കടം വാങ്ങിയതാണ് ജീവിതം. അച്ഛന്റെയും അമ്മയുടെയും ഉടലിൽ നിന്നും സ്നേഹത്തിൽ നിന്നും കടം വാങ്ങിത്തുടങ്ങുന്ന ജീവിതം. പിന്നെ വളരും തോറും എത്രയെത്ര ആവശ്യങ്ങളിൽ നാം ആരോടൊക്കെയോ കടം വാങ്ങിത്തുടങ്ങുന്നു. വാക്കിന്റെ കടം, ആശയങ്ങളുടെ കടം, പണത്തിന്റെ കടം, സ്നേഹത്തിന്റെ കടം, സൗഹൃദത്തിന്റെ കടം. കടം വീട്ടാൻ കഴിയാത്തത്രയും സങ്കീർണ്ണമാണ് ജീവിതം. കൊടുത്തുതീർക്കാൻ കഴിയുന്നത് പണത്തിന്റെ കടം മാത്രമേയുള്ളൂ. ബാക്കിയെല്ലാ കടങ്ങളും ഒരിക്കലും വീട്ടപ്പെടുന്നില്ല. അല്ലെങ്കിൽ എല്ലാ കടങ്ങളും വീട്ടിയവരായി ആരെങ്കിലും ഉണ്ടാവുമോ?
ദൂരം

സാങ്കേതികത കൊണ്ടും ശാസ്ത്രം കൊണ്ടും ദൂരങ്ങൾ ഭൗമശാസ്ത്രപരമായി ഇല്ലാതായി. പക്ഷേ എത്ര വികസിച്ചിട്ടും മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്കുള്ള ദൂരങ്ങൾ കുറയുന്നില്ല കൂടുന്നതേയുള്ളൂ. അകലെയുള്ളവർ അടുത്താകുമ്പോഴും അടുത്തുള്ളവർ അകലങ്ങളിലാകുന്നു. അകലെങ്ങളിലേക്ക് വാക്കുകളുടെ തോണിയേറി പോകുന്നവർ അടുത്തുള്ളവരോടാകട്ടെ വാക്കു വറ്റിയ പുഴയുടെ തീരത്തുമാത്രമായി പോകുന്നു. അകലെയുള്ളവരെ സ്നേഹിക്കാൻ എളുപ്പമാണ്. അടുത്തുള്ളവരെ സ്നേഹിക്കാനാണ് ബുദ്ധിമുട്ട്.
ചിരി

എല്ലാ ചിരികളെയും വിശ്വസിക്കരുത്. ചില ചിരികളുടെ പിന്നിൽ സ്നേഹരാഹിത്യത്തിന്റെ മരുഭൂമികളുണ്ട്. വിശ്വാസവഞ്ചനയുടെ വിഷമുണ്ട്. ചിരിയുള്ളവരല്ല എപ്പോഴും ചിരിക്കുന്നത് ചിരിക്കാൻ ഒന്നുമില്ലാത്തവരോ ചിരിയില്ലാത്തവരോ ആണ്. ചിരി അവരുടെ മുഖമുദ്രയല്ല ചിരി അവരുടെ കാപട്യമാണ്. ചിരിയില്ലാതെ ചിരിക്കാതിരിക്കുക, ചിരിച്ച ചിരി ചുണ്ടുകളിൽ നിന്നാവാതെ ഹൃദയത്തിൽ നിന്നായിരിക്കട്ടെ.
വാക്ക്

ഉടഞ്ഞുപോയ സ്ഫടികപ്പാത്രം കണക്കെയാണ് ചില നേരം ചില വാക്കുകൾ. പുറത്തേക്ക് തെറിച്ചുവീഴുമ്പോൾ തുളച്ചുകയറുന്നതിന്റെ മുറിവും ആഴവും എത്രയോ അധികം.. ഉടയാതെയും തട്ടാതെയും മറിയാതെയും കരുതലോടെ അലങ്കരിച്ചുവച്ചിരിക്കുന്ന ഒരു പൂപ്പാത്രം പോലെയാണ് ചില നേരം വാക്കുകൾ. ആഹാ എന്തൊരു ഭംഗി. എന്തൊരു വാസന. ഒരിക്കലും വാക്കിൽ തട്ടി മുറിയാതിരുന്നെങ്കിൽ… ഒരിക്കലും വാക്കിൽ തട്ടി മുറിക്കാതിരുന്നെങ്കിൽ…