ഡാ തടിയാ എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ വരികളാണ് ഇത്. നായകന്റെ ആകാരഭംഗിയെക്കുറിച്ചുള്ള പൊതുസങ്കല്പങ്ങളെ തകിടം മറിച്ചുകൊണ്ടുളള കേന്ദ്രകഥാപാത്രമാണ് ഈ സിനിമയിലുളളത്. നായകനും കൂട്ടുകാരും കൂടി ചേർന്നുപാടുന്ന വിധത്തിലാണ് ഗാനരംഗം.
പലവിധത്തിലുള്ള ബോഡി ഷെയിമിങിന് ഇരകളാകുന്നവരെല്ലാം ഈ ലോകത്തിന് കൊടുക്കേണ്ട മറുപടി ഈ വരികളിലുണ്ടെന്നാണ് വിശ്വാസം.കാരണം ഇതിൽ അയാൾ അയാളെ തന്നെ അംഗീകരിക്കുന്നു. താൻ മറ്റുള്ളവരെ അപേക്ഷിച്ച് വണ്ണക്കൂടുതലുളള വ്യക്തിയാണെന്ന് അയാൾ സ്വയം സമ്മതിക്കുന്നു. അതോടൊപ്പം സമൂഹത്തോട് അയാൾ ചോദിക്കുന്നു, അതിന് എന്താണ്?
അതെ,അതാണ് വേണ്ടത്. മറ്റുള്ളവർക്ക് നമ്മുടെ ശാരീരിക പ്രത്യേകതകളെയോർത്ത് വിഷമിക്കേണ്ട കാര്യമൊന്നുമില്ല. നമ്മുടെ ശരീരം നമ്മുടെയാണ്. ഓരോ വ്യക്തികളും വ്യത്യസ്തരാണ് എന്നതുപോലെ തന്നെ അവരുടെശാരീരികപ്രത്യേകതകളും വ്യത്യസ്തമാണ്. ഈ വ്യത്യസ്തയാണ് അവരെ അവരാക്കി മാറ്റുന്നത്. മറ്റുള്ളവർ ചൂണ്ടിക്കാണിച്ചുതരുന്ന ഏതെങ്കിലും കുറവുകളുടെപേരിൽ അപകർഷത അനുഭവപ്പെട്ടാൽ ജീവിതത്തിൽ നാം പരാജയപ്പെട്ടുപോകും.
സാധാരണക്കാർ മാത്രമല്ല സോഷ്യൽ മീഡിയയുടെ ഈ അതിപ്രസരകാലത്ത് സെലിബ്രിറ്റികൾ പോലും ബോഡി ഷെയിമിങിന് ഇരകളാകുന്നുണ്ട്. മലയാളികളുടെ ഇഷ്ടതാരങ്ങളിലൊരാളായ നിവിൻ പോളി കഴിഞ്ഞ ഏതാനും സിനിമകളിൽ പ്രത്യക്ഷപ്പെട്ടത് അല്പം തടിച്ചിട്ടായിരുന്നു. ഏതൊക്കെ രീതിയിലുള്ളപ്രതികരണങ്ങളാണ് നടനെതിരെ ഉയർന്നത്!
പിന്നീട് തടി കുറച്ച ്പഴയ ആകാരഭംഗി വീണ്ടെടുത്ത ചിത്രം പോസ്റ്റ് ചെയ്തപ്പോഴേ സോഷ്യൽ മീഡിയായ്ക്ക് സമാധാനമായുള്ളൂ.
അപർണ്ണ ബാലമുരളി, ഹണി റോസ്, മഞ്ജിമ മോഹൻ തുടങ്ങിയ നടിമാരും ബോഡി ഷെയ്മിങിന് ഇരകളായി മാറുന്നതും അടുത്തയിടെ നാം കണ്ടു. ബോളിവുഡ് താരം വിദ്യാബാലനാണ് മറ്റൊന്ന്. ഫിറ്റ്നസ് നിലനിർത്തിപ്പോരുന്ന സെലിബ്രിറ്റികൾക്ക് എന്തുകൊണ്ട് പെട്ടെന്ന് ആകാരഭംഗിയിൽ മാറ്റം വരുന്നു എന്നതിനെക്കുറിച്ച്ആരും ചിന്തിക്കാറില്ല.ഹോർമ്മോൺ അസന്തുലിതാവസ്ഥ പോലെയുള്ള പല കാരണങ്ങൾ അതിന്റെ പിന്നിലുണ്ടാവാം. കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങളുമാവാം.
നടീനടന്മാരായതുകൊണ്ട് അവർ മനുഷ്യരല്ലാതെ വരുന്നില്ലല്ലോ? പക്ഷേ അതൊന്നും സമൂഹത്തിന് ബാധകമല്ല. വണ്ണം കൂടിപ്പോയാൽ മാത്രമല്ല മെലിഞ്ഞുപോയാലും പ്രശ്നമാണ്. എന്തോ മാറാ രോഗമാണ് അവർക്ക് എന്ന മട്ടിലാണ് അത്തരം പ്ര ചരണങ്ങൾ.
അടുത്തയിടെ നടൻ ഇന്ദ്രൻസിനെതിരെ ഒരു പ്രമുഖവ്യക്തി നടത്തിയ പരാമർശം ബോഡി ഷെയിമിങായിരുന്നു. പക്ഷേ അതിനെ വിവേകത്തോടെ കാണാനും പ്രതികരിക്കാനും ഇന്ദ്രൻസിന് വലുപ്പമുണ്ടായിരുന്നതുകൊണ്ട് മറ്റ് പ്രശ്നങ്ങളിലേക്ക് പോയില്ലെന്ന് മാത്രം.
