ഉപവസിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ട്. ചിലർ വിശ്വാസത്തിന്റെ പേരിലും, ചിലർ ചികിൽസയുടെ പേരിലും, ചിലർ സമരത്തിന്റെ ഭാഗമായും ഉപവസിക്കും. വെറുതെയെങ്കിലും ഉപവസിക്കുന്നവരും നമുക്കിടയിലുണ്ട്. എന്തായാലും ഉപവാസം സമരമുറയുടെ ഭാഗമായ നാട്ടിൽ നിന്നും വന്നതാണെന്ന് സംശയലേശമന്യേ പറയാം; ഉപവാസം ഒരു ശക്തമായ മാർഗമാണ്.
ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതാണോ അതോ കുറച്ചേറെ സമയം ജലപാനം ഒഴിവാക്കുന്നതാണോ ഉപവാസം. പലർക്കും ഇതേക്കുറിച്ച് വലിയ ധാരണ ഉണ്ടായിരിക്കില്ല. പ്രകൃതി ചികിൽസയുടെ പിതാവായ ഡോ.ഐസക് ജെന്നിംഗ്സ് പറയുന്നത് പറയുന്നത് കേൾക്കുക. ‘ഉപവാസം എന്നാൽ ശാരീരിക-മാനസിക അധ്വാനങ്ങളിൽ നിന്നുള്ള പരിപൂർണ വിശ്രമമാണ്. അതായത് ശ്രമം വരുന്ന അവസ്ഥകൾക്ക് വിശ്രമം നൽകുന്ന അവസ്ഥ’. അതുകൊണ്ട് ഉപവാസത്തെ ഭക്ഷണവുമായി മാത്രം ബന്ധപ്പെടുത്താതെ ശാരീരിക-മാനസിക അവസ്ഥകളുമായി ചേർത്തുവയ്ക്കുക.
ശരീരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ യഥാസമയം പുറംതള്ളപ്പെടാത്തതാണ് മിക്ക രോഗങ്ങളുടേയും കാരണം. നമ്മുടെ ചാപാപചയ പ്രക്രിയയിൽ ധാരാളം മാലിന്യങ്ങൾ ഉണ്ടാകാറുണ്ട്. അവ അപ്പപ്പോൾത്തന്നെ പുറംതള്ളാനുള്ള സംവിധാനവും നമ്മുടെ ശരീരത്തിലുണ്ട്. വാതക രൂപത്തിലുള്ള മാലിന്യങ്ങൾ ഉച്ചാസന വായുവിലൂടെയും വെള്ളത്തിൽ ലയിക്കുന്നവ മൂത്രത്തിൽ കൂടിയും ഖര രൂപത്തിലുള്ളവ മലമായും പുറന്തള്ളപ്പെടുന്നതിനു പുറമെ എറ്റവും വലിയ വിസർജനാവയവമായ ത്വക്കിൽകൂടി വിയർപ്പും പുറന്തള്ളപ്പെടുന്നു. ഒരു നിശ്ചിത സമയത്ത് ഉണ്ടാകുന്ന മാലിന്യങ്ങൾ അപ്പപ്പോൾ പുറംതള്ളാൻ സാധിച്ചില്ലെങ്കിൽ അവ ശരീരത്തിൽ കെട്ടിക്കിടക്കും. ക്രമേണ ഇവ വർധിക്കുമ്പോൾ ഇതിനെ പുറംതള്ളാൻ ശരീരം സ്വയം ഒരു വിസർജന തന്ത്രം ആവിഷ്‌കരിക്കും. ഇങ്ങനെയുള്ള വിസർജന തന്ത്രങ്ങളാണ്. പനി, ജലദോഷം, ചുമ, ഛർദ്ദി, വയറിളക്കം, ചൊറി, കുരുക്കൾ മുതലായവ.
