വളർത്താൻ വേണ്ടിയുള്ള വഴക്കുകൾ

Date:

പരസ്പരം കലഹിക്കാത്ത, പിണങ്ങാത്ത, ശണ്ഠകൂടാത്ത ദമ്പതികളുണ്ടാവുമോ? ഇല്ല. ഇനി  പിണങ്ങിയില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ മിക്കവാറും അതിന് മുമ്പിൽ രണ്ടു സാധ്യതകളുണ്ട്. രണ്ടുപേരും ഒന്നുകിൽ വിശുദ്ധരായിരിക്കും. അല്ലെങ്കിൽ കാര്യകാരണങ്ങൾ തിരിച്ചറിയാനോ മനസ്സിലാക്കാനോ പ്രാപ്തിയില്ലാത്തവരായിരിക്കും.

ഈ രണ്ടു സാധ്യതകൾക്കപ്പുറം നിത്യജീവിതത്തിൽ, കുടുംബജീവിതത്തിൽ കലഹിക്കാത്ത ദമ്പതിമാർ കുറവാണ്. ദാമ്പത്യത്തിലെ സ്നേഹബന്ധം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ദമ്പതികൾ തമ്മിലുള്ള വഴക്കുകൂടലുകളും. അതൊരു സാധാരണ സംഭവവുമാണ്.

എന്നാൽ ഒരു കാര്യം ആദ്യമായും അവസാനമായും ദമ്പതികൾ മനസിലാക്കിയിരിക്കണം. ദമ്പതികൾ തമ്മിലുളള  വഴക്കുകൂടലുകൾ ആരോഗ്യകരമായിരിക്കണം. ആരോഗ്യകരമായി എങ്ങനെ വഴക്കുകൂടാം എന്ന്  ദമ്പതികൾ മനസ്സിലാക്കുന്നത് ശരിയായ ആശയവിനിമയത്തിനും പ്രശ്നപരിഹാരത്തിനും ഏറെ സഹായകരമാകും.  പലരുടെയും വിചാരം വഴക്കുകൾ കുടുംബജീവിതത്തെ തകർക്കും എന്നാണ്. ആരോഗ്യകരമായ വഴക്കുകൾ ദമ്പതികൾ തമ്മിലുള്ളസ്നേഹത്തെയും ദാമ്പത്യജീവിതത്തെയും ഏറെ വളർത്തും.

പങ്കാളികൾ തമ്മിൽ പരസ്പരം കൂടുതൽ മനസ്സിലാക്കാൻ വഴക്കുകൂടലുകൾ സഹായിക്കും. ദമ്പതികൾ തമ്മിലുളള വഴക്കുകൾ പലപ്പോഴുംപെട്ടെന്നൊരു നിമിഷം കൊണ്ട് സംഭവിക്കുന്നവയല്ല. പരസ്പരം തുറന്നുപറയാതെ ഉള്ളിൽ അടക്കിവച്ചിരിക്കുന്ന തെറ്റിദ്ധാരണകളോ നീരസങ്ങളോ ഒക്കെയായിരിക്കും പ്രത്യേക ഒരു സാഹചര്യത്തിൽ ഏതെങ്കിലും കാരണങ്ങളുടെ പേരിൽ ഒന്നൊന്നായി മാലപ്പടക്കം പോലെ പൊട്ടിത്തെറിക്കുന്നത് എന്ന കാര്യവും മറക്കരുത്.

നിസ്സാരമായിരിക്കും പല ദമ്പതികൾക്കിടയിലെയും പ്രശ്നങ്ങൾ. എന്നാൽ ഈ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയാണ് പ്രശ്നം വഷളാക്കുന്നത്. ഇങ്ങനെ കൊച്ചുകൊച്ചുകാര്യങ്ങൾ മനസ്സിൽ സൂക്ഷിച്ച് വിഷമിക്കുന്ന ദമ്പതിമാർ ഒരുപാടുണ്ട്.
വഴക്കുണ്ടാകുമ്പോൾ സംഭവിക്കുന്ന ഗുണകരമായ കാര്യം പങ്കാളിയുടെ അവഗണിക്കപ്പെടുന്ന മാനസികാവസ്ഥ ഒരു വഴക്കുണ്ടാക്കുമ്പോൾ പെട്ടെന്ന് പുറത്തുവരും എന്നതാണ്. ആ മനസ്സിന്റെ അവസ്ഥ സുഖമാക്കിയെടുക്കാൻ പങ്കാളിക്ക് കഴിയണം. മറ്റൊരു ഗുണം, വഴക്കു കഴിഞ്ഞാൽ കൂടുതൽ സ്നേഹം തോന്നും എന്നതാണ്.  സ്നേഹം തോന്നിക്കുകയും വേണം. ആത്മബന്ധം വർദ്ധിക്കാനും ഹൃദയൈക്യം ഇരട്ടിയാകാനും ഇത്തരം വഴക്കുകൂടലുകൾക്ക് കഴിയും, കഴിയണം.  പ്രശ്നപരിഹാരത്തിലേക്ക് എത്തുകയും കൂടുതൽ ആത്മബന്ധം രൂപപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ ദമ്പതികൾക്കിടയിലുള്ള വഴക്ക് ഗുണകരമായി മാറുകയുള്ളൂ.

