പ്രളയം കുത്തിയൊലിക്കുമ്പോൾ നഷ്ടപ്പെട്ടുപോകുന്നത് ഒരു ജീവിതകാലം മുഴുവൻ കെട്ടിപ്പടുത്തുണ്ടാക്കിയ സർവ്വതുമാണ്. അതിലേറെ നെഞ്ചോടു ചേർത്തുപിടിച്ച ചില പ്രിയപ്പെട്ടവരെയും. ദു:ഖങ്ങളും നഷ്ടങ്ങളും വിലാപങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ഒരു ഭൂമിയുടെ വിദൂരക്കാഴ്ച ഇതെഴുതുമ്പോൾ കണ്ണിൽ തെളിയുന്നുണ്ട്. അവരുടെ വിലാപങ്ങളും സങ്കടങ്ങളും അവരുള്ളിടത്തോളം കാലം കൂടെയുണ്ടായിരിക്കും. മറ്റൊന്നുകൊണ്ടും പരിഹരിക്കാവുന്നവയുമല്ല അവർക്കുണ്ടായ നഷ്ടങ്ങൾ. അകലങ്ങളിലിരുന്നുകൊണ്ട് അവരെ മനസ്സാ ആശ്ലേഷിക്കാനല്ലാതെ ഭൂരിപക്ഷത്തിനും മറ്റൊന്നിനും കഴിയുകയില്ല.
ഇത് പ്രളയദുരിതത്തിന്റെ ഒരു കാഴ്ച. എന്നാൽ ഇതിനൊപ്പം സമാന്തരമായി മറ്റൊരു കാഴ്ച കൂടിയുണ്ട്. പ്രളയത്തിന്റെ ഉരുൾപ്പൊട്ടലിൽ പൊട്ടിയൊലിച്ചിറങ്ങിയത് എത്രയോ മനുഷ്യരുടെ ഉള്ളിലെ നന്മകളാണ്. പരസ്നേഹചൈതന്യത്തിന്റെ എത്രയോ ഉദാഹരണങ്ങൾ. സഹായിക്കാൻ സന്നദ്ധരായി ആ ഭൂമിയിലേക്ക് വണ്ടിപിടിച്ചുപോയവരെത്രയോ പേർ. ഉള്ളും ഉള്ളതും പങ്കുവയ്ക്കാൻ തയ്യാറായവർ. എത്ര കൊടുത്തിട്ടും തൃപ്തി വരാത്തവർ. മറ്റുള്ളവർക്കുവേണ്ടി ജീവത്യാഗം ചെയ്തവർ. നൗഷാദെന്നും ലിനുവെന്നും ആന്റോയെന്നുമൊക്കെ എത്രയോ സാധാരണക്കാർ.
പതിവുപോലെ ദുരിതാശ്വാസപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും സഹകരിക്കാനുമായി മുന്നിട്ടിറങ്ങിയ സെലിബ്രിറ്റികൾ. ടൊവിനോയും ജോജുവും ഇന്ദ്രജിത്തും പൂർണ്ണിമയുമെല്ലാം അതിന്റെ ഉദാഹരണങ്ങൾ. സൂപ്പർതാരങ്ങളുടെ പങ്കുവയ്ക്കലുകൾ വേറെ.
ഒരു ചില്ലിക്കാശെങ്കിലും പങ്കുവയ്ക്കാൻ തയ്യാറായവരുടെ നന്മകളെ നമുക്ക് വാഴ്ത്താം. ദുരിതങ്ങളുടെ ഇരകളായവരെ ഒപ്പമുണ്ടെന്ന് പറഞ്ഞും കാണിച്ചുകൊടുത്തും നമുക്ക് കഴിയുന്നതുപോലെ സഹായിക്കാം.
ദുരിതബാധിതരുടെ സഹനങ്ങളിൽ പങ്കുചേർന്നും സഹായഹസ്തം നീട്ടിയവരുടെ കൈകളെ ചുംബിച്ചും…
സ്നേഹാദരവുകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്