അവനവരിൽ തന്നെ മതിപ്പില്ലാത്തവരും അപകർഷത അനുഭവിക്കുന്നവരുമാണ് മറ്റുള്ളവരെ അവരുടെ കുറവുകളുടെ പേരിൽ പരിഹസിക്കുന്നത്. സ്വന്തം കുറവുകളെക്കുറിച്ച് ബോധ്യമുള്ള ഒരാൾക്ക് ഒരിക്കലും മറ്റുള്ളവരെ അവരുടെ കുറവുകളുടെ പേരിൽ പരിഹസിക്കാൻ കഴിയുകയില്ല.
കുറവുകളില്ലാത്തവരായി ആരുമുണ്ടാവില്ല. പ്രശസ്തരെന്നും എല്ലാം തികഞ്ഞവരെന്ന് നാം കരുതുന്നവരുമായ വ്യക്തികൾക്ക് പോലുമുണ്ട് പല തരത്തിലുള്ള ശാരീരിക കുറവുകൾ. തമിഴ് ചലച്ചിത്രതാരം സൂര്യ ഒരു അഭിമുഖത്തിൽ പറഞ്ഞത് തനിക്ക് കുറച്ചുകൂടി പൊക്കമുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നാണ്. ചലച്ചിത്രതാരങ്ങളായ കമൽഹാസനും അമീർഖാനും പൊക്കം കുറവാണെന്ന്കൂടി അറിയണം. പക്ഷേ ഈ കുറവ് അവരുടെ കരിയറിൽ യാതൊരുതരത്തിലുള്ള കുറവും വരുത്തിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
അമിതാഭ് ബച്ചന് പൊക്കം കൂടുതലായതായിരുന്നു ഒരുകാലത്ത് പ്രശ്നമായി മാറിയത്. അത്രയും പൊക്കമുള്ള ആളെ ഹിന്ദി സിനിമയ്ക്ക് ആവശ്യമില്ലെന്നായിരുന്നു അന്നത്തെ ധാരണ. യേശുദാസിന്റെ സ്വരം നല്ലതല്ലെന്ന് പറഞ്ഞ കാലവുമുണ്ടായിരുന്നു. മമ്മൂട്ടിയുടെ പേര് ശരിയല്ലെന്ന് പറഞ്ഞ് പേരുമാറ്റിയ ചരിത്രവുമുണ്ട്. ഇതൊക്കെ എന്താണ് വ്യക്തമാക്കുന്നത്? സമൂഹത്തെ മുഴുവൻ തൃപ്തിപ്പെടുത്തിയും എല്ലാവരുടെയും കൈയടികൾ വാങ്ങിയും ഒരാളും ഇവിടെ വിജയിച്ചിട്ടില്ല. മറ്റുള്ളവർ നോക്കുമ്പോൾ കുറവുകളില്ലാത്തവരും ഇല്ല. പക്ഷേ കുറവുകളിലേക്ക് നോക്കി മുഖം പൂഴ്ത്തിയിരുന്നാൽ ജീവിതത്തിൽ ആർക്കും ഒന്നുമാകാൻ കഴിയില്ല. വിജയിക്കാനും സാധിക്കില്ല.
നടൻ വിക്രമിന്റെ ഒരു വൈറൽ വീഡിയോയുണ്ട്. ഒരു അപകടത്തെത്തുടർന്ന് കാൽ മുറിച്ചു മാറ്റേണ്ടി വരുമെന്ന സാഹചര്യം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. കാൽപ്പാദം മുറിച്ചുനീക്കുക. പിന്നെയൊരു അഭിനയജീവിതം ഉണ്ടാവില്ല. പക്ഷേ നടനായേ തീരൂ എന്ന് ശപഥമെടുത്ത വിക്രം തളർന്നില്ല. ആ പോരാട്ടവീര്യമാണ് അദ്ദേഹത്തെ ഇന്ന് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളിലൊന്നായി മാറ്റിയത്. ചെറിയ ചെറിയ വേഷങ്ങളുടെ പത്തുവർഷങ്ങളും ആ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതിൽ നിന്നാണ് ഇന്നത്തെ വിക്രമിന്റെ ഉയർച്ച. പുറകോട്ട് പോയിരുന്നുവെങ്കിൽ ഇന്നത്തെ വിക്രം ഉണ്ടാകുമായിരുന്നില്ല. കൗമാരയൗവനങ്ങളിൽ മറ്റ് പലരുമായും തട്ടിച്ചുനോക്കി സ്വന്തം അപകർഷത വർദ്ധിപ്പിക്കുന്നവർ ധാരാളമുണ്ട്. കുറവുകൾ മാത്രമാണ് അവർ കാണുന്നത്. കുറവുകളെ നികത്താനുള്ള നിറവുകൾ തങ്ങളിലുണ്ടെന്ന് അവർ തിരിച്ചറിയുന്നില്ല.
നീ ഇങ്ങനെയാണ്, നീ ഇങ്ങനെയാണ് എന്ന് ആവർത്തിച്ചുപറഞ്ഞ് ആത്മവിശ്വാസം കെടുത്തുന്നവരോട് ഇന്നുമുതൽ ഇങ്ങനെ ചോദിക്കുക
ഞാൻ ഇങ്ങനാണ് ഭായ്
അതിന് നിനക്കെന്താണ് ഭായ്?
തീർച്ചയായുംഅവർക്ക് ഉത്തരം മുട്ടും.
തോല്പിക്കാൻ ശ്രമിക്കുന്നവന്റെ മുമ്പിൽ ആത്മാഭിമാനത്തോടെ നിവർന്നുനില്ക്കുക. വിജയം നമ്മോടുകൂടെ…