ഇനി ഇതിന്റെ മറ്റൊരു വശം കൂടിയുണ്ട്. വഴക്കുണ്ടായതിന് ശേഷം പ്രശ്നം പരിഹരിക്കുന്ന രീതിക്ക് പകരം സംഭവിക്കാ
നിരിക്കുന്ന, ഉണ്ടാകാനിരിക്കുന്ന വഴക്കിനെ ബോധപൂർവ്വം ഒഴിവാക്കി ദമ്പതികൾ തമ്മിൽ കൂടുതൽ സ്നേഹത്തിലേക്ക് വളരാനും കഴിയണം. അതെങ്ങനെയെന്ന് നോക്കാം.

വിവാഹജീവിതത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ച ദമ്പതികളെ പരിചയപ്പെട്ടഅവസരത്തിൽ എന്താണ്  നിങ്ങളുടെ ദാമ്പത്യജീവിതത്തിന്റെയും സന്തോഷത്തിന്റെയും രഹസ്യമെന്ന് ചോദിച്ചപ്പോൾ ഭർത്താവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഞങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ രഹസ്യം ശുദ്ധവായുവാണ്. ശുദ്ധവായുവോ എന്ന് അമ്പരപ്പോടെ ചോദിച്ചപ്പോൾ ഭർത്താവ് അതിനെ വിശദീകരിച്ചത് ഇങ്ങനെയാണ്.

വിവാഹം കഴിഞ്ഞ ദിവസം തന്നെ ഞാൻ അവളോട് പറഞ്ഞു പെണ്ണേ എനിക്ക് ചില സമയത്ത് നല്ല ദേഷ്യം വരും. നീ അപ്പോൾ മറുത്തൊന്നും പറയാൻ നിക്കണ്ട. ശുദ്ധവായു ശ്വസിക്കാൻ പറമ്പിലേക്ക് ഇറങ്ങിപ്പൊക്കോണം. ഞാൻ ശാന്തമായെന്ന് അറിഞ്ഞുകഴിഞ്ഞിട്ട് വന്നാൽ മതി. അതുപോലെ നിനക്ക് ദേഷ്യം വന്നാൽ ഞാനും ശുദ്ധവായു ശ്വസിക്കാൻ പൊയ്ക്കോളാം.
അപ്പോ രണ്ടുപേർക്കും കുഴപ്പമില്ലല്ലോ. രണ്ടുപേർക്കും സമാധാനം ഉണ്ടാവുകയും ചെയ്യും.
ജീവിതത്തെക്കുറിച്ചോ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചോ ദമ്പതികൾ തമ്മിൽ കൃത്യമായ പ്ലാൻ ചെയ്യാത്തതും അവർ തമ്മിലുള്ള വഴക്കുകൂടലിന് കാരണമാകാറുണ്ട്. ഇതൊഴിവാക്കാൻ വീട്ടിൽ ഒരാഴ്ച ചെയ്യേണ്ട കാര്യങ്ങൾ പരസ്പരം പങ്കിട്ടെടുക്കണം. പുറത്തുപോയി സാധനങ്ങൾ വാങ്ങുക, ബാങ്കിൽ പോകുക, കുട്ടികളുടെ സ്‌കൂളിൽ പോകുക, വീട്ടിലെ  പ്രായമായവരുടെ കാര്യം ശ്രദ്ധിക്കുക ഇങ്ങനെ പലപല കാര്യങ്ങളുമുണ്ടാവുമല്ലോ.ഇതൊക്കെ ആര് ചെയ്യണം എന്ന കാര്യത്തെക്കുറിച്ച് സംസാരിച്ച് തീരുമാനത്തിലെത്തി ജോലികൾ പങ്കിട്ടെടുക്കുക. ഇല്ലെങ്കിൽ ഭാര്യ വിചാരിക്കും ഭർത്താവ് ചെയ്തുവെന്ന്. ഭർത്താവ് വിചാരിക്കും ഭാര്യ ചെയ്തെന്ന്. രണ്ടുപേരും ചെയ്തില്ലെന്ന് അറിയുമ്പോൾ പഴിചാരലാകും കുറ്റപ്പെടുത്തലാകും വഴക്കാകും. ഇത്തരം സാഹചര്യങ്ങൾ ദീർഘവീക്ഷണത്തോടെ പ്ലാൻ ചെയ്താൽ പല വഴക്കുകളും ഒഴിവായിക്കിട്ടും.

