കൊറോണ നല്കിയ നന്മകൾ

Date:

എല്ലാ മനുഷ്യരും രാജ്യങ്ങളും കൊറോണയെ ഏറ്റവും ഭീതിയോടെ വീക്ഷിക്കുമ്പോഴും ഈ വൈറസ് നമുക്ക് ചില നന്മകൾ പകർന്നുനല്കിയിട്ടുണ്ട് എന്ന കാര്യം മറക്കാനാവില്ല. എല്ലാവരും വീടുകളിലേക്ക് മടങ്ങി എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. വീടിന്റെ സുരക്ഷിത ത്വത്തിലേക്കും വീടിന്റെ കരുതലിലേക്കും നാം ജീവിതങ്ങളെ പറിച്ചുനട്ടു.  വീടാണ് ഒരുവന്റെ ആത്യന്തികമായ താവളമെന്ന് ഓരോരുത്തരും തിരിച്ചറിഞ്ഞു.അകന്നുപോയിരുന്ന പലതിനെയും നാം അടുപ്പിച്ചുനിർത്തി. മാതാപിതാക്കളും മക്കളും വൃദ്ധരും ഒരുമിച്ചുസമയം പങ്കിട്ടത് ഈ കൊറോണകാലത്തു മാത്രമായിരുന്നു. തിരക്കുകൾ മാറ്റിവച്ച് നാം വിസ്മൃതിയിലായിരുന്ന പലരെയും ഓർമ്മിച്ചെടുത്ത് ഫോൺ ചെയ്തു. സമയക്കുറവും ജീവിതവ്യഗ്രതയും മൂലം വേണ്ടെന്ന് വച്ചിരുന്നവ പലതും ചെയ്തുപൂർത്തിയാക്കാൻ സമയം കിട്ടി.

ചില കാര്യങ്ങളൊക്കെ വിചാരിച്ചാൽ വേണ്ടെന്ന് വയ്ക്കാനാവും എന്നും നാം പഠി
ച്ചു. അനാവശ്യയാത്രകൾ, ധൂർത്തുകൾ, ആഡംബരങ്ങൾ.  സർക്കാർ ആശുപത്രികളിലും മറ്റും കൊറോണയ്ക്ക് മുമ്പ് സർവ്വത്ര തിരക്കായിരുന്നു. പക്ഷേ ഇപ്പോൾ അവിടെയൊന്നും കാര്യമായ തിരക്കില്ലെത്രെ. ഇതെന്താണ് വ്യക്തമാക്കുന്നത്. നമുക്കൊക്കെ യഥാർത്ഥത്തിൽ അസുഖങ്ങളുണ്ടായിരുന്നോ. മുട്ടിന് വേദനയ്ക്കും ജലദോഷത്തിനും മൂക്കൊലിപ്പിനുമൊക്കെ നിരന്തരം മരുന്നുവാങ്ങികഴിക്കുന്നവരൊക്കെ ഇപ്പോൾ എവിടെ? ചികിത്സ വേണ്ട അസുഖങ്ങളായിരുന്നുവെങ്കിൽ ഇപ്പോഴും അവരൊക്കെ അവിടെ എത്തുമായിരുന്നില്ലേ? വിഷുവിനും ഈസ്റ്ററിനും കഴിഞ്ഞമാസം നടന്ന പിറന്നാളുകൾക്കും വിവാഹവാർഷികങ്ങൾക്കും പുതുവസ്ത്രം വാങ്ങിയില്ലെങ്കിലും പ്രത്യേകിച്ചൊരു കോട്ടവും ഉണ്ടാകില്ലെന്നും നാം പഠിച്ചു.

കേരളസർക്കാരിന്റെ ഖജനാവിൽ ഏറ്റവും അധികമായി പണം ഒഴുകിയെത്തിയിരുന്ന രണ്ട് അവസരങ്ങളാണ് കഴിഞ്ഞ മാസം കടന്നുപോയത്. ഈസ്റ്ററിനും വിഷുവിനും വിറ്റഴിക്കപ്പെടുന്ന മദ്യത്തിൽ നിന്നുള്ള വരുമാനമായിരുന്നു അത്. ഈസ്റ്ററിന് മദ്യപിച്ചില്ലെങ്കിൽ ആഘോഷമാവില്ല എന്ന് വിചാരിക്കുന്ന എത്രയോ പുരുഷന്മാർ മദ്യം രുചിക്കാതെയാണ് ആ ദിവസം കടത്തിവിട്ടത്.

അതുപോലെ ബീഫില്ലെങ്കിൽ ഈസ്റ്റർ സദ്യക്ക് ഉഷാറില്ല എന്ന മട്ടുകാരുമുണ്ടായിരുന്നു. ഈസറ്ററിന് പലയിടത്തും ബീഫ് കിട്ടാനുണ്ടായിരുന്നില്ല. എന്നിട്ട് ആരെങ്കിലും ഈസ്റ്റർ ആഘോഷിക്കാതിരുന്നോ? ബീഫും മദ്യവും ഇല്ലാതിരുന്നിട്ട് ഈസ്റ്ററിന് എന്തെങ്കിലും കുഴപ്പമുണ്ടായോ? ഇല്ല. മാർക്കറ്റിൽ ലഭ്യമാകുമ്പോൾ മാത്രമാണ് നാം പലതിന്റെയും അടിമയാകുന്നത്. ഇല്ലാത്തപ്പോൾ മുണ്ടുവരിഞ്ഞുമുറുക്കി ജീവിച്ച പഴയകാല തലമുറയെ പോലെ പലതും നമുക്ക് നിഷ്പ്രയാസം വേണ്ടെന്ന് വയ്ക്കാനാകും. ജീവിതത്തിന്റെ ക്ഷണികതയും മനുഷ്യന്റെ നശ്വരതയും സമ്പത്തിന്റെ നിരർത്ഥകതയും ആധുനിക ലോകം ഇതുപോലെ മനസ്സിലാക്കിയ മറ്റൊരു അവസരമില്ല.