ഈ സമയത്ത് നമുക്ക് ചെയ്യാൻ കഴിയുന്ന എറ്റവും നല്ല മാർഗം പരിപൂർണ വിശ്രമം എടുത്തുകൊണ്ട് പ്രാണ ശക്തിയെ വിസർജനത്തിന് സഹായിക്കുക എന്നതാണ്. വിശ്രമം എന്നാൽ നാലുതരത്തിലുണ്ട്. ഒന്നാമത്തേത് ഫിസിക്കൽ റസ്റ്റ്. രോഗാവസ്ഥയിൽ എല്ലാ ജോലികളും നിർത്തിവച്ച് പരിപൂർണ വിശ്രമം നേടുക. ആ സമയത്ത് നമ്മുടെ ശാരീരികോർജം മറ്റ് ഒരാവശ്യത്തിനും ഉപയോഗിക്കരുത്. രണ്ടാമത്തേത് ഫിസിയോളജിക്കൽ റസ്റ്റ്. ആന്തരീകാവയവങ്ങൾക്കെല്ലാം പരിപൂർണ വിശ്രമം നൽകണം.
അതിൽ ഒന്നാമതായി ചെയ്യേണ്ടത് ഭക്ഷണം ഉപേക്ഷിക്കലാണ്. വെള്ളമല്ലാതെ യാതൊരു വസ്തുവും ഉപയോഗിക്കരുത്. ഭക്ഷണം ഉപേക്ഷിക്കുമ്പോൾ ദഹനേന്ദ്രിയത്തിന് പരിപൂർണ വിശ്രമം ലഭിക്കുകയും അതുവഴി ആമാശയം, കരൾ, കിഡ്നി എന്നിവയ്ക്ക് അധ്വാന ഭാരം കുറയുകയും ചെയ്യും. മൂന്നാമത്തേത് മെന്റൽ റസ്റ്റാണ്. ഇതിൽ പ്രധാനമായും ചെയ്യേണ്ടത് മാനസികാധ്വാനത്തെ കുറച്ചുകൊണ്ടു വരിക എന്നതാണ്. ടെൻഷൻ ഉണ്ടാകുന്ന ജോലികളിൽനിന്ന് പരമാവധി ഒഴിവാകുക. നാലാമത്തേത് സെൻസറി റസ്റ്റ്. ഇന്ദ്രീയ പരമായ വിശ്രമം. അതായത് ബഹളമയമായ സാഹചര്യങ്ങളിൽനിന്നു മാറി ശാന്തമായ അന്തരീക്ഷത്തിൽ വിശ്രമിക്കുക. ഇതിനെയാണ് പ്രകൃതി ചികിൽസകർ ഉപവാസം എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇതിലൂടെ മനസിലാക്കാം ഭക്ഷണം ഒഴിവാക്കുന്നത് മാത്രമല്ല ഉപവാസം എന്നത്.
രോഗാവസ്ഥയിൽ ദഹനേന്ദ്രിയ വ്യൂഹം ശരിയായ രീതിയിൽ പ്രവർത്തിക്കാറില്ല. അതിന്റെ സൂചനകൾ ശരീരം അപ്പപ്പോൾ നമുക്ക് നൽകുകയും ചെയ്യും. അതുകൊണ്ടാണ് പനി വന്നാൽ വായിൽ കയ്പ്, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കരുത് എന്നതിന്റെ സൂചനയാണിത്. ഭക്ഷണത്തോട് താത്പര്യക്കുറവ് അനുഭവപ്പെട്ടാലും മറ്റുള്ളവരുടെ സമ്മർദത്തിന് വഴങ്ങി നമ്മൾ അവ കഴിക്കും. എന്നാൽ ഇത് സ്ഥിതി കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ.