ചിലപ്പോഴൊക്കെ നയവും അഭിനയവും കൂടി ചേരുമ്പോഴാണ് ദാമ്പത്യജീവിതം വിജയിക്കുന്നത്. ഉദാഹരണത്തിന് ഭർത്താവ് തന്നോട് പറയാതെ എവിടെയെങ്കിലും പോയകാര്യം ഭാര്യയുടെ മനസ്സിൽ ദഹിക്കാതെ കിടക്കുന്നുണ്ടെന്ന് വിചാരിക്കുക. ഈ വിഷയത്തെ രണ്ടുരീതിയിൽ ഭാര്യക്ക് അവതരിപ്പിക്കാം.

ഒന്നാമത്തെ രീതി ഇങ്ങനെയാണ്. ചേട്ടൻ ഇന്നലെ എന്നോട് പറയാതെ പോയത് എനിക്ക് ഒരുപാട് സങ്കടമായി. ചേട്ടന് എന്നോട് ഒന്ന് പറഞ്ഞിട്ട്പോകാമായിരുന്നു. ചേട്ടൻ വരാൻ വൈകിയപ്പോ ഞാൻ എന്തുമാത്രം വിഷമിച്ചെന്നോ.
രണ്ടാമത്തെ രീതി മറ്റൊന്നാണ്. നിങ്ങൾക്കെന്താ എന്നോട് പറഞ്ഞിട്ട് പോയാല്. ഞാനെന്താ ഇവിടുത്തെ വേലക്കാരിയാണോ? നിങ്ങൾക്കും മക്കൾക്കും വച്ചുവിളമ്പലു മാത്രമാണോ എന്റെ ജോലി?

ആദ്യത്തെ രീതിയിൽ ഭർത്താവ് വിചാരിക്കുന്നത് ഭാര്യയ്ക്ക് തന്നോട് ആഴമായ സ്നേഹമുണ്ടെന്നും താൻ പറയാതെ പോയതിൽ അവൾക്ക് ആത്മാർത്ഥമായ സങ്കടമുണ്ടെന്നുമാണ്. അവളോട് പറയാതെ പോയതിൽ അയാൾക്ക് കുറ്റബോധം തോന്നിയെന്നിരിക്കും.

രണ്ടാമത്തേതിലാകട്ടെ ഭാര്യയുടെ ധാർഷ്ട്യവും ഈഗോയുമാണ് നിഴലിക്കുന്നത്. ഇതുകേൾക്കുമ്പോൾ സാധാരണയായി ഭർത്താക്കന്മാർ പ്രതികരിക്കുന്നത് എനിക്കിപ്പം സൗകര്യമില്ല നിന്നോട് പറഞ്ഞിട്ട് പോകാൻ. നീയെന്താണെന്നുവച്ചാ ചെയ്യ് എന്നാകും. ഇതോടെ ഹൃദയങ്ങൾ തമ്മിൽ അകലും. വാക്കുകൾ ഏല്പിക്കുന്ന മുറിവുകൾ ഉണങ്ങാതെയാകും.  ജീവിതപങ്കാളി തന്നോടുള്ള സ്നേഹം കൊണ്ടാണല്ലോ പരാതിയും സങ്കടവും പറയുന്നതെന്ന് കേൾക്കുന്ന ആൾക്ക് തോന്നിയാൽ അവിടെ ഇരുവരും തമ്മിലുള്ള വഴക്ക് വളർച്ചയിലേക്ക് തിരിയും. പങ്കാളിയെ മനസ്സിലാകും. കഴിയുന്നത്ര രീതിയിൽ പങ്കാളിയെ വേദനിപ്പിക്കാതിരിക്കാനും ശ്രമിക്കും.

