കൺഫ്യൂഷൻ ഇല്ലാത്ത വ്യക്തികളാരെങ്കിലുമുണ്ടാവുമോ ഈ ലോകത്ത്? ജീവിതത്തിൽ നിർണ്ണായകമായ ചില തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുമ്പോൾ എല്ലാവരും കൺഫ്യൂഷനിലാകും. അത് പരിഹരിക്കാൻ കൂട്ടുകാരെയോ ബന്ധുക്കളെയോ ഒക്കെ സമീപിക്കുമ്പോൾ അവർ നല്കുന്ന നിർദ്ദേശങ്ങളും ഉപദേശങ്ങളും കൺഫ്യൂഷൻ ഇരട്ടിയാക്കുകയായിരിക്കും ചെയ്യുന്നത്.ആശയക്കുഴപ്പത്തിൽ അകപ്പെടുന്ന സന്ദർഭങ്ങളിൽ മാർഗ്ഗനിർദ്ദേശത്തിനായി വ്യക്തികളെ സമീപിക്കുന്നതിന് പകരം നാം ദൈവത്തോട് സംസാരിക്കണമെന്നാണ് ഗുരുക്കന്മാർ അഭിപ്രായപ്പെടുന്നത്.
ദൈവത്തോടു സംസാരിച്ചുതുടങ്ങുമ്പോൾ പതുക്കെയാണെങ്കിലും തീർച്ചയായും നമുക്കൊരു വഴി കണ്ടുപിടിക്കാൻ കഴിയും, നേരായ ദിശയിലൂടെ സഞ്ചരിക്കാനും നന്മയുളവാക്കുന്ന ലക്ഷ്യത്തിലെത്തിച്ചേരാനും കഴിയും. ധൃതിപിടിച്ചുള്ള തീരുമാനങ്ങളോ തിടുക്കത്തിലുള്ള നടപടികളോ ചിലപ്പോഴെങ്കിലും തെറ്റിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ദൈവത്തോട് സംസാരിച്ച്, ദൈവത്തോട് കൂടിയാലോചിച്ച് നടപ്പിലാക്കുന്ന തീരുമാനങ്ങളിൽ തെറ്റുപറ്റാറില്ല. ചെറിയൊരു കാൽവയ്പ്പായിരിക്കും നാം തുടക്കത്തിൽ നടത്തുന്നത്. എന്നാൽ അത് ശരിയായ ദിശയിലേക്കായിരിക്കും. അതാണ് ദൈവം നല്കുന്ന ഉറപ്പ്.
ചിലപ്പോൾ കണ്ണടച്ച് തുറക്കുന്ന നിമിഷത്തിനുള്ളിൽ ദൈവം എല്ലാ കൺഫ്യൂഷൻസും തീർത്തുതരണമെന്നില്ല. പക്ഷേ അത് പരിഹരിക്കാനുള്ള ചില ഉപകരണങ്ങൾ ദൈവം നീട്ടിത്തരും. ആ പ്രശ്നത്തെ അതിജീവിക്കാനോ കടന്നുപോകാനോ കഴിയുന്ന വിധത്തിൽ, പ്രത്യാശയോടെ നിലനിർത്താൻ കഴിയുന്ന വിധത്തിൽ. അതെ ദൈവം നമുക്ക് ധൈര്യം നല്കും… ശക്തി നല്കും… ക്ഷമ നല്കും…എന്താണ് നാം ചെയ്യേണ്ടതെന്നും എന്തിലേക്കാണ് നാം തിരിയേണ്ടതെന്നുമുള്ള കൃത്യമായ പ്ലാൻ നല്കും.
എന്തുകൊണ്ടാണ് ചില നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാത്തതെന്ന്. അല്ലെങ്കിൽ ചില അനുഗ്രഹങ്ങൾ വൈകുന്നതെന്ന്. ഇതേക്കുറിച്ചൊന്നും നമ്മുക്ക് ചിലപ്പോൾ കൃത്യമായ തീരുമാനങ്ങളിലോ അനുമാനങ്ങളിലോ എത്താൻ കഴിയുന്നുണ്ടാവില്ല. പക്ഷേ ദൈവത്തോട് ആ കാര്യം നീ സംസാരിച്ചിട്ടുണ്ടോ മറുപടി കിട്ടുമെന്നത് ഉറപ്പാണ്. ഒരു പക്ഷേ വൈകിയെന്നിരിക്കും. ആ വൈകൽ നിന്റെ മാത്രം തോന്നലാണ്, കാഴ്ചപ്പാടാണ്. കാരണം ദൈവത്തിന് ഇതാണ് സ്വീകാര്യമായ സമയം. നിന്റെ ക്ഷമ ചിലപ്പോൾ പരീക്ഷിക്കാനായിരിക്കും ദൈവം വൈകുന്നത്. അല്ലെങ്കിൽ എന്തുമാത്രം കാത്തിരിക്കാൻ നീ തയ്യാറാണ് എന്ന് ദൈവം നോക്കുകയായിരിക്കും. സ്വീകരിക്കാൻ ഇതാണ് ഉചിതമെന്ന് തോന്നുന്ന സമയം ഒരുപക്ഷേ സ്വീകരിക്കാൻ അനുയോജ്യമായ സമയമായിരിക്കണമെന്നില്ല.
ദൈവത്തോട് സംസാരിക്കാൻ പഠിച്ചുതുടങ്ങുമ്പോൾ മുതൽ നമ്മുടെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുകയായി. നമ്മുടെ ഉത്കണ്ഠകൾ കുറഞ്ഞുതുടങ്ങും. തൊട്ടതിനും പിടിച്ചതിനുമെല്ലാമുള്ള ടെൻഷൻ അകന്നുപോകും. ഹൃദയമിടിപ്പുകൾ സാധാരണ നിലയിലാകും. മുഖപ്രസാദം വർദ്ധിക്കും. ദൈവത്തോട് സംസാരിക്കുമ്പോൾ ദൈവവും നമ്മോട് സംസാരിക്കും. അത് ഹൃദ്യമായ ബന്ധമായി രൂപാന്തരപ്പെടും. ദൈവം നമ്മുടെ ഏറ്റവുമടുത്ത സുഹൃത്താകും. ഏതവസ്ഥയിലും പിരിഞ്ഞുപോകാത്ത നമ്മിൽ നിന്ന് നേട്ടങ്ങളൊന്നും പ്രതീക്ഷിക്കാത്ത നല്ല സുഹൃത്ത്. അത്തരം നിമിഷങ്ങളിൽ നമുക്ക് ഏകാന്തത ഏറ്റവും മധുരതരമായ അനുഭവമായി മാറും. നാം ഏറ്റവും അധികം സുരക്ഷിതത്വം അനുഭവിക്കുന്നവരാകും. എല്ലാം ശുഭമായി മാറും. അതുകൊണ്ട് കൺഫ്യൂഷനിൽ അകപ്പെടുമ്പോൾ ഇനി മുതൽ ദൈവത്തോട് സംസാരിക്കുക.