മരണം നിസ്സഹായരാക്കുന്ന ജീവിതങ്ങളുടെ കഥ

Date:

മരണമാണോ ജീവിതമാണോ കൂടുതൽ ശക്തം? മരിച്ചവർ ഒന്നും അറിയാതെയും ആരെയും  അറിയിക്കാതെയും കടന്നുപോകുമ്പോൾ മരണത്തിന് പിന്നിൽ ബാക്കിയാകുന്നവർക്ക്  അതൊരു ദൗത്യനിർവഹണം കൂടിയാണ്. ആ മരണം വലിയ ആഘാതങ്ങളും അവർക്ക് സമ്മാനിക്കുന്നു. അതുകൊണ്ട് എല്ലായ്‌പ്പോഴും മരണമല്ല ജീവിതമാണ് കൂടുതൽ ശക്തവും തീവ്രവും. ഓരോ മരണവും  മരിച്ചവരെയല്ല ജീവിച്ചിരിക്കുന്നവരെയാണ് ബാധിക്കുന്നത്.. അവരാണ് ആ മരണത്തെ അതിജീവിക്കുകയും നേരിടുകയും ചെയ്യേണ്ടത്.. അവരാണ് ആ മരണത്തിന്റെ എല്ലാവിധ സങ്കീർണ്ണതകളിലൂടെയും കടന്നുപോകേണ്ടതും.

ലിജോ ജോസ് പല്ലിശ്ശേരി- പിഎഫ് മാത്യൂസ് കൂട്ടുകെട്ടിൽ രൂപം കൊണ്ട ഈ മ യൗ എന്ന ചിത്രം  ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്ന ഒരു കുടുംബത്തിന്റെ സങ്കടങ്ങളുടെ നേർക്കാണ് ക്യാമറ തിരിച്ചുവയ്ക്കുന്നത്.

ഒരു മരണത്തെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നതെങ്കിലും അതിൽ ആവിഷ്‌കൃതമാകുന്ന ജീവിതങ്ങൾ് സാംസ്‌കാരികമായും സാമൂഹ്യമായും  മതപരമായും കൂടി ബന്ധപ്പെട്ടിരിക്കുന്നു. അധികാരം, പണം, സ്വാധീനം എന്നിവയെല്ലാം ഒരു ദരിദ്രനെ എങ്ങനെയാണ് അവന്റെ ഏറ്റവും വലിയ നിസ്സഹായതയിൽ  ഞെരുക്കുന്നതെന്നും ഈ ചിത്രം പറയുന്നുണ്ട്. മരണാനന്തരകർമ്മങ്ങൾ പോലും ചെലവേറിയ ഒന്നായി  മാറുമ്പോൾ ജീവിച്ചിരിക്കുന്നതിനൊപ്പം തന്നെ മരണവും നിർദ്ധനനെ ഏതെല്ലാം വിധത്തിൽ ബാധിക്കും എന്നതിന് ഇതിലും മനോഹരവും ഹൃദ്യവുമായ  ചലച്ചിത്രാവിഷ്‌ക്കാരം മലയാളത്തിൽ വേറൊന്നുണ്ടെന്ന് തോന്നുന്നുമില്ല.  അതെ, മരണമോ മരിച്ചവരോ അല്ല നിസ്സഹായരാകുന്നത് മരണത്തിന് മുമ്പിൽ  മരിച്ചവരുമായി ബന്ധപ്പെട്ട മറ്റുള്ളവരാണ്.