മനുഷ്യൻ ഒഴികെ ഭൂമുഖത്തുള്ള ജീവജാലങ്ങളുടെയെല്ലാം ചികിൽസാ മാർഗം ഉപവാസമാണ്. നമ്മുടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ നിരീക്ഷിച്ചാൽ ഇത് മനസിലാകും. പശുവായാലും പട്ടിയായാലും പൂച്ചയായാലും രോഗാവസ്ഥയിൽ അവ യാതൊരു ഭക്ഷണവും കഴിക്കാറില്ല. മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ എവിടെയെങ്കിലും ശാന്തമായി കിടന്ന് മയങ്ങുന്നുണ്ടാകും അവ. നൈസർഗികമായ വാസനകൾകൊണ്ട് ഇത്തരം തിരിച്ചറിവുകൾ മൃഗങ്ങൾക്ക് ഉണ്ട.
പ്രകൃതി ചികിൽസകർ രോഗശമനത്തിനായി പ്രയോഗിക്കുന്ന തന്ത്രങ്ങളിൽ പ്രധാനം ഉപവാസമാണ്. ജൻമനാ ഉള്ള വൈകല്യങ്ങളും വിനാശകരമായ അവസ്ഥയിൽ എത്തിയിട്ടുള്ള രോഗങ്ങളും ഒഴികെ മറ്റെല്ലാ രോഗാവസ്ഥകളും ഉപവാസത്തിലൂടെ മാറ്റിയെടുക്കാൻ സാധിക്കും. ഉപവാസ സമയത്ത് ശുദ്ധവായുവും ശുദ്ധ ജലവും യഥേഷ്ടം ലഭിക്കണം എന്നതാണ് പ്രധാനം. ഈ സമയത്ത് ശരീരത്തിൽ സ്റ്റോക്കുള്ള റിസർവ് ഭക്ഷണത്തിൽനിന്നും ഊർജം എടുത്ത് ശരീരിക പ്രവർത്തനം നടന്നുകൊള്ളും. ഇതിന് ഭക്ഷണം ദഹിപ്പിക്കാനാവശ്യമായ അധ്വാനം ആവശ്യമായി വരാറില്ല.
പ്രകൃതി നിയമത്തെക്കുറിച്ച് അറിയാത്തവർ ഉപവാസത്തെ പട്ടിണിയായി ചിത്രീകരിക്കാറുണ്ട്. പട്ടിണിയും ഉപവാസവും വ്യത്യസ്തമാണ്. ഭക്ഷണം ഇല്ലാത്തതുകൊണ്ട് കഴിക്കാതിരിക്കുന്നതാണ് പട്ടിണി. ഭക്ഷണം ഉണ്ടായിട്ടും ഒരു പ്രത്യേക കാലത്തേക്ക് അവ വേണ്ടെന്ന് വയ്ക്കുന്നതാണ് ഉപവാസം. ഇതിലൂടെ മാനസിക ആരോഗ്യം വർധിക്കുകയേയുള്ളൂ.
ഉപവാസത്തെക്കുറിച്ച് നിരവധി പഠനങ്ങൾ നടക്കുന്നുണ്ട്. ഈയടുത്ത കാലത്ത് ഹാർവാഡ് മെഡിക്കൽ സ്‌കൂൾ നടത്തിയ പഠനത്തിൽ ഉപവാസം ആരോഗ്യവും ദീർഘായുസും നൽകുമെന്ന് കണ്ടെത്തിയിരുന്നു. എറ്റവും കൂടുതൽ രോഗികളെ ഉപവാസ ചികിൽസയ്ക്ക് വിധേയരാക്കിയിട്ടുള്ളത് ഡോ. ഹെർബർട്ട് എം. ഷെൽട്ടനാണ്. നാൽപ്പതിനായിരത്തിലധികം രോഗികളെ അദേഹം ഉപവാസ ചികിൽസയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ആ അനുഭവ സമ്പത്ത് വച്ച് അദേഹം എഴുതിയ പുസ്തകമാണ് ‘ഫാസ്റ്റിംഗ് കാൻ സേവ് യുവർ ലൈഫ്’.
മായാ ജോസഫ്