വിവാഹിതരായിട്ട് രണ്ടുവർഷം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ ആ ദമ്പതികൾ. പക്ഷേ അപ്പോഴേക്കും അവർക്കിടയിൽ പ്രശ്നങ്ങൾ കുന്നോളം ഉയർന്നുകഴിഞ്ഞിരുന്നു. അതിന്റെ ഒടുവിൽ ഭാര്യ വിവാഹമോചനം എന്ന് ഉറക്കെ പറഞ്ഞു. സ്വഭാവികമായും അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്തു. എന്നാൽ ഭർത്താവിനാകട്ടെ ഡിവോഴ്‌സ് ആവശ്യമായിരുന്നില്ല. ഭാര്യ അത്തരമൊരു ആവശ്യം പറഞ്ഞതുതന്നെ അയാളെ സങ്കടപ്പെടുത്തിക്കളഞ്ഞു. എന്നിട്ടും ഭാര്യയുടെ ഇഷ്ടം അതാണെങ്കിൽ താനായി അവളെ വേദനിപ്പിക്കില്ല എന്ന മട്ടായിരുന്നു അയാൾക്ക്.
കൗൺസലിംങിനായി എത്തിയപ്പോഴാണ് ഭാര്യ പ്രശ്നങ്ങളുടെയും പരാതികളുടെയും കെട്ടഴിച്ചത്. ഭർത്താവിന് സ്നേഹപ്രകടനങ്ങൾ താല്പര്യമില്ലെന്നും തന്നെ സ്നേഹിക്കുന്നതേയില്ലെന്നും ആയിരുന്നു പ്രധാന പരാതി. കൂട്ടുകുടുംബം അല്ലാതിരുന്നിട്ടുപോലും ബെഡ്റൂമിന് വെളിയിൽ വച്ച് ഒരു ആലിംഗനമോ ചുംബനമോ ഒന്നും നല്കാൻ തയ്യാറാകുന്നില്ല. എപ്പോഴെങ്കിലും ഒന്ന് കെട്ടിപിടിക്കാൻ തുനിഞ്ഞാൽ ഛേ ആരെങ്കിലും കാണും നിനക്ക് നാണമില്ലേ എന്ന് പറഞ്ഞ് ദേഷ്യപ്പെടുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുമത്രെ. കിടപ്പറയിൽ പോലും സ്നേഹപ്രകടനങ്ങൾ കുറവ്. ഭർത്താവുമായി സംസാരിച്ചപ്പോൾ പറഞ്ഞത് തന്റെ ഹൃദയം നിറയെ ഭാര്യയോടു സ്നേഹമാണെന്നാണ്. എന്നാൽ അത് എങ്ങനെ പ്രകടിപ്പിക്കണം എന്ന് അയാൾക്കറിയില്ല പോലും. അയാളുടെ കുടുംബസാഹചര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് കൗൺസലർക്ക് കാര്യം വ്യക്തമായത്. ഒരു കർഷക കുടുംബത്തിലാണ് അയാൾ ജനിച്ചുവളർന്നത്.
അപ്പന്റെ മാതാപിതാക്കളും കൂടപ്പിറപ്പുകളും ബന്ധുക്കളുമെല്ലാമുള്ള വലിയ കുടുംബം. സ്വഭാവികമായും ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹം എന്ന് പറയുന്നത് അടച്ചിട്ട വാതിലുകൾക്കപ്പുറം മാത്രമുള്ളതാണെന്ന ധാരണയിലേക്ക് അയാൾ വളർന്നു. മുതിർന്നപ്പോഴും വിവാഹിതനായപ്പോഴും അങ്ങനെ തന്നെ വിശ്വസിച്ചു.
പക്ഷേ ഭാര്യയുടേത് വ്യത്യസ്തമായ കുടുംബസാഹചര്യമായിരുന്നു. ഉദ്യോഗസ്ഥരായ മാതാപിതാക്കളും നഗരവാസികളും. മാതാപിതാക്കൾ തമ്മിലുള്ള ഇഴയടുപ്പവും സ്നേഹപ്രകടനങ്ങളും കണ്ടുവളർന്ന അവൾ സ്വഭാവികമായും ആ വഴി തന്റെ ദാമ്പത്യബന്ധത്തിലും ആഗ്രഹിച്ചു.
മാതാപിതാക്കൾ തമ്മിലുള്ള സ്നേഹപ്രകടനം കണ്ടുവളരാത്ത അയാളാകട്ടെ താൻ കണ്ടതുപോലെ വിവാഹബന്ധം തുടരുകയും ചെയ്തു. രണ്ടുപേരുടെയും കുറവുകളും നന്മകളും കണ്ടെത്തി വിശദമായ ഒരു കൗൺസലിംങ് നല്കിയാണ് വിവാഹമോചനത്തിൽ നിന്ന് അവരെ രക്ഷപ്പെടുത്തിയെടുത്തത്.
കുഞ്ഞുങ്ങളുടെ സ്വഭാവരൂപവല്ക്കരണത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകം കുടുംബവും മാതാപിതാക്കളുമാണെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാകാൻ വഴിയില്ല. ആദ്യത്തെ വിദ്യാലയം കുടുംബവും പാഠപുസ്തകം മാതാപിതാക്കളുമാണെന്നാണല്ലോ പറയുന്നതും. അതുകൊണ്ടുതന്നെ മക്കൾ കുടുംബത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നും പഠിച്ചെടുക്കുന്ന കാര്യങ്ങൾ അവരുടെ ജീവിതത്തെ ബാധിക്കുന്നു. വ്യക്തിജീവിതത്തിലും ദാമ്പത്യജീവിതത്തിലും സാമൂഹ്യജീവിതത്തിലും അത് പ്രകടമാകുകയും ചെയ്യുന്നു.