പണമടയ്ക്കാത്തതിന്റെ പേരിൽ ആശുപത്രിക്കാർ മൃതദേഹം  വിട്ടുകൊടുക്കാൻ വിസമ്മതിച്ചപ്പോൾ സ്വന്തം സ്വർണ്ണവള ഊരികൊടുത്ത് ആ സന്ദർഭത്തിൽ മാനുഷികോചിതമായി ഇടപെട്ട അപർണ്ണ എസ് നായർ എന്ന വനിതാ കോൺസ്റ്റബിളിനെയും മൃതദേഹം സംസ്‌കരിക്കാൻ സ്വന്തമായി മണ്ണില്ലാത്തതുകൊണ്ട് അടുക്കളയിൽ ശവം മറവുചെയ്യപ്പെട്ട സംഭവത്തെയും അനുസ്മരിപ്പിക്കുന്നുണ്ട് ഈ മ യൗ.വർത്തമാനകാലത്തിന്റെ പരിച്ഛേദമായി ഈ ചിത്രം മാറുന്നത് ഇത്തരം ചില സംഭവങ്ങളുടെ ഓർമ്മയുണർത്തൽ കൊണ്ടുകൂടിയാണ്. ഗംഭീരമായി  മരിച്ചടക്ക് നടത്താമെന്ന്  അപ്പന് വാക്കു നല്കിയിട്ടും അതിന് സാധിക്കാതെ വരുന്ന മകന്റെ നിസ്സഹായതയും അവനെ നിസ്സഹായനാക്കുന്ന ജീവിതചുറ്റുപാടുകളും ആരുടെയും  ഹൃദയത്തെ സ്പർശിക്കും മാന്യമായി ജീവിക്കാൻ മാത്രമല്ല  ഈ ഭൂമിയിൽ  മനുഷ്യന് അവകാശമുള്ളത് മാന്യമായി സംസ്‌കരിക്കപ്പെടാൻ കൂടി യുണ്ട്.  ഈ ചിത്രം പറഞ്ഞുവയ്ക്കുന്ന പലതരം വ്യാഖ്യാനങ്ങളിൽ ശക്തമായ അന്തർധാരയായി വർത്തിക്കുന്നത് ഇതാണ്.  എന്നാൽ ഈ അവകാശങ്ങളെ  എന്തിന്റെ പേരിലാണെങ്കിലും നിഷേധിക്കാൻ ആർക്കും സ്വാതന്ത്ര്യമില്ല. ആ അവകാശം നിഷേധിക്കുമ്പോഴാണ് അതിന് കാരണക്കാരായവരുടെ മേൽ നിസ്സഹായൻ പൊട്ടിത്തെറിക്കുന്നതും അയാളുടെ കരണത്തടിക്കുന്നതും. അപ്പോൾ അവന്റെ മുമ്പിൽ പുരോഹിതനോ  മറ്റ് അധികാരികളോ ഇല്ല. അതിനെ ഏതെങ്കിലും മതപരമായ സൂചനകൾ കൊണ്ടല്ല നാം വിലയിരുത്തേണ്ടതും.  അതിനുമപ്പുറമുള്ള ചില മാനങ്ങൾ കൂടി അതിനുണ്ട്.

രംഗബോധമില്ലാത്ത കോമാളിയെന്ന പ്രയോഗം മരണത്തെ സംബന്ധിച്ച് ക്ലീഷേയായിട്ടുണ്ട്. എന്നാൽ മേസ്തിരിയുടെ ശവമടക്കിന് കുഴിയെടുക്കുന്ന ആൾ, താൻ കുഴിച്ചകുഴിയിൽ തന്നെ വീണു മരിക്കുമ്പോൾ മരണം ഏതൊരാളെയും എപ്പോൾ വേണമെങ്കിലും വന്നു കൂട്ടിക്കൊണ്ടുപോകുന്ന കൂട്ടുകാരനാണെന്ന ചിന്ത കാൽച്ചുവട്ടിലെ മണ്ണ് ഒലിപ്പിച്ചുകൊണ്ടുപോകുന്ന അനുഭവവും സമ്മാനിക്കുന്നു.

 

ഓരോ മരണത്തെയും ഓരോരുത്തരും സ്വീകരിക്കുന്ന രീതിയുടെ വ്യത്യസ്തമായ ചിത്രീകരണങ്ങളും ഇതിലുണ്ട്. സ്വഭാവികമായ മരണത്തെ കൊലപാതകമായി ചിത്രീകരിക്കാൻ മനസ്സ് കാണിക്കുന്നവർ മുതൽ മരണത്തിന് മുമ്പിൽ പോലും കാമുകിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവർ വരെ ഇതിലൂടെ കടന്നുപോകുന്നുണ്ട്.  മറ്റുള്ളവരുടെ മരണം ചിലപ്പോഴെങ്കിലും അതുമായി നേരിട്ട് ബന്ധപ്പെടാത്തവർക്ക് കെട്ടുകാഴ്ച പോലെയാകുന്നതിനും ഈ മ യൗ സാക്ഷ്യം വഹിക്കുന്നു.

