പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി സുരേഷിന്റെയും കമലയുടെയും രണ്ടാമത്തെ മകൾ ശ്രീധന്യ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുതിയ പര്യായമാണ്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ സിവിൽ സർവീസ് റാങ്ക് ജേതാവ് എന്നതാണ് ശ്രീധന്യയെ കേരളചരിത്രം സവിശേഷമായ അടയാളപ്പെടുത്തിയിരിക്കുന്നത്. ആലത്തൂരിന്റെ (കേരളത്തിന്റെയും) രമ്യ ഹരിദാസിനെക്കാളും പരിതാപകരമായ ജീവിതചുറ്റുപാടുകളും കുടുംബസാഹചര്യങ്ങളുമായിരുന്നു ശ്രീധന്യയുടേത്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്.വീട് എന്ന് പറയാൻ പോലും പറ്റില്ല. കൂരയെന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം. ചോർച്ചയെ നേരിടാൻ പ്ലാസ്റ്റിക്ക്. പഴയ സാരിയും പ്ലാസ്റ്റിക്കും തന്നെ ജനാലകളും. പുസ്തകം സൂക്ഷിക്കുന്നത് ചാക്കിൽ കെട്ടി.
സർക്കാർ സ്‌കൂളിലും മലയാളം മീഡിയത്തിലുമായിരുന്നു പഠനം.
ഇങ്ങനെ പലവിധത്തിലുള്ള പ്രതികൂലങ്ങൾക്കിടയിലും ശ്രീധന്യയുടെ മനസ്സിൽ ഒരു സ്വപ്നം പൂവിരിയുന്നുണ്ടായിരുന്നു. ഐഎഎസ്. മൂന്നുവർഷം മുമ്പ് മനസ്സിൽ വിരിഞ്ഞ ആ സ്വപ്നം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട്. തന്റെ മുമ്പിലെ തടസ്സങ്ങളോ ഇല്ലായ്മകളോ പ്രതിബന്ധങ്ങളോ ഒന്നും തോറ്റു പിന്മാറാൻ ശ്രീധന്യയെ പ്രേരിപ്പിച്ചില്ല. ആത്മവിശ്വാസത്തോടെ ഐഎഎസ് കോച്ചിംങിന് ചേർന്നു. മലയാളം ഐച്ഛികവിഷയമായെടുത്തു. രണ്ടാം തവണ പ്രിലിമിനറിയും ഐഎഎസും പാസായി. അങ്ങനെ ആദിവാസികൾക്കിടയിലെ ആദ്യത്തെ ഐഎഎസു കാരി എന്ന ഖ്യാതിയോടെ ശ്രീധന്യ വരും തലമുറയ്ക്കെല്ലാം പ്രചോദനമായി ശോഭിക്കുന്നു.