ഭൂതകാലമാണ് വേദനകളുടെയെല്ലാം അടിസ്ഥാനം. നമ്മെ നിരാശപ്പെടുത്തുന്നത്, സങ്കടപ്പെടുത്തുന്നത് എല്ലാം ഭൂതകാലമാണ്. ഒരു നിമിഷാർദ്ധം മുമ്പ് സംഭവിച്ചവ പോലും ഭൂതകാലത്തിന്റെ ഭാഗമാണ്. കാരണം അത് സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.
ഇപ്പോൾ, ഈ നിമിഷം മാത്രമാണ് വർത്തമാനകാലം. സൂചിമുനകൊണ്ട് നിങ്ങൾക്ക് വേദനിച്ചതുപോലും ഭൂതകാലമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതായത് ഞരമ്പുകളിലേക്ക് കുത്തിയിറങ്ങിയ നീഡിൽ വലിച്ചെടുത്ത നിമിഷംമുതൽ അത് ഭൂതകാലത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന്.
അതുകൊണ്ടാണ് ഗുരുക്കന്മാരായവരെല്ലാം പറ യുന്നത് ഈ നിമിഷം ജീവിക്കുക എന്ന്. ഭൂതകാലം ജീവിക്കാൻ പറ്റിയ ഇടമൊന്നുമല്ല, അത് ചില പാഠങ്ങൾ പറഞ്ഞുതന്നുവെന്ന് മാത്രം. ഭൂതകാലത്തിൽ നിന്ന് പഠിച്ച നല്ലതും ചീത്തയുമായ കാര്യങ്ങൾ നിന്റെ ഭാവിയെ രൂപപ്പെടുത്തുന്നു.
തിക്തമായ ഭൂതകാലത്തെ വിസ്മരിക്കുന്നത് അവരവരോട് തന്നെ ക്ഷമിക്കുന്നതിന് തുല്യമാണ്. അവരവരോട് ക്ഷമിക്കുന്നവനാകട്ടെ മറ്റുള്ളവരോടും ക്ഷമിക്കാൻ കഴിയും. ആരോടെങ്കിലും ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നാം ഇനിയും നമ്മോട്തന്നെ ക്ഷമിച്ചിട്ടില്ല എന്നാണ് അർത്ഥം. നമുക്ക് ആരിൽ നിന്നും ക്ഷമ കിട്ടിയിട്ടില്ലെന്നും.
ക്ഷമിക്കാൻ ഏറ്റവും എളുപ്പം മറക്കുകയാണ്. മറക്കാതിരിക്കുന്നതുകൊണ്ടാണ് ഓർമ്മിക്കുന്നത്.
ഓർമ്മിക്കുന്നതുകൊണ്ടാണ് മറക്കാത്തത്. മറക്കാത്തതുകൊണ്ടാണ് ക്ഷമിക്കാത്തതും.
ക്ഷമിക്കുമ്പോൾ നാം കഴിവുകെട്ടവരായിപോയോ എന്നാണ് നമ്മുടെ ധാരണ. തീർച്ചയായും അല്ല. ക്ഷമിക്കുന്നതിന് അസാമാന്യമായ ധൈര്യം വേണം; മനസ്സിന് വലുപ്പവും. ക്ഷമിക്കുന്നവനാണ് ഈ ലോകത്തിൽ ഏറ്റവും വലിയവൻ.
പക്ഷേ പറയുംപോൽ നിസ്സാരമല്ല ഇവയൊന്നും. പറഞ്ഞുവല്ലോ, ക്ഷമിക്കാനും മറക്കാനും മനസ്സിന് കുറച്ചൂകൂടി ധൈര്യംവേണം. സ്നേഹം വേണം. അതിനെല്ലാം അപ്പുറം ശ്രമവും.
വേദനിപ്പിച്ചവയിൽ നിന്ന്പുറത്തുകടക്കാം. ദ്രോഹിച്ചവരോട് ക്ഷമിക്കാം. അതുവഴി എനിക്ക് തന്നെയാണ് നേട്ടം ഉണ്ടാകുന്നതെന്ന് മറക്കാതിരിക്കുകയും ചെയ്യാം.
ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്