അടുത്തകാലത്ത് കേട്ട വളരെ പ്രോത്സാഹനജനകമായ, പ്രതീക്ഷ നല്കുന്ന വാക്കായിരുന്നു അത്. കൈപിടിക്കും കൂടെയുണ്ട് ഞങ്ങൾ. പാലക്കാട് മലയിടുക്കിൽ അപകടത്തിൽ പെട്ട ബാബു എന്ന ചെറുപ്പക്കാരനോട് കേരളം പറഞ്ഞ വാക്കായിരുന്നു അത്. പറഞ്ഞതുപോലെ തന്നെ ഒരു കൈത്താങ്ങിൽ ബാബു ജീവിതത്തിലേക്ക് തിരികെ വന്നു.
എല്ലാ മനുഷ്യർക്കും വേണ്ടത് ഓരോ കൈത്താങ്ങലുകളാണ്, കൈ പിടിത്തങ്ങളാണ്. കൂടെയുണ്ട്, സാരമില്ല, എന്നെല്ലാമാണ് ഓരോ കൈപിടിത്തങ്ങളിലൂടെയും നാം പറയാതെ പറയുന്നത്.
അടുത്തയിടെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, അവൻ കടന്നുപോയ ജീവിതത്തിലെ ചില തീവ്രവമായ വേദനകളുടെയും സങ്കടങ്ങളുടെയും അനുഭവങ്ങൾ തുറന്നുപറഞ്ഞുകഴിഞ്ഞപ്പോൾ, എല്ലാം കേട്ടുകഴിഞ്ഞതിന് ശേഷം ഞാൻ അവന്റെ തോളത്ത് കൈചേർത്ത് പറഞ്ഞുവത്രെ, പോട്ടെടാ. സാരമില്ല. എല്ലാം ശരിയാകും എന്ന്. കൂടപ്പിറപ്പുകളോ മറ്റ് സുഹൃത്തുക്കളോ ഉണ്ടായിരുന്നിട്ടും അവരാരും പറയാതിരുന്നത് ഞാൻ പറഞ്ഞപ്പോൾ അവന്റെ കണ്ണുനിറഞ്ഞുപോയെന്നും അവന് എന്റെ വാക്കും സ്പർശവും ഏറെ ആശ്വാസകരമായെന്നും.
അങ്ങനെ പറഞ്ഞോ ഇല്ലയോ എന്ന് പോലും ഞാൻ ഓർമ്മിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ അവൻ അക്കാര്യം ഓർമ്മയിൽ സൂക്ഷിച്ചതും എന്റെ വാക്ക് അവനെ ആശ്വസിപ്പിച്ചതും കുറച്ചൊന്നുമല്ല എന്നെ സന്തോഷിപ്പിച്ചത്. ഒരു പക്ഷേ ബാഹ്യമായി നേടിയെടുത്ത പല വിജയങ്ങളെക്കാളും എനിക്ക് സന്തോഷം തോന്നിയ നിമിഷംകൂടിയായിരുന്നു അത്.
നമ്മൾ പറയുന്നത് ചിലപ്പോൾ വലിയ വാക്കുകളോ നല്കുന്നത് വലിയ സഹായങ്ങളോ ഒന്നുമായിരിക്കണമെന്നില്ല. എന്നാൽ അനുഭവിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അത് വളരെ വലുതാണ്. വലിയ തോതിലുള്ള ധനശേഖരണങ്ങൾ നടക്കുമ്പോൾ നാം നല്കുന്നത് ചെറിയ നാണയത്തുട്ടുകളായിരിക്കാം. പക്ഷേ അതുപോലും ഒരുമിച്ചുകൂട്ടിവയ്ക്കുമ്പോൾ വലുതായി മാറുന്നു.
