്പോകുകയാണ്. ഏതൊരു തരത്തിലുള്ള ഹിംസയും വാഴ്ത്തപ്പെടേണ്ടതല്ല. മറ്റൊരാളെ ചെറുതായി പോലും മുറിവേല്പിക്കുന്നത്, അവരുടെ രക്തം ചിന്തുന്നത് ഇതൊക്കെ മതവിശ്വാസത്തിന്റെ ഭാഗമായി കടന്നുകൂടുന്നതിനെക്കുറിച്ച് ഇനിയും സ്ഥിരമായി നില്ക്കുന്ന വിധത്തിലുള്ള അസ്വസ്ഥത നമ്മെ പിടികൂടിയിട്ടില്ല എന്നതല്ലേ വാസ്തവം. വെള്ളപ്പൊക്കം വരുമ്പോൾ മാത്രം അതേക്കുറിച്ച് പരിതപിക്കുകയും വെള്ളം ഇറങ്ങിപ്പോയിക്കഴിയുമ്പോൾ അത് വിസ്മരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് വിശ്വാസത്തിന്റെ പേരിലുള്ള അനാചാരങ്ങളുടെ കാര്യത്തിലും ബാധകമാണ്. അന്ധവിശ്വാസങ്ങളെക്കുറിച്ച് വായ് തോരാതെ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന മാധ്യമങ്ങൾ പോലും പരസ്യവരുമാനത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങി ക്ലാസിഫൈഡ് മുതൽ സപ്ലിമെന്റ് വരെ ഇത്തരം പരസ്യങ്ങൾ സ്വീകരിക്കുന്നതും അപലപിക്കേണ്ടതുതന്നെ.
പരിഷ്‌കൃതസമൂഹമെന്ന് നെഞ്ചുവിരിച്ചുനില്ക്കുന്ന നമ്മുടെ വിവിധ മതവിഭാഗങ്ങളുടെ പരസ്യപ്രകടനങ്ങളിൽ പോലും അസ്വസ്ഥപ്പെടുത്തുന്ന ചില ആചാരങ്ങളുണ്ടെന്നതും നിഷേധിക്കാനാവില്ല. ഇതിനൊക്കെ എന്ന് അവസാനമുണ്ടാകും. ആര് ഇതിനെതിരെ രംഗത്തിറങ്ങും?
വിശ്വാസം നല്ലതാണ്, പക്ഷേ അത് അന്ധവിശ്വാസമാകാതിരുന്നാൽ മതി. മറ്റുള്ളവരെ വിശ്വാസത്തിലെടുക്കേണ്ടത് ആവശ്യമാണ്. പക്ഷേ കണ്ണടച്ചും കണ്ണുപൂട്ടിയും ആരെയും വിശ്വസിക്കരുത്. കാരണം നമുക്ക് തന്നെയറിയില്ല നാം ആരാണെന്ന്. പ്രതികൂല സാഹചര്യത്തിലും അഭിരുചികളെ തൃപ്തിപ്പെടുത്താൻ കഴിയുന്ന അനുകൂലസാഹചര്യങ്ങളിലും നാം എങ്ങനെ പ്രതികരിക്കുമെന്ന്… നമ്മുടെ ഉള്ളിലെ ആസുരതകൾക്ക് എത്രത്തോളം ആഴമുണ്ടെന്ന്… അപ്പോൾ മറ്റുള്ളവർക്കെങ്ങനെ നാമാരാണെന്ന് നിശ്ചയിക്കാൻ കഴിയും?
അതിരുകളുണ്ടാവട്ടെ, വ്യക്തിബന്ധങ്ങളിലും മതവിശ്വാസങ്ങളിലും. ബോധപൂർവ്വമായ അകലങ്ങൾ കൂട്ടിയിടികൾ ഒഴിവാക്കുമല്ലോ.
ആശംസകളോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്