ഇന്ന് ജൂണ്‍ 19. വായനാദിനം. പക്ഷേ ഒരു പുസ്തകം ധ്യാനപൂര്‍വ്വം വായിച്ചിട്ട് എത്ര കാലമായി? ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ് ഇത്. തിരക്കുപിടിച്ച ഈ ലോകത്തില്‍ നമ്മുടെ വായനകള്‍ പലതും ഇപ്പോള്‍ ഓണ്‍ലൈനിലായി. സ്‌ക്രോള്‍ ചെയ്തു വിടാവുന്ന വാര്‍ത്തയുടെ ശകലങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും സെന്‍ഷേണലുകള്‍ക്കും അപ്പുറത്തേക്ക് ഗൗരവമുള്ളവായനയൊക്കെ മുതിര്‍ന്നവരില്‍ പലര്‍ക്കും കൈമോശം വന്നിരിക്കുന്നു.
പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് ഇന്ന് കുട്ടികളില്‍ ഭൂരിപക്ഷവും പുസ്തകം കൈ കൊണ്ട് തൊടാറില്ലെന്നും തോന്നുന്നു. ടിവിയും മൊബൈലും വ്യാപകമായതോടെ ലോകം അതിലേക്ക് ചുരുങ്ങിയപ്പോള്‍ പുസ്തകങ്ങളിലൂടെ കണ്ടെത്താവുന്ന ലോകം അവര്‍ക്ക് അന്യമായി. പുസ്തകങ്ങളുടെ പുതുമണം മാത്രമല്ല ലൈബ്രറിയില്‍ നിന്ന് ആദ്യമായെടുത്ത പുസ്തകത്തിന്റെ പഴക്കമണം പോലും ഇപ്പോഴുണ്ട്. പൊടിയുടെയും മറ്റും അലര്‍ജിയുണ്ടായിരുന്നതുകൊണ്ടും ഉളളതുകൊണ്ടും പഴയപുസ്തകങ്ങളിലേക്ക് മടങ്ങുമ്പോഴെല്ലാം തുമ്മലും ചീറ്റലും സ്വഭാവികം. എന്നിട്ടും ചില പഴയകാലത്തിന്റെ ഓര്‍മ്മകളിലേക്ക് മടങ്ങാനുള്ള ആഗ്രഹം കൊണ്ട്, ആദ്യം വായിച്ച പുസ്തകങ്ങളുടെ ഓര്‍മ്മകളെ കൂട്ടുപിരിയാനുള്ള മടി കൊണ്ട് ഇടയ്‌ക്കെപ്പോഴൊക്കെയോ അതെടുത്തു വായിക്കുന്നു. അപ്പോള്‍ വായന തുടങ്ങിയ കാലത്തെ ആ പഴയ കൗമാരക്കാരനാകുന്നു ഞാന്‍. മുകുന്ദന്റെ അല്‍ഫോന്‍സച്ചനും ദാസനും ശശിയും എംടിയുടെ സേതുവും വിമലയും സേതുവിന്റെ ദേവിടീച്ചറും സിവി ബാലകൃഷ്ണന്റെ യോഹന്നാനും പെരുമ്പടവത്തിന്റെ ദസ്തയോവിസ്‌ക്കിയുംഒക്കെ അപ്പോള്‍ എന്റെഹൃദയത്തില്‍ വേദനയും സന്താപവും ഉണര്‍ത്തി കടന്നുപോകും. ലോകത്തിന്റെ ഏതോ കോണില്‍ ഒറ്റയ്ക്കായി പോയെന്ന് തോന്നുന്ന എന്റെ ചാരത്തായി അവര്‍ ഓരോരുത്തരായി വന്നിരിക്കും.
