ജോലിയിൽ സന്തോഷം കണ്ടെത്താൻ ആദ്യം ചെയ്യേണ്ടത് ജോലിയെ സ്നേഹിക്കുക എന്നതുതന്നെയാണ്. ജോലിയെ സ്നേഹിക്കാതെ വരുമ്പോഴാണ് ചെയ്യുന്ന ജോലി നമുക്ക് ഭാരപ്പെട്ടതായി തോന്നുന്നത്. മൂഡ് വ്യതിയാനങ്ങൾ കൊണ്ടോ ശാരീരികമായ അസുഖങ്ങൾ മൂലമോ തോന്നാവുന്ന വല്ലപ്പോഴുമുള്ള ഇഷ്ടക്കുറവിനെ ഒഴിച്ചുനിർത്തിക്കൊണ്ട് ജോലിയിൽ സന്തോഷം കണ്ടെത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ചാണ് ഇവിടെ നാം ചിന്തിക്കുന്നത്.
തൊഴിൽ സ്ഥലത്ത് നല്ല ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുക എന്നത് ഇക്കാര്യത്തിൽ പ്രധാനമാണ്. സുഹൃത്തുക്കൾക്ക് ഇക്കാര്യത്തിൽ ഒരുപാട് സഹായിക്കാനാവും. ജോലിസ്ഥലത്ത് തികച്ചും ഒറ്റപ്പെട്ട വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് അവിടേയ്ക്ക് പോകാനേ തോന്നില്ല. മനസ്സില്ലാമനസ്സോടെ ചെല്ലുകയും ചെയ്യുകയും ചെയ്യുന്ന ജോലിക്ക് സന്തോഷം നല്കാനാവില്ല. സുഹൃത്തുക്കൾ പോലെ തന്നെപ്രധാനപ്പെട്ടതാണ് ജോലിസ്ഥലത്ത് രസകരമായ ചില വിനോദങ്ങളിൽ സുഹൃത്തുക്കളുമായി ഏർപ്പെടുക എന്നത്.
ഓർമ്മ പരിശോധനയോ, നിങ്ങൾക്കറിയാമോ, അന്താക്ഷരിയോ അങ്ങനെ ആരെയും ഭാരപ്പെടുത്താത്തതും രസകരവുമായ വിനോദങ്ങൾ ജോലിസ്ഥലത്തെയും ജോലിയെയും സ്നേഹിക്കാനും ടെൻഷനിൽ നിന്ന് മുക്തിനേടാനും സഹായിക്കും. മെഡിറ്റേഷനും ഗുണം ചെയ്യുന്ന കാര്യങ്ങളിലൊന്നാണ്. വ്യക്തികളിൽ ക്രിയാത്മകമായ മാറ്റങ്ങൾ ഉണ്ടാക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും ഇത് സഹായിക്കും. ഉല്പാദനക്ഷമതയും വർദ്ധിപ്പിക്കും. ഡീപ്പ് ബ്രീത്തിംങ് നടത്തുമ്പോൾ തലച്ചോറിലേക്ക് കൂടുതൽ ഓക്സിജൻ പ്രവേശിക്കുന്നു. വളരെ എളുപ്പത്തിലുള്ള ഒരു റിലാക്സേഷൻ ടെക്നിക്ക് കൂടിയാണ് ഇത്. കഴിക്കുന്ന ഭക്ഷണത്തിനും സന്തോഷം നല്കാൻ കഴിയും.പലപ്പോഴും കഴിക്കുന്ന ഭക്ഷണം മൂഡിനെ നിയന്ത്രിക്കാൻ സഹായകമാണ്. അതുകൊണ്ട് ഗുണമേന്മയുള്ളതും പോഷകസമ്പുഷ്ടവുമായ ആഹാരപദാർതഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ തീർച്ചയായും ഉണ്ടായിരിക്കണം. എന്നാൽ ഒരു കാര്യം ഇവിടെ മറക്കുകയും ചെയ്യരുത്. ലഘുവായി കഴിക്കുക, ശരിയായി കഴിക്കുക എന്നതാണ് പ്രധാനം. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടുപോകാതിരിക്കാനും ശ്രദ്ധിക്കണം. നിർജ്ജലീകരണം പലപ്പോഴും ജോലിയിലെ ഉന്മേഷം നഷ്ടപ്പെടുത്താറുണ്ട്. അതുകൊണ്ട് ജോലിക്കിടയിൽ ശുദ്ധമായ വെള്ളമോ ജ്യൂസോ കുടിക്കണം. ജ്യൂസിൽ മധുരം ചേർക്കരുത്. ഉറക്കവും പ്രധാനപ്പെട്ട കാര്യമാണ്. ഒര ുവ്യക്തി ദിവസം ഏഴു മുതൽ എട്ടു വരെ മണിക്കൂർ ഉറങ്ങേണ്ടതുണ്ട്. രാത്രിയിലെ നല്ല ഉറക്കം ജോലിയിൽ ഉന്മേഷം വർദ്ധിപ്പിക്കും. വീട്ടിലെ പ്രശ്നങ്ങൾ ചുമന്നുകൊണ്ട് ഓഫീസിലേക്ക് വരരുത്. ആ പ്രശ്നങ്ങൾ അവിടെ വച്ചിട്ട് വരിക. അപ്പോൾ ജോലി ഏകാഗ്രമാകും. ഉത്സാഹത്തോടെ ചെയ്യാനും കഴിയും.
പോസിറ്റിവായി ചിന്തിക്കുക എന്നതാണ് അവസാനത്തെ കാര്യം. ഇന്ന് ഞാൻ സന്തോഷവാനാണ്, സന്തോഷവതിയാണ്, ഇന്ന് നല്ല ദിവസമാണ്, ഇന്ന് ഞാൻ എന്റെ എല്ലാ ജോലിയും നല്ല രീതിയിൽ ചെയ്തുതീർക്കും ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് ദിവസം ആരംഭിക്കൂ, ജോലി ആരംഭിക്കൂ… അപ്പോൾ ജോലി കൂടുതൽ ആസ്വാദ്യകരമാവും. ചില ദിവസങ്ങൾ നാം ഉദ്ദേശിക്കുന്നതുപോലെ നല്ലതായിരിക്കണമെന്നില്ല. അതിനെ അതിന്റെ വഴിക്ക് വിട്ടേക്കൂ. ചിലപ്പോൾ ചില ദിവസങ്ങളിലെ ജോലി കഷ്ടപ്പാടുള്ളതായിരിക്കും. മറ്റ് ചിലപ്പോൾ എളുപ്പവും. നമുക്ക് ജോലിയുടെ സ്വഭാവം മാറ്റാൻ കഴിയില്ലല്ലോ? മനോഭാവമല്ലേ മാറ്റാൻ കഴിയൂ… അതുകൊണ്ട് സന്തോഷത്തോടെ, ഉത്സാഹത്തോടെ ജോലി ചെയ്യൂ. കിട്ടുന്ന വേതനം കുറവോ കൂടുതലോ എന്തുമായിരുന്നുകൊള്ളട്ടെ. ആ ജോലിയാണ് നമുക്ക് അന്നം തരുന്നതെന്ന ചിന്തയും നല്ലതാണ്. ജോലിയിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ അത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ഒടുവിൽ വിഷാദത്തിലേക്ക് വരെ വഴിതെളിക്കുകയും ചെയ്തേക്കാം. അതുകൊണ്ട് ജോലിയിലെ സന്തോഷം നഷ്ടപ്പെടുത്തരുതേ…