കൈപിടിക്കാൻ ഒരാൾ കൂടെയുണ്ടെന്ന് തിരിച്ചറിയുന്നത് നല്കുന്ന ആശ്വാസം തിട്ടപ്പെടുത്താൻ കഴിയാത്തത്രത്തോളമുണ്ട്. ജീവിതത്തിൽ ഏതൊക്കെ സാഹചര്യങ്ങളിലാണ് നാം ആരുമില്ലാത്തവിധം ഒറ്റപ്പെട്ടുപോകുന്നത്. ബാഹ്യമായി നോക്കുമ്പോൾ എല്ലാവരുമുണ്ടാകാം. പക്ഷേ ഫലത്തിൽ ആരുമില്ലാത്ത അവസ്ഥ. രോഗങ്ങളുടെയും സാമ്പത്തികബുദ്ധിമുട്ടുകളുടെയും തെറ്റിദ്ധാരണകളുടെയും വിരഹങ്ങളുടെയും ഒക്കെ അവസ്ഥയിൽ എല്ലാവരും ഏതോ കൊടുമുടികളുടെ ഉച്ചിയിൽ ഒറ്റപ്പെട്ടുകഴിയുന്നവരാണ്. ഒന്ന് കാലു തെറ്റിയാൽ അഗാധമായ ഗർത്തങ്ങളിലേക്ക് വീണുപോകും. പരസ്യത്തിൽ പറയുന്നതുപോലെ ‘പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാൻ’. അത്തരം സാഹചര്യങ്ങളിലാണ്, അത്തരം വ്യക്തികൾക്കാണ് കരംപിടിക്കലുകൾ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന അനുഭവമായി മാറുന്നത്.
മതവിശ്വാസപ്രകാരമായ ഏതു വിവാഹത്തിലും കരം പിടിക്കലുകളുണ്ട്. ഇന്നുമുതൽ ഇനി തുടർന്ന് എന്നും താങ്ങായും കൂട്ടായും ഒപ്പമുണ്ടെന്നാണ് അത് പറയുന്നത്. പക്ഷേ പരസ്യമായി പറയുന്ന അത്തരമൊരു വാഗ്ദാനവും കരംചേർക്കലും എത്ര പെട്ടെന്നാണ് മാറിമറിയുന്നത്. കൊടുത്ത കരം പിൻവലിച്ചും നീട്ടിയ കരത്തിൽ പിടിക്കാതെയും ഒറ്റപ്പെട്ട തുരുത്തുകളായി മാറിക്കൊണ്ടിരിക്കുന്ന എത്രയോ ദമ്പതിമാർ. കരം പിടിക്കാതെ, ആരുടെയും കരം പിടിക്കൽ വേണ്ടെന്ന അഹങ്കാരത്തോടെ നടന്നുപോകാൻ മാത്രം ധൈര്യമുണ്ടെന്ന് പറയാൻ കഴിയുന്ന എത്രപേരുണ്ടാവും ഇവിടെ? ലോക സമ്പന്നരിൽ തന്നെ പ്രമുഖരിലൊരാളായ യൂസഫലിക്കുണ്ടായ വിമാനാപകടം ഓർമ്മിക്കൂ. ആ അവസരത്തിൽ അദ്ദേഹത്തിന് നേരെ കരം നീട്ടിയത് ഒരു ദരിദ്രകുടുംബമായിരുന്നു. ആ കരം പിടിക്കലിൽ യൂസഫലി ഇപ്പോഴും ജീവനോടെയിരിക്കുന്നു.
എപ്പോഴാണ് ഒരാളുടെ കരം പിടിക്കാൻന മുക്ക് അവസരം ഉണ്ടാവുകയെന്ന് ആരറിഞ്ഞു? കരം നീട്ടാൻ എളുപ്പമാണ്. പക്ഷേ കരം പിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കരം കൊടുക്കാൻ കിട്ടുന്ന അവസരങ്ങളെ കഴിവതുപോലെ പ്രയോജനപ്പെടുത്തുക.
ആരൊക്കെയോ നമ്മുടെ കരം നീട്ടലിന് വേണ്ടി ചുറ്റിനും കാത്തിരിക്കുന്നുണ്ട്. ആർക്കൊക്കെയോ വേണ്ടി നാം കരം നീട്ടേണ്ടതുമുണ്ട്. സ്നേഹവും സൗഹൃദവും പ്രണയവും ആശ്വാസവും എല്ലാം ഓരോ കരംപിടിത്തത്തിലുമുണ്ട്. കൈപിടിത്തം ജീവിതത്തിലേക്കുള്ള ക്ഷണമാണ്. ജീവനിലേക്കുളള കൂട്ടിച്ചേർക്കലാണ്.