അച്ഛനെ അവഗണിച്ചും ചീത്തവിളിച്ചും വെല്ലുവിളിച്ചും ജീവിക്കുന്ന ഒരു മകളിൽ അമ്മയുടെ സ്വാധീനമുണ്ടാകാം. അമ്മയെ മർദ്ദിച്ചും അടിച്ചൊതുക്കിയും ജീവിക്കുന്ന മകനിൽ അച്ഛന്റെ സ്വാധീനവുമുണ്ടാകാം. അവർ കേൾക്കുന്നതാണ് പിന്നീട് മറുപടികളായി പുറത്തേക്കുവരുന്നതും. സുധി അന്ന സംവിധാനം ചെയ്ത ‘ഹല്ലേലൂയ്യ’ എന്ന സിനിമയിലെ രംഗം ഓർമ്മ വരുന്നു. അവിടെ മദ്യപനായ അച്ഛൻ തന്നെ ശല്യപ്പെടുത്തുന്ന ഒരുപൂച്ചയെ വിളിക്കുന്നത് ചീത്തവാക്കാണ്. കൊച്ചുകുട്ടിയായ മകൻ അത് കേൾക്കുന്നുണ്ട്. പിന്നീട് മറ്റൊരു അവസരത്തിൽ വൈദികനും നാട്ടുപ്രമാണിമാരും വീട്ടിൽ എത്തിയ സമയത്ത് മകൻ പൂച്ചയെ വിളിക്കുന്നത് അപ്പൻ സംബോധന ചെയ്ത പേരാണ്. അതാവട്ടെ അച്ഛനെ രോഷാകുലനാക്കുകയും മകനെ അയാൾ അടിക്കുകയും ചെയ്യുന്നു.
ഇവിടെ നാം ബോധപൂർവ്വം ചെയ്യേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ ജീവിതത്തിലുള്ള തെറ്റായ സ്വാധീനങ്ങളെ നിയന്ത്രിക്കുക, തിരുത്തുക. ശരിയും തെറ്റും തിരിച്ചറിഞ്ഞ് ഗുണകരമായത് തിരഞ്ഞെടുക്കുക. നമുക്കും മറ്റുള്ളവർക്കും ഇണയ്ക്കും നന്മയ്ക്ക് കാരണമാകുന്നത് സ്വീകരിക്കുക. നമ്മുടെ വിദ്യാഭ്യാസം, അനുഭവം, ലോകപരിജ്ഞാനം എന്നിങ്ങനെ ഒരുപാടു കാരണങ്ങൾ ഇവിടെ ഇത്തരത്തിലുള്ള മാറ്റത്തിനു കാരണമാകണം. വിദ്യാഭ്യാസവും ഉയർന്ന ജോലിയും ഉണ്ടായിരുന്നിട്ടും എത്രയോ ദമ്പതിമാരുണ്ട് മോശപ്പെട്ട വാക്കുകൾ കുടുംബത്തിൽ പരസ്പരം പ്രയോഗിക്കുകയും തങ്ങളുടെ മാതാപിതാക്കളുടെ മോശപ്പെട്ട പ്രകടനം കൊണ്ടുനടക്കുകയും ചെയ്യുന്നവരായിട്ട്. ഇത് ശരിയായ രീതിയല്ല.
മാതാപിതാക്കൾ ഒറ്റയ്ക്കൊറ്റയ്ക്ക് നല്ല വ്യക്തികളാകുമ്പോഴും അവർ ഒരുമിച്ചുചേരുമ്പോൾ ചിലപ്പോൾ അവരാഗ്രഹിക്കുന്നതുപോലെയോ നാം ആഗ്രഹിക്കുന്നതുപോലെയോ അവർ ആയിത്തീരണമെന്നില്ല. അപ്പോൾ അവരിലെ നന്മയായിട്ടുള്ളതുമാത്രം സ്വീകരിക്കുക. ബാല്യകാലത്ത് നമ്മുടെ വ്യക്തിത്വത്തെ ദോഷകരമായി ബാധിച്ചത് മക്കൾക്ക് തിരികെ കൊടുക്കാതിരിക്കാൻ ശ്രമിക്കുക. മാതാപിതാക്കളിൽ നിന്ന് എങ്ങനെയൊരു പെരുമാറ്റമാണോ ആഗ്രഹിച്ചത് അതു മക്കൾക്ക് നല്കാൻ നാം തീരുമാനിക്കണം. അന്ന് കിട്ടാതെ പോയത് ഇന്ന് മക്കൾക്ക് നല്കാൻ സന്നദ്ധരായിരിക്കണം. മാതാപിതാക്കൾ നമ്മുടെ ജീവിതത്തിൽ ഏല്പിച്ച തെറ്റായ സ്വാധീനങ്ങളിൽ നിന്ന് ആദ്യം പുറത്തുകടക്കണം.
മാതാപിതാക്കൾ എന്ന നിലയിൽ അവർക്ക് ബഹുമാനവും ആദരവും പരിഗണനയും കൊടുക്കുമ്പോഴും അവരുടെ മോശമെന്ന് തോന്നുന്ന ജീവിതം അനുകരിക്കാനല്ല ശ്രമിക്കേണ്ടത്. അതിൽ നിന്ന് ഭിന്നമായി അവരുടേതിനെക്കാൾ നല്ല ജീവിതം ജീവിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. അതാണ് നമ്മുടെ സാധ്യതയും.