ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിൽ കഴിഞ്ഞദിവസം ചങ്ങാതി വിളിച്ചിരുന്നു. അവൻ പങ്കുവച്ച ആശങ്കകൾ ഇങ്ങനെയായിരുന്നു. ‘ ഇനിയൊരിക്കലും നമുക്ക് പഴയതുപോലെയാകാനാവില്ല. ഒന്നും പഴയതുപോലെയാക്കപ്പെടുന്നില്ല.’
അതെ. ലോകം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വസ്ത്രം പോലെ മാസ്‌ക്കും സർവ്വസാധാരണമാകുന്നു. കൂട്ടം ചേരലുകളും കൂടിച്ചേരലുകളും പരിമിതമാക്കപ്പെടുന്നു. പലർക്കും ജോലി നഷ്ടമാകുന്നു, പുതിയ ജോലികൾ ലഭിക്കാതെയാകുന്നു. വീടിന് വെളിയിലേക്ക് ഇറങ്ങാൻ ഭയക്കുന്ന കാലം. ഓരോരുത്തരും അവനവനിലേക്ക് തന്നെ ചുരുങ്ങുന്ന കാലം. പഴയകാല കൂട്ടായ്മകളും പഴയതുപോലെയുള്ള സ്വതന്ത്രവിഹാരങ്ങളും ഇല്ലാതെയാകുന്നു. ശരിയായിരിക്കാം, ഇനിയൊരിക്കലും നമുക്ക് പഴയതുപോലെയാകാനാവില്ലായിരിക്കും.
അങ്ങനെയെങ്കിൽ നാം ചെയ്യേണ്ടത് പുതിയ രീതികൾക്കനുസരിച്ച് പുതിയ ശൈലി രൂപപ്പെടുത്തിയെടുക്കുകയാണ്. പുതിയ ജീവിതക്രമം നിശ്ചയിക്കുകയാണ്. പുതിയ ശൈലികളും ശീലങ്ങളും നടപ്പിൽവരുത്തുകയാണ്. അതിന് വേണ്ടിയുള്ള മാനസികമായ തയ്യാറെടുപ്പുകൾ നാം നടത്തേണ്ട സമയമാണ് ഇത്. വിത്ത് വിതയ്ക്കുന്നതിന് മുമ്പായി നിലം ഉഴുതാറുള്ളതുപോലെ, അനുകൂലമായ കാലാവസ്ഥയ്ക്ക് കാത്തിരിക്കുന്നതുപോലെ പുതിയൊരു കാലത്തിലേക്ക് പ്രവേശിക്കാൻ നാം മാനസികമായും ശാരീരികമായും തൊഴിൽപരമായും സാമൂഹ്യമായും മുന്നൊരുക്കങ്ങൾ നടത്തുക.
അതുപോലെ നഷ്ടപ്പെട്ടുപോയ ആയുസും ദിനങ്ങളും നഷ്ടപ്പെടുത്തിക്കളഞ്ഞ അവസരങ്ങളും ഇനി നമുക്ക് തിരിച്ചുപിടിക്കാനാവില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് ഇന്നിൽ ജീവിക്കാൻ ശ്രമിക്കുക. ഇന്നിന്റെ സന്തോഷങ്ങൾ നാളേയ്ക്കു നീട്ടിവെക്കാതിരിക്കുക. കുടുംബത്തിലും സൗഹൃദബന്ധങ്ങളിലുമൊക്കെയുണ്ടായിക്കൊണ്ടിരിക്കുന്ന അകൽച്ചകളെയും ഇടർച്ചകളെയും ഇന്നുതന്നെ പരിഹരിച്ച് നല്ലൊരു നാളേയ്ക്കുവേണ്ടി ഒരുങ്ങുക.
വിജയാശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്