ഓരോ ദിവസവും ദമ്പതികളെ കൂടുതല്‍ സ്‌നേഹത്തിലേക്ക് വളര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായിരിക്കും? സന്തുഷ്ടകരമായ ദാമ്പത്യജീവിതം നയിക്കുന്ന എല്ലാ ദമ്പതികള്‍ക്കും പൊതുവായി ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കുമെന്നാണ് മനശ്ശാസ്ത്രവിദഗ്ദര്‍ പറയുന്നത്. എന്തൊക്കെയാണ് അവ എന്നല്ലേ?
ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദരുടെ അഭിപ്രായത്തില്‍ ഓരോ ദിവസവും ദമ്പതികള്‍ പരസ്പരം നന്ദി പറയണം എന്നാണ്. പങ്കാളിയോട് ഓരോ ദിനവും നന്ദി പറഞ്ഞുതുടങ്ങുക. കഴിഞ്ഞുപോയ കാലത്ത് എന്തെല്ലാം നന്മകളും സ്‌നേഹവും പങ്കാളിയില്‍ നിന്ന് അനുഭവിച്ചിട്ടുണ്ടാവണം. അതിനെല്ലാം നന്ദി പറയുക. അത് ബന്ധം ദൃഢമാക്കും.
തിരക്കുപിടിച്ച കാലത്തും ഒരുമിച്ച് കൂറെ സമയം പങ്കിടാന്‍ കണ്ടെത്തുക ഒരുമിച്ചു ജോലി ചെയ്യുന്നതും കൈകള്‍ കോര്‍ത്തുപിടിച്ചിരിക്കുന്നതും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമെല്ലാം ദമ്പതികളിലെ സ്‌നേഹവും സൗഹൃദവും വളര്‍ത്തുന്ന ഘടകങ്ങളാണ്.
അതുപോലെ അവനെ, അല്ലെങ്കില്‍ അവളെ മാറ്റിക്കളയാം എന്ന് തീരുമാനിക്കരുത്. ഞാന്‍ ഭര്‍ത്താവിനെ/ഭാര്യയെ മാറ്റിക്കളയും എന്ന് പ്രതിജ്ഞയെടുക്കുന്നവരുണ്ട്. ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണ് അത്. മാറ്റിയെടുക്കുന്നതല്ല സ്വയം മാറുന്നതേയുള്ളൂ വ്യക്തികള്‍. തന്റെ ഇഷ്ടം പോലെ ഇണ പെരുമാറണം, ജീവിക്കണം എന്നൊക്കെയുള്ള ശാഠ്യങ്ങള്‍ ഒഴിവാക്കിയാല്‍തന്നെ ജീവിതം സുന്ദരമാകും.