ഓരോ മരണവും ചില രഹസ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടു കൂടിയാണ് കടന്നുപോകുന്നതെന്നും ഈ ചിത്രം പറയുന്നുണ്ട്.  നാടുതെണ്ടിയായി ജീവിച്ച മേസ്തിരിയുടെ രഹസ്യജീവിതത്തിന്റെ പിന്നാമ്പുറങ്ങൾ മറ നീക്കി പുറത്തുവരുന്നതും അദ്ദേഹത്തിന്റെ ശവസംസ്‌കാരചടങ്ങുകളോട് അനുബന്ധിച്ചാണ് എന്നത്  ഞെട്ടലുളവാക്കുന്ന ചിന്തയാണ്.

മരണങ്ങൾ എല്ലാം നിഗൂഢമാണ്. ഈ ചിത്രത്തിലെ മരണങ്ങൾക്ക് പിന്നിലും ആ നിഗൂഢത പരക്കുന്നുണ്ട്. കുഴിവെട്ടുകാരൻ എങ്ങനെ മരിച്ചു.. അയാൾക്കൊപ്പമുണ്ടായിരുന്ന നായ് എങ്ങനെ മരിച്ചു.. മരണത്തിന്റെരഹസ്യം പോലെ ഇവയുടെ ഉത്തരങ്ങളും  രഹസ്യമാണ് പിന്നെയുള്ളത് ചില സംശയങ്ങളും  ആലോചനകളും മാത്രം.

മരണം എന്ന സമസ്യയുടെ പൊരുളല്ല മരിക്കാതെ മരിക്കുന്നവരുടെ ജീവിതത്തിന്റെ സമസ്യകൾക്ക് ഉത്തരം  തേടുന്ന സിനിമയാണ് ഈ മ യൗ. അതുകൊണ്ട് ഈ ചിത്രം ജീവിച്ചിരിക്കുന്നവർക്കുള്ള സുവിശേഷമായി മാറുന്നു.

വി. എൻ

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ...

ജയ ജയ ജയ ജയഹേ ഉയർത്തുന്ന ആശങ്കകൾ

സമ്മതിച്ചു.  നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ...

ഈശോ

വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ...

മധുര(മാകേണ്ട)മുള്ള ദാമ്പത്യങ്ങൾ

മധുരവും ചവർപ്പുമുള്ളതാണ് ദാമ്പത്യമെന്ന് അതിലൂടെ കടന്നുപോകുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും. ചിരിയും സന്തോഷവും...

ക്ഷമയുടെ സന്തോഷങ്ങൾ; ഏറ്റുപറച്ചിലിന്റെയും

മനമോടാത്ത കുമാർഗ്ഗമില്ലെടോ.. കുമാരനാശാന്റെ പ്രശസ്തമായ ഒരു വരിയാണ് ഇത്. ആലോചിച്ചുനോക്കിയാൽ അത്...

സൂക്ഷിക്കുക, ഒരു ‘ജോജി’ നമ്മിൽ ഒളിച്ചിരിപ്പുണ്ട്

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ്‌പോത്തൻ സംവിധാനം ചെയ്തു  ഒടിടി റിലീസ് വഴി...

വേട്ടയാടപ്പെടുന്ന ഇരകൾ

ഇരകൾ വേട്ടയാടപ്പെടാനുള്ളവരാണ്. വേട്ടക്കാരൻ ശക്തനും ഇര ദുർബലനുമാകുന്നു.വേട്ടക്കാരൻ എത്രത്തോളം ശക്തനാണോ അത്രത്തോളം...

എല്ലാവരും കാണേണ്ട കുടുംബ ചിത്രം

ഓപ്പറേഷൻ ജാവ എന്ന് കേൾക്കുമ്പോൾ  അത് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ചിത്രമല്ല...
error: Content is protected !!