മനുഷ്യനോട് നീ ഒരു മൃഗമാകരുത് എന്ന് പറയാറുണ്ട്. പക്ഷേ ഒരു മൃഗത്തിനോടും നീ ഒരു മനുഷ്യനെപ്പോലെയാകരുത് എന്ന് പറയാറില്ല. കാരണം മൃഗം മനുഷ്യനൊപ്പമൊരിക്കലും ആകുന്നില്ല. എന്നാല്‍ മനുഷ്യന്‍ തന്നിലെ അധമവാസനകള്‍ കൊണ്ട് പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുമ്പോള്‍ അവന്‍ ചിലപ്പോഴെങ്കിലും മൃഗതുല്യമാകുന്നു. അതുകൊണ്ടാണ് മൃഗമാകരുത് എന്നും മൃഗത്തെപോലെയാകരുത് എന്നും ശാസിക്കുന്നത്. മനുഷ്യനാണ് മുഖ്യം. മൃഗങ്ങളെക്കാളും സൃഷ്ടപ്രപഞ്ചങ്ങളെക്കാളും മനുഷ്യനാണ് വലുത്.
പക്ഷേ ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട് മനുഷ്യന് ചിലഅവസരങ്ങളില്‍ മൃഗത്തെക്കാള്‍ വില കുറവാണെന്ന്. അല്ലെങ്കില്‍ മനുഷ്യനെയും മൃഗത്തെയും ഒരേ തട്ടില്‍ പ്രതിഷ്ഠിച്ച് തൂക്കിനോക്കുമ്പോള്‍ മൃഗങ്ങളുടെ തട്ടിനാണ് തൂക്കം കൂടുതലുള്ളതെന്ന്. ബീഫിന്റെയും മറ്റും പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴാണ് അങ്ങനെയൊരു തോന്നല്‍ ആദ്യമായി ഉണ്ടായത്. ബീഫിറച്ചി കഴിച്ചു അല്ലെങ്കില്‍ പശുവിനെ ബഹുമാനിച്ചില്ല എന്നെല്ലാം ആരോപിച്ച് വന്യമൃഗങ്ങളെക്കാളും അക്രമാസക്തരായി ഒരാള്‍ക്കൂട്ടം നിസ്സഹായനായ മനുഷ്യന് നേരെ ചാടിവീഴുമ്പോള്‍ വ്യക്തമാക്കുന്നത് മനുഷ്യന് മൃഗത്തെക്കാള്‍ വിലയില്ലെന്ന് തന്നെയാണ്. ഇതെന്തൊരു വൈരുദ്ധ്യമാണ്. മനുഷ്യനാണ് എല്ലാറ്റിന്റെയുംഅധിപനും പരിപാലകകനും എന്നിരിക്കെ അവന്റെ അധീനതയിലുള്ള ഒന്നിനെക്കാള്‍ അവനെ വില കുറച്ചുകാണുന്നത്.
ഇപ്പോഴിതാ വയനാട്ടില്‍ നിന്ന് ഒരു സമരത്തിന്റെ കാഹളങ്ങള്‍ ഉയര്‍ന്നുകേട്ടുകൊണ്ടിരിക്കുന്നു. വയനാട്ടിലൂടെയുള്ള ദേശീയപാത 766 ല്‍ രാത്രിയാത്ര നിരോധിക്കപ്പെട്ടതാണ് സമരത്തിലേക്ക് വലിച്ചിഴച്ചിരിക്കുന്നത്. യാത്രകള്‍ നിരോധിക്കാനുള്ള കാരണമോ കടുവകള്‍ക്കും ആനകള്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടിയും. ഇവിടെയും ആ ചോദ്യം ഉയരുന്നു, മനുഷ്യനാണോ മൃഗങ്ങളാണോ വലുത്?
തീര്‍ച്ചയായും മൃഗങ്ങളെ പരിപാലിക്കണം. അവയുടെ ജീവനും സംരക്ഷിക്കപ്പെടണം. പ്രകൃതിയും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയും അതിന്റെ തനിമയോടെ നിലനിര്‍ത്തുകയും വേണം. ഇക്കാര്യത്തിലൊന്നും ആര്‍ക്കും ഒരു സംശയവുമില്ല. സമരം നടത്തുന്നവര്‍ക്കുപോലും ഇതില്‍ എതിരഭിപ്രായമുണ്ടാവില്ല. പക്ഷേ ആനയ്ക്കും പുലിക്കും കടുവയ്ക്കും വേണ്ടി മനുഷ്യനെ അപ്രധാനീകരിക്കരുത് അവന്റെ യാത്രകളെയും ലകഷ്യങ്ങളെയും തടയരുത്. എവിടെയും മനുഷ്യന് പ്രാമുഖ്യംകൊടുക്കുക. അവന്റെ ന്യായമായ അവകാശങ്ങളെ മാനിക്കുക. അതിനപ്പുറമുള്ളതെല്ലാം നീതിക്കും മനുഷ്യത്വത്തിനും വിരുദ്ധമാണ്. മൃഗീയമാണ്.
മനുഷ്യന്റെ യാത്രകളെ മുടക്കാതെയും തടയാതെയും വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ പോം വഴികളില്ലേ? ഭരണകൂടം ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണ് ഇത്.
സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്നത് ഒരു പ്രദേശത്തിന്റെ മാത്രം സമരമായി കൈയും കെട്ടിനോക്കിനില്ക്കാനാവില്ല. അത് മനുഷ്യത്വരഹിതമായ നിയമവ്യവസ്ഥകള്‍ക്കെതിരെയുള്ള സമരമാണ്. അതിന്റെ അലയൊലികള്‍ എവിടെയും ചെന്നെത്തുന്നുണ്ട അതുകൊണ്ട് കേരളസമൂഹം ഒന്നാകെ ഇതിനെതിരെ അണിനിരക്കണം. അവര്‍ക്ക് ഒപ്പമുണ്ടാകണം. ഒപ്പം അവര്‍ക്കൊപ്പമാണ്. മനുഷ്യത്വത്തിനും മനുഷ്യരുടെ അവകാശങ്ങള്‍ക്കും മഹത്വത്തിനും ഒപ്പം.