മരിച്ച സുഹൃത്തിന്റെ ഫേസ്ബുക്ക്
ഇപ്പോഴും ചിരിച്ചു കിടക്കുന്നു!
ഫേസ്ബുക്കിനറിയുമോ
അതിന്റെ ഉടമ ജീവിച്ചിരിപ്പില്ല എന്ന്?
ചിരിച്ചിത്രങ്ങൾ നിരത്തി വച്ച്
അത് പുതിയ സൗഹൃദങ്ങളെ
സ്വാഗതം ചെയ്യുന്നു…
ആഘോഷ രാവുകളെ
ആൽബത്തിൽ നിറച്ച്
ജീവന്റെ നാടകം
വൃഥാ കെട്ടിയാടുന്നു!
പ്രതികരണങ്ങളുടെ,
ആഹ്‌ളാദ നിമിഷങ്ങളുടെ,
രോഷത്തിന്റെ,
പ്രണയത്തിന്റെ
പൂമാലകൾ കോർത്ത്
ഭിത്തിയിൽ തൂക്കിയിടുന്നു…
നിശ്ചലചിത്രങ്ങളും
ചലനചിത്രങ്ങളും
പ്രദർശനശാലയൊരുക്കിയ
മുഖപ്പുസ്തക ഭിത്തിയിൽ
മരണവാർത്ത അറിഞ്ഞ
വഴിപോക്കന്റെ നെടുവീർപ്പ്!
സുഹൃത്തിന്റെ
നിശബ്ദമായ തേങ്ങൽ…
മരിച്ച സുഹൃത്തിന്റെ ഫേസ്ബുക്ക്
ഇപ്പോഴും ചിരിച്ചു കിടക്കുന്നു!
അഭിലാഷ് ഫ്രെയ്സർ