ആരോഗ്യവിപ്ലവത്തിൽ വാഴപ്പഴത്തിനുള്ള പ്രാധാന്യം വിസ്മരിക്കാനാവില്ല. കാരണം സ്വഭാവികമായ മധുരവും പഴങ്ങളിലും തേനിലും മറ്റും കാണപ്പെടുന്ന പഞ്ചസാരയും വലിയ തോതിൽ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ രീതിയിൽ ഏത്തപ്പഴം ഉപയോഗിക്കപ്പെടുന്നുണ്ട്. അമേരിക്കയിലും മറ്റും ആപ്പിൾ, ഒാറഞ്ച് എന്നിവയെക്കാൾ കൂടുതലായി കഴിക്കുന്നത് വാഴപ്പഴമാണെന്നും പറയപ്പെടുന്നു. പാകമായ ഏത്തപ്പഴത്തിൽ നല്ല അളവിൽ tumour necrosis factor അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കാൻസർ സെല്ലുകളെ നശിപ്പിക്കാൻ അവയ്ക്ക് കഴിവുണ്ട് ആന്റി ഒാക്സിഡന്റുകളായ ഏത്തപ്പഴം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചുവന്ന രക്താണുക്കളുടെ എണ്ണം കൂട്ടാനും സഹായിക്കുന്നുണ്ട്.
മലബന്ധം തടയുന്നു എന്നതാണ് മറ്റൊരു ഗുണം. നാരുകൾ അടങ്ങിയ വാഴപ്പഴം കഴിക്കുമ്പോൾ ശോധനയ്ക്കുള്ള തടസ്സങ്ങൾ ഒഴിവായിക്കിട്ടുന്നു. ഹൃദയാരോഗ്യത്തിനും ഇത് അത്യുത്തമമാണ്. പനിയുള്ളപ്പോൾ വാഴപ്പഴം നിർദ്ദേശിക്കപ്പെടാറുണ്ട്. ശരീരത്തിന്റെ താപനില നിയന്ത്രിക്കാൻ ഇതിന് കഴിവുള്ളതുകൊണ്ടാണ് അത്തരമൊരു നിർദ്ദേശം നല്കുന്നത്. വർക്കൗട്ട് ചെയ്യുന്നതിന് മുമ്പ് ഒന്നോ രണ്ടോ വാഴപ്പഴം കഴിക്കുന്നത് ഉന്മേഷത്തോടെ എക്സർസൈസുകൾ ചെയ്യാനും ക്ഷീണം തടയാനും സഹായിക്കും വിറ്റമിനുകൾ, മിനറൽസ്, പൊട്ടാസ്യം എന്നിവ ഇൗ പഴത്തിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.
ആരോഗ്യപരമായ പ്രയോജനങ്ങളെക്കുറിച്ചാണ് ഇതുവരെ പറഞ്ഞതെങ്കിൽ ഇനി വാഴപ്പഴം കൊണ്ടുള്ള മനസ്സിന് ലഭിക്കുന്ന നന്മകളെക്കുറിച്ചുകൂടി പറയാം. വിഷാദത്തെ കീഴടക്കാൻ ഏറ്റവും എളുപ്പമായ മാർഗ്ഗം വാഴപ്പഴം അനുദിനം ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ്. മനസ്സിനെ സ്വസ്ഥതയിലേക്ക് നയിക്കാനും റിലാക്സേഷൻ നല്കാനും ഇതുവഴി സാധിക്കും. ആരോഗ്യമില്ലെങ്കിൽ അതുതന്നെ മനസ്സ് അസ്വസ്ഥപ്പെടുത്തും. ഇനി ആരോഗ്യമുണ്ടെങ്കിലും മനസ്സിന് സ്വസ്ഥത ഇല്ലെങ്കിൽ എന്തുപ്രയോജനം? അതുകൊണ്ട് മനസ്സിനും ശരീരത്തിനും ഒന്നുപോലെ ഗുണകരമായ വാഴപ്പഴം എല്ലാദിവസവും കഴിക്കുക.