എനിക്കൊരു പരിചയക്കാരനുണ്ട് ഒാട്ടോ റിക്ഷാ ഡൈ്രവറാണ്. സുനിൽ എന്നാണ് പേര്. അവൻ ചെ.യ്യുന്നത് പള്ളിയിൽ നടന്നുപോകാൻ ബുദ്ധിമുട്ടുള്ള ദരിദ്രരായ ആളുകളെ എല്ലാഞായറാഴ്ചയും സ്വന്തം ഒാട്ടോയിൽ പള്ളിയിലെത്തിച്ച് തിരികെ വീട്ടിലെത്തിക്കുകയാണ്. അക്കൂട്ടത്തിലുള്ള ഒരു ചേടത്തി ഒരുനാൾ മരണാസന്നയായി. മക്കളെയും പേരമക്കളെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. ചേടത്തിയുടെ അവസ്ഥയറിഞ്ഞ് അവൻ അവരെ കാണാനെത്തി. ചേട്ടത്തീ ഇതു ഞാനാ സുനിൽ. അതുവരെ മക്കളെ പോലും തിരിച്ചറിയാൻ കഴിയാതെ കിടന്നിരുന്ന ചേടത്തി ഉടനെ പറഞ്ഞുവത്രെ സുനിലോ എന്ന്. അവരുടെ മുഖത്ത് സന്തോഷം നിറഞ്ഞുകവിയുന്നത് ചുറ്റിനും നിന്നവർക്ക് കാണാനും കഴിഞ്ഞു. കണ്ണീരോടെ സുനിൽ തന്നെ പറഞ്ഞതാണ് ഇക്കാര്യം. നന്മ ചെയ്യുന്നവർക്ക്, പ്രതിഫലം ഇച്ഛിക്കാതെ മറ്റുള്ളവരെ സഹായിക്കുന്നവർക്ക് കിട്ടുന്ന പ്രതിഫലമാണ് ഇത്.
വേറൊരു സംഭവം കൂടി ഒാർമ്മിക്കുന്നു. കാൻസർ ബാധിതനായി കാലുകൾ മുറിച്ചുമാറ്റി ഭക്ഷണമോ വെള്ളമോ പോലും ഇല്ലാതെ ജീവിക്കുന്ന മനോജ്. എന്നെ കാണണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാൻ അവനെ കാണാൻ ചെന്നത്. അച്ചോ ഞാൻ മരിക്കാറായി. അവൻ സങ്കടത്തോടെ പറഞ്ഞു. നീ മാത്രമല്ലെടാ ഇൗ ഞാനും മരിക്കാനുള്ളവനാ എന്നൊക്കെ പറഞ്ഞ് ഞാൻ അവനെ ആശ്വസിപ്പിച്ചു. ഞങ്ങൾ കുറച്ചു ചിരിക്കുകയും സംസാരിക്കുകയും ചെയ്തു. ഒടുവിൽ ചോദിച്ചു നീ എന്തിനാ എന്നെ കാണാൻ പറഞ്ഞത് അപ്പോൾ അവൻ പറഞ്ഞു അച്ചോ എനിക്കെന്റെ ഹാർട്ട് ആർക്കെങ്കിലും കൊടുക്കണം. മരിച്ചുകഴിഞ്ഞാലെങ്കിലും എനിക്ക് മറ്റുള്ളവർക്ക് നന്മ ചെയ്യാമല്ലോ.
കത്തോലിക്കനോ യഹൂദനോ മുസ്ലീമോ എന്നതല്ല പ്രധാനം ദൈവത്തിന്റെ സ്വന്തം ആവുക എന്നതാണ്. ദൈവത്തിന്റെ സ്വന്തം ആകണമെങ്കിൽ നന്മ പ്രവർത്തിക്കണം. എന്നാൽ തിന്മ ചെയ്യാതിരിക്കൽ മാത്രമല്ല ജീവിതത്തിന്റെ നേട്ടം. ബാങ്കിൽ ഒരു അക്കൗണ്ട് ഉണ്ട് പക്ഷേ പണം ഇട്ടിട്ടില്ല. അങ്ങനെയെങ്കിൽ ആർക്കെങ്കിലും ചെക്കു കൊടുക്കാൻ കഴിയുമോ? ഇല്ല. അതു പോലെയാണ് തിന്മചെയ്യാതിരിക്കുകയും എന്നാൽ നന്മ ചെയ്യാതിരിക്കുകയും ചെയ്യുന്നത് തമ്മിലുള്ള വ്യത്യാസം. നന്മയെന്നത് പ്രതിഫലം ഇച്ഛിക്കാതെ ദൈവത്തിന്റെ പേരിൽ ചെയ്യുന്നതാണ്. അപരന് വേണ്ടി നഷ്ടപ്പെടുന്നതാണ് നന്മ. അവരാണ് ദൈവത്തിന്റെ സ്വന്തമാകുന്നത്.
വീട്ടിൽ ജോലി ചെയ്യുന്നതോ ഗൾഫിൽ പോയി കഷ്ടപ്പെടുന്നതോ നന്മയല്ല. അത് കടമയാണ്. അമ്മായിയുടെ മകന് കിഡ്നിക്ക് രോഗം. ഉടനെ കൊടുത്തു നാലു ലക്ഷം. പക്ഷേ അതുപോലും നന്മയാണെന്ന് പൂർണ്ണമായിപറയാൻ കഴിയില്ല. കാരണം അത് അമ്മായിയും അമ്മായിയുടെ മകനുമാണ്. തിരികെ ഒന്നും കിട്ടാതെയും തിരികെ ഒന്നും പ്രതീക്ഷിക്കാതെയും ചെയ്യുന്നതു മാത്രമേ നന്മയാകുന്നുള്ളൂ. നന്മയെന്നത് നഷ്ടപ്പെടലാണ്, ലാഭം പ്രതീക്ഷിക്കാതിരിക്കുകയാണ്. അപരനുവേണ്ടി നഷ്ടപ്പെടുന്നതാണ് നന്മ. അങ്ങനെയുള്ള നന്മ ചെയ്യുന്നവരാണ് ദൈവത്തിന്റെ സ്വന്തം. വലിയ വീടു പണിയുന്നതോ ഷോപ്പ് നടത്തുന്നതോ കോടിക്കണക്കിന് പണം കൊടുത്ത് മക്കളെ കെട്ടിച്ചയ്ക്കുന്നതോ നന്മയല്ല.കാശുണ്ടാക്കാനുള്ള മിടുക്കല്ല നന്മ. പതിനായിരം കൊടുത്ത് പത്തുലക്ഷം വാങ്ങുന്നതും നന്മയല്ല. ദൈവത്തിന് മുമ്പിൽ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ ഇല്ല, ദൈവത്തിന് മുമ്പിൽ നന്മ ചെയ്യുന്നവരും തിന്മ ചെയ്യുന്നവരും മാത്രമേയുള്ളൂ. ഗാന്ധിജിയും അബ്ദുൾ കലാമും ഒന്നും ക്രിസ്ത്യാനികളായിരുന്നില്ല. പക്ഷേ അവർ നന്മ ചെയ്തു കടന്നുപോയവരായിരുന്നു. ദൈവത്തിന്റെ സ്വന്തമായിരുന്നു. ദൈവത്തിന്റെ സ്വന്തമാകാൻ ശ്രമിക്കുക.
ഫാ. ഡേവിസ് ചിറമേൽ