ചിന്തയ്ക്ക് വിഷയമാക്കേണ്ട മറ്റൊരു കാര്യം ദമ്പതികൾക്കിടയിലുണ്ടാകുന്ന വഴക്കുകളും പ്രശ്നങ്ങളും ബന്ധുക്കളെ അറിയിക്കണമോ എന്നതാണ്. ദമ്പതികൾക്ക് പരിഹരിക്കാൻ പറ്റാത്തവിധം പ്രശ്നം രൂക്ഷമാണെങ്കിൽ അവരെ സഹായിക്കാൻ പറ്റിയ വ്യക്തികളെ സമീപിക്കുന്നതിൽ തെറ്റില്ല.പക്ഷേ രണ്ടുകൂട്ടരുടെയും ബന്ധുക്കളെ ഇക്കാര്യത്തിന് വേണ്ടി സമീപിക്കാതിരിക്കുന്നതാണ് നല്ലത്. ബന്ധുക്കളല്ലാത്ത, നിഷ്പക്ഷമായി നിന്ന് സഹായിക്കാൻ കഴിയുമെന്ന് ബോധ്യമുള്ളവരുടെ സഹായമാണ് തേടേണ്ടത്. പ്രശ്നങ്ങളെ ശാസ്ത്രീയമായും മനഃശാസ്ത്രപരമായും വിശകലനം ചെയ്യാൻ കഴിവുള്ളവരും മുൻവിധിയില്ലാതെ നിഷ്പക്ഷമായി ഇരുവരെയും ശ്രവിക്കാൻ തയ്യാറുള്ളവരെയുമാണ് പ്രശ്നപരിഹാരത്തിനായി സമീപിക്കേണ്ടത്. പ്രശ്നത്തിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാൻ കഴിയുന്ന വ്യക്തികളുമായിരിക്കണം,  ഇങ്ങനെ സഹായം തേടുമ്പോൾ ദമ്പതികൾ രണ്ടുപേരും കൂടിയാണ് പോവേണ്ടത്. എനിക്ക് പ്രശ്നമില്ല നീ പൊയ്ക്കോ എന്ന മട്ടു പാടില്ല. ഇത് പങ്കാളിയെ പൂർണമായും നിരാകരിക്കുന്നതിന് തുല്യമാണ്. കുടുംബത്തിന്റെ ഭദ്രതയ്ക്കും വളർച്ചയ്ക്കും അതാവശ്യമെങ്കിൽ അതിനോട് സഹകരിക്കുകയാണ് ദമ്പതികൾ ചെയ്യേണ്ടത്.

ഡോ. സി. റോസ് ജോസ് CHF

More like this
Related

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്....

അമ്മായിയമ്മ v/s മരുമകൾ

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ശണ്ഠകൂടലുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യവംശത്തിന്റെ ചരിത്രം...

ഇങ്ങനെയുമുണ്ട് ചില  കുടുംബപ്രശ്നങ്ങൾ

കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാത്തവരായി, അതിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാവില്ല. എന്നിട്ടും കടന്നുപോകുമ്പോൾ നാം...

പ്രവാസികളുടെ വരവും ബന്ധങ്ങളിലെ തകർച്ചകളും

കൊറോണ വൈറസ് എന്നവലിയൊരു പ്രതിസന്ധിയിലൂടെ ലോകം മുഴുവൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്...

79 വർഷം; ഗിന്നസ് ബുക്ക്

ഇക്വഡോറിലെ ജൂലിയോ സീസർ മോറ ടാപ്പിയായും വൽഡ്റാമിന മാക്ലോവിയയുമാണ് ഗിന്നസ് ബുക്കിൽ...

വാർദ്ധക്യത്തിനുള്ള തയ്യാറെടുപ്പുകൾ

ഇനിയൊരു നന്മയും ലഭിക്കുകയില്ലെന്ന ധാരണയാണ് വൃദ്ധരെ അവഗണിക്കാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. അവർ...
error: Content is protected !!