ഒരാളെ നിരായുധനാക്കാൻ, നിസ്സഹായനാക്കാൻ അയാൾക്ക് മുമ്പിൽ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടണമെന്നില്ല. പ്രകൃതിദുരന്തങ്ങൾ സംഭവിക്കണമെന്നില്ല. തീരെ ചെറിയൊരു വൈറസ്.  ജീവിതത്തെ അവസാനിപ്പിക്കാനും ജീവിതംപ്രശ്നപൂരിതമാക്കാനും  ലോകത്തെ സ്തംഭിപ്പിക്കാനും അതുമതി. സമ്പത്തിന്റെയും സാങ്കേതികതയുടെയും ആയുധശേഖരങ്ങളുടെയും പേരിൽ അഹങ്കരിച്ചിരുന്ന ഒരുപാട് സമ്പന്ന രാജ്യങ്ങൾ കൊറോണക്കാലത്ത് തകർന്നടിയുന്നത് നാം കണ്ടു. എല്ലാ ഔദ്ധത്യങ്ങളും അഹങ്കാരങ്ങളും  ശമിച്ച് മറ്റ് രാജ്യങ്ങളോട് സഹായത്തിനായി കൈ നീട്ടുന്ന സമ്പന്നരാജ്യങ്ങൾ. എല്ലാം നേടിയെന്നും തങ്ങളെ വെല്ലാൻ മറ്റൊന്നിനുമാവില്ലെന്നും ഊറ്റം കൊണ്ടിരുന്ന മനുഷ്യൻ തന്റെ നിസ്സഹായത ലോകത്തിന് മുമ്പിൽ വീണ്ടും വെളിപ്പെടുത്തിക്കൊടുത്തു. ദൈവത്തെ നിഷേധിച്ചുജീവിക്കുന്നവർ പോലും ദൈവത്തിൽ ശരണം തേടണമെന്ന് പറഞ്ഞുതുടങ്ങി. ദേവാലയങ്ങളിലും ക്ഷേത്രങ്ങളിലും ആരാധനാകർമ്മങ്ങൾ നടന്നില്ലെങ്കിലും യഥാർത്ഥരായ ആത്മീയർ ദൈവത്തോട് ചേർന്നുനിന്ന് ഭക്ത്യാനുഷ്ഠാനങ്ങൾക്കും അപ്പുറമാണ് തങ്ങളും ദൈവവും തമ്മിലുളള ബന്ധമെന്ന് വെളിപ്പെടുത്തി. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഉത്സവങ്ങളും പെരുനാളുകളും നടത്തിയില്ലെങ്കിലും ദൈവത്തിന് ഒന്നും സംഭവിക്കില്ലെന്നും മനസ്സിലായി. ചെലവഴിക്കാൻ പണം ഇല്ലാത്തതുകൊണ്ടുമാത്രമല്ല ചെലവു ചുരുക്കിയും ജീവിക്കാമെന്ന് നാം പഠിച്ചു.

ഗവൺമെന്റ് നല്കുന്ന സൗജന്യറേഷൻ വാങ്ങാൻ റേഷൻകാർഡിന്റെ നിറവ്യത്യാസമുള്ളവർ മാത്രമായിരുന്നില്ല ക്യൂ നിന്നിരുന്നത്.   സമ്പന്നർ പോലും അതിന്റെ ഭാഗമായി. എല്ലാവരെയും കൊറോണ സമന്മാരാക്കി.  കയ്യിൽ കാശുള്ളതുകൊണ്ടുമാത്രം സാധനങ്ങൾ വാങ്ങാൻ കഴിയണമെന്നില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു. അന്തരീക്ഷ മലിനീകരണം കുറഞ്ഞതായും ഓസോൺപാളികളിലെ വിള്ളൽ പരിഹരിക്കപ്പെട്ടതായും കിളികൾ പ്രഭാതങ്ങളിൽ പൂർവ്വാധികം ശക്തിയോടെ പാടുന്നതായും എവിടെയോ വായിച്ചുകേട്ടു. നല്ലതുതന്നെ, കൊറോണകാലം അവസാനിക്കാതിരുന്നുവെങ്കിൽ എന്ന് എഴുതാൻ മാത്രം ക്രൂരനല്ല. പക്ഷേ കൊറോണക്കാലം അവസാനിച്ചുകഴിയുമ്പോഴും ഈ നന്മകൾ മാഞ്ഞുപോകരുതേയെന്ന് പ്രാർത്ഥിക്കുന്നു. നന്മകൾ തിരിച്ചുപിടിക്കാനുള്ള സ്വന്തം നിസ്സഹായതകൾ ഏറ്റുപറയാനുള്ള, ഭൗതികമായ യാതൊന്നിലും അഹങ്കരിക്കാതിരിക്കാനുള്ള ഒരു മനസ്സ് സ്ഥിരമായി നമുക്കുണ്ടായിരിക്കട്ടെ.

More like this
Related

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്....

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു,...

Thank You…

2020 ഓഗസ്റ്റ് മാസത്തിലാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. ഒരായുസ്സ്...

പോസിറ്റീവാകാം, പോസിറ്റീവ് വഴികളിലൂടെ

ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ...
error: Content is protected !!