ആ നേരങ്ങളില്‍ എനിക്ക് തോന്നും എന്റെ വിചാരങ്ങള്‍ അവരുടേതാണെന്ന്..അവര്‍ വിചാരിച്ചതും ഭാരപ്പെട്ടതുമെല്ലാം എന്റെകൂടി വിചാരങ്ങളും സങ്കടങ്ങളുമാണെന്ന്്. പുസ്തകങ്ങളിലെ അക്ഷരപ്പൂട്ടുകള്‍ പൊട്ടിച്ച് അവരെന്റെ ചാരത്തിരിക്കുമ്പോള്‍ പുതിയൊരു സൗഹൃദത്തിന്റെ വന്‍കരയിലെത്തിയ ചാര്‍ച്ചക്കാരാകുന്നു ഞങ്ങള്‍. വായനയിലൂടെ നേടിയെടുത്ത സൗഹൃദങ്ങള്‍. വായന തുടങ്ങിയ കാലത്ത് എന്തൊരു തീക്ഷ്ണതയും തീവ്രതയുമായിരുന്നു. പാലാ മുന്‍സിപ്പല്‍ ലൈബ്രറിയായിരുന്നു വായനയുടെ ലോകം തുറന്നുതന്നത്. രാവിലെ ഒമ്പതുമുതല്‍ പന്ത്രണ്ടുമണിവരെയും വൈകുന്നേരം നാലുമണി മുതല്‍ എട്ടുമണിവരെയുമായിരുന്നു അന്നത്തെ ലൈബ്രറി സമയം എന്നായിരുന്നു ഓര്‍മ്മ. രാവിലെ തന്നെ പുസ്തകമെടുക്കാന്‍ കിലോമീറ്ററുകളോളം നടന്നെത്തും. പലപ്പോഴും ഒമ്പതുമണിക്ക് മുന്നേ തന്നെ. കാത്തുനിന്നെന്നതുപോലെ ലൈബ്രറി തുറന്ന് പുസ്തകമെടുത്ത് വീട്ടിലേക്കോടും. ഒരുവിധം തടിച്ച പുസ്തകമാണെങ്കില്‍ കൂടി പിറ്റേന്ന് വൈകുന്നേരമാകുമ്പോഴേയ്ക്കും വായിച്ചുതീര്‍ന്നിട്ടുണ്ടാവും. കറുത്ത എന്നാല്‍ ഐശ്വര്യമുള്ള മുഖമുള്ള ഒരു സ്ത്രീയായിരുന്നു അന്ന് ലൈബ്രേറിയന്‍. ജയശ്രീ എന്നായിരുന്നു പേര്. ചില പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ളറിവ്യൂസൊക്കെ വായിച്ചതിന്റെ വെളിച്ചത്തില്‍ ആപുസ്തകമുണ്ടോ ഈ പുസ്തകമുണ്ടോ എന്നൊക്കെ പതിവായി ചോദിച്ചുതുടങ്ങിയപ്പോള്‍ വായനയോടുള്ള എന്റെ ആക്രാന്തം കണ്ട് ആദ്യത്തെ അകല്‍ച്ച എന്നോട് അവര്‍ കാണിക്കാതെ പോകുകയും പിന്നെ എന്റെ മുമ്പില്‍ വച്ച് സീല്‍ പതിപ്പിച്ച് പുതിയ പുസ്തകങ്ങള്‍ ആദ്യമായി എനിക്ക് തന്നുവിടുകയും ചെയ്തു അവര്‍. അന്ന് മുന്‍സിപ്പല്‍ ലൈബ്രറിയിലെ പുതിയ മലയാളം പുസ്തകങ്ങളില്‍ ഒട്ടുമിക്കതും ആദ്യം വായിച്ച വായനക്കാരില്‍ ഒരാളായിരുന്നു ഞാന്‍. ഇന്ന് എവിടെയായിരിക്കുമോ ആ സ്ത്രീ. മുന്‍സിപ്പല്‍ ലൈബ്രറിയുടെ മുമ്പിലൂടെ കടന്നുപോകുമ്പോഴെല്ലാം ഞാന്‍ അവരെ ഓര്‍ക്കാറുണ്ട്.
വായനാദിനത്തില്‍ എനിക്ക് കടപ്പാടുള്ളത് അവരോടാണ്. ജയശ്രീ എന്ന ലൈബ്രറേറിയനോട്. പിന്നെ ജീവിതം മറ്റൊരു കുഗ്രാമത്തിലേക്ക് പറിച്ചുനട്ടപ്പോള്‍, പുതിയ ഇടങ്ങളോട് ലയിച്ചുചേരാനുള്ള സ്വഭാവികമായ സഹജപ്രവണതഇല്ലാത്തതുകൊണ്ട് ലൈബ്രറികളിലേക്കൊന്നും പോയില്ല. അന്ന് പിന്നെ കോളജ് ലൈബ്രറിയായിരുന്നു താല്ക്കാലികാശ്വാസം, പക്ഷേ അവിടെയും ആഗ്രഹിക്കുന്ന പുസ്തകങ്ങളൊന്നും കിട്ടാനുണ്ടായിരുന്നില്ല. പിന്നെപിന്നെ ജോലിയുമായി ബന്ധപ്പെട്ട യാത്രകളും ജോലിസ്ഥലങ്ങളും. വിവാഹവും മക്കളും.. ജോലിയുടെ സമ്മര്‍ദ്ദങ്ങളും മറ്റ് പ്രശ്‌നങ്ങളും. വായന അകലങ്ങളിലേക്ക് മറഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നതായി ഞാനറിയുന്നുണ്ടായിരുന്നു. പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മിണ്ടാട്ടം മുട്ടിഞാനിരുന്നു.പുതിയ പല എഴുത്തുകാരും അപരിചിതരായി. അതെ, മുകളിലെഴുതിയത് ആത്മഗതം തന്നെയാണ്. ഒരു പുസ്തകം വായിച്ചിട്ടെത്ര കാലമായി?
വിനായക് നിര്‍മ്മല്‍