തങ്ങളുടെ കഴിവും സാമർത്ഥ്യവും തിരിച്ചറിയുന്നവർ ആത്മവിശ്വാസമുള്ള വ്യക്തികളായിരിക്കും. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണവും അവരിൽതന്നെയായിരിക്കും. മാത്രവുമല്ല അവർ തങ്ങളുടെ കഴിവു മാത്രമല്ല കഴിവുകേടുകളും മനസിലാക്കിയിട്ടുണ്ടാവും. ഇങ്ങനെയൊക്കെയാണെങ്കിലും ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. എങ്ങനെയാണ് ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കഴിയുന്നത്? ചില മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു:
സ്വയം മതിപ്പുതോന്നുന്ന, ആദരവും ബഹുമാനവും തോന്നുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തി അതെഴുതി വയ്ക്കുക. ഏതൊക്കെ അവസരങ്ങളിൽ ആത്മവിശ്വാസത്തിന് മങ്ങലേറ്റു എന്ന് തോന്നുന്നുവോ അപ്പോൾ ഈ ലിസ്റ്റ് പുറത്തെടുത്ത് വായിച്ചുനോക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുക. മറ്റുള്ളവരെ സന്തുഷ്ടരാക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കുക. പലപ്പോഴും മറ്റുള്ളവരെന്തുവിചാരിക്കും എന്ന ചിന്ത പല നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് പോലും നമ്മെ പിന്തിരിപ്പിക്കാറുണ്ട്. മറ്റുള്ളവരെന്തു വിചാരിച്ചാലും എന്റെകഴിവിന് അനുസരിച്ച് പ്രവർത്തിക്കും എന്ന് തീരുമാനിക്കുക. കഴിഞ്ഞുപോയ സംഭവങ്ങളെയും കഴിഞ്ഞകാലത്തെയും ഓർത്ത് മനസ്തപിക്കാതെ അവനവരോട് തന്നെ ക്ഷമിച്ച് അവയെ ഉൾക്കൊള്ളുക. തെറ്റുകൾ, പിഴവുകൾ ഒക്കെ സംഭവിച്ചിട്ടുണ്ടാകാം. അവ ആവർത്തിക്കാതിരിക്കുക. സംഭവിച്ചുപോയത് അംഗീകരിക്കുക.
എത്രയെത്ര സാധ്യതകളുള്ളവരാണ് ഓരോ വ്യക്തികളും. എന്നാൽ ആ സാധ്യതകളുടെ തീരെ ചെറിയൊരു അംശം മാത്രമേ നാം ഇപ്പോഴും പ്രയോഗിക്കുന്നുള്ളൂ. കഴിവുകളുടെ ഭൂരിഭാഗവും.ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ ഇപ്രകാരം മറഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തുക. അവയെ പ്രകാശിപ്പിക്കുക. ഒരുപക്ഷേ മനോഹരമായി പാടാൻ നമുക്ക് കഴിയണമെന്നില്ല. അഭിനയിക്കാൻ വശമുണ്ടായിരിക്കണമെന്നുമില്ല. എങ്കിലും മറ്റേതോക്കെയോചില കഴിവുകൾ ഉള്ളിൽ ഉറങ്ങികിടക്കുന്നുണ്ട് എന്നത് സുനിശ്ചിതമാണ്. ആ കഴിവുകളിലേക്ക് ചൂഴ്ന്നിറങ്ങുക. മുത്തുകൾ വാരിയെടുക്കുന്നവരെപോലെ അവ കോരിയെടുത്ത് പുറമേയ്ക്ക്പ്രദർശിപ്പിക്കുക. സ്വന്തം കഴിവുകൾ പ്രകാശിതമാകുമ്പോൾ അത് നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
എല്ലാ കാര്യങ്ങളും ഒരേപോലെ ചെയ്യുന്നതിൽ വെല്ലുവിളികളൊന്നുമില്ല. പഴക്കം കൊണ്ട് നമുക്ക് ഏതു ജോലിയും ചെയ്തുതീർക്കാനാവും. പക്ഷേ പുതിയൊരു കാര്യം ചെയ്യുക എന്നത് അങ്ങനെയല്ല അസാധാരണവും പുതിയതുമായ കാര്യങ്ങൾ ചെയ്യുമ്പോഴാണ് നമ്മുടെ കഴിവുകൾ പുറത്തേക്ക് വരുന്നത്. അതുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കേണ്ട അവസരംവരുമ്പോൾ ഒഴിഞ്ഞുമാറാതെ അതിനെ രണ്ടുകൈയും നീട്ടി സ്വീകരിക്കുക. ഇത് ആത്മവിശ്വാസം വർദ്ധിക്കാനിടയാക്കും.
ഉത്സാഹശീലമുള്ള, എനർജറ്റിക്കായ ഒരു ഗ്രൂപ്പിലായിരിക്കാൻ ശ്രമിക്കുക. വളർത്താൻ സന്നദ്ധതയുള്ളവരും നമ്മുടെ വളർച്ച സ്വപ്നം കാണുന്നവരുമാണവർ. ചെറിയ ചെറിയ പിഴവുകൾ സംഭവിച്ചാലും സാരമില്ല മുന്നോട്ടുപൊയ്ക്കോ എന്ന് പറയുന്നവരുടെ പിന്തുണ വലുതാണ്. അത് നമ്മുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ ഇടയാക്കും. ഏതുകാര്യത്തിനും പിന്നാക്കം വലിക്കുന്നവരും നെഗറ്റീവ് പറയുന്നവരുമായവരിൽ നിന്ന് ഓടിയകലുക.
ആത്മവിശ്വാസത്തിന്റെ ഫലങ്ങൾ
ചെയ്യുന്നകാര്യങ്ങളിലെല്ലാം മികച്ച പ്രകടനം
പുതിയകാര്യങ്ങളോടുളള തുറന്ന സമീപനം
മെച്ചപ്പെട്ട വ്യക്തിബന്ധങ്ങളും മാനസികാരോഗ്യവും
വർദ്ധിച്ച സന്തോഷം