‘ഒപ്പം’… എന്തു മനോഹരമായ വാക്കാണ് അത്. എപ്പോഴും ആരോ കൂടെയുണ്ട് എന്ന വാഗ്ദാനമാണ് അത്. ആർത്തലച്ചുപെയ്യുന്ന പെരുമഴയത്തും കത്തിയെരിയുന്ന പൊരിവെയിലത്തും ഒപ്പം ഒരാൾ. ജീവിതത്തിലെ സന്തോഷങ്ങളുടെ കൊടുമുടിയിലും സങ്കടങ്ങളുടെ താഴ് വരയിലും ഒരാൾ. പ്രകൃതിദുരന്തങ്ങളുടെ ഈ ദിവസങ്ങളിൽ കേരളം ഒരുമിച്ചു നടന്നുനീങ്ങുമ്പോൾ, ജാതിയും മതവും വർണ്ണവും വർഗ്ഗവും നോക്കാതെ ഒറ്റക്കെട്ടായി നീങ്ങുമ്പോൾ കൈകൾ കോർത്ത് ഒപ്പം നീങ്ങുമ്പോൾ ആ വാക്കിന്റെ സൗന്ദര്യത്തെക്കുറിച്ച് വീണ്ടും ഓർമ്മിച്ചുപോകുന്നു. ഒപ്പമുണ്ടായിരിക്കുക, ഒപ്പമായിരിക്കുക… ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങളിൽ ഒന്നാണത്.
കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്ക ദുരിതങ്ങളിൽ കേരളം ഒപ്പമായിരുന്നു. ഈ വർഷത്തെ ആവർത്തിത ദുരിത മുഖത്തും നമ്മുടെ കാര്യം വ്യത്യസ്തമായിരുന്നില്ല. എല്ലാ പരാജയങ്ങളെയും വെല്ലുവിളികളെയും സംഘർഷങ്ങളെയും പ്രതിസന്ധികളെയും ഒപ്പം നിന്ന് മറികടക്കുക.
കഴിഞ്ഞ വർഷത്തിലെ ദുരന്തത്തിൽ ഒപ്പം മാസികയും തങ്ങളാലാവുന്ന വിധത്തിൽ കേരളത്തിന്റെ പുനർനിർമ്മിതിയിൽ ഭാഗഭാക്കായ കാര്യം ഏറ്റവും വിനയത്തോടെ ഓർമ്മിപ്പിച്ചുകൊള്ളുന്നു. ആ ലക്കം മാസിക അച്ചടിക്കാതെ അതിന് വരുന്ന തുകയും ഒപ്പത്തിന് വേണ്ടി ജോലി ചെയ്യുന്നവർ അവരുടെ വരുമാനത്തിന്റെ വലിയൊരു തുകയും പ്രളയബാധിതരെ സഹായിക്കുന്നതിനായി നീക്കിവച്ചിരുന്നു.
അതെ, ഒപ്പമായിരിക്കുക… ഒപ്പമുണ്ടായിരിക്കുക… അതാണ് വലിയ കാര്യം.
കേരളത്തിന് ഒപ്പം..
ദുരിതബാധിതർക്ക് ഒപ്പം
‘ഒപ്പം ടീം’
ആകസ്മികം
2018 ഓഗസ്റ്റിൽ കേരളം നേരിട്ട പ്രകൃതിദുരന്തം ആകസ്മികമായിരുന്നു. അങ്ങനെയൊന്ന് അതിന് മുമ്പ് സംഭവി ച്ചിട്ടില്ലാത്തതുകൊണ്ട് അപ്രതീക്ഷിതമായിട്ടെന്തോ സംഭവിച്ചു എന്ന മട്ടിൽ നാം പരിഭ്രമിച്ചുപോയി. ആ പരിഭ്രമത്തിനും സങ്കടങ്ങൾക്കും നേരെ എവിടെ നിന്നൊക്കെയോ സഹായത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കൈകൾ നീണ്ടുവന്നു. അതു കണ്ടപ്പോൾ വീണ്ടും ജീവിതത്തിന്റെ പച്ചത്തുരുത്തുകൾ തെളിഞ്ഞുവന്നു. ഇനിയൊരിക്കലും അങ്ങനെയൊരു പ്രളയം വീണ്ടുമുണ്ടാവില്ലെന്ന് കരുതി എല്ലാവരും സമാശ്വസിച്ചു. പക്ഷേ..
ആവർത്തനം
അതുവരെ ഒരു ദിവസം പോലും നീണ്ടുനിന്ന മഴയോ വെള്ളത്തിന്റെ ബുദ്ധിമുട്ടുകളോ കേരളം അനുഭവിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ 2019 ഓഗസ്റ്റിൽ കഴിഞ്ഞവർഷത്തെ അനുസ്മരിപ്പിച്ചുകൊണ്ട് വീണ്ടും മഴ വന്നു, ഉരുൾപ്പൊട്ടി, മണ്ണിടിഞ്ഞു. ഒരു ദുരന്തത്തെ അതിജീവിച്ച് ദുരിതക്കടലിൽ നിന്ന് നീന്തി തീരത്തണഞ്ഞ് ആശ്വാസം കൊണ്ടിരുന്ന ഒരു ജനതയെ വീണ്ടും മഹാപ്രളയം സങ്കടങ്ങളുടെ ചുഴിയിൽ കറക്കിയെടുത്തു. ഉരുൾപ്പൊട്ടലിൽ ഒലിച്ചുപോയത് അതുവരെ കരുതിവച്ചവയെല്ലാം.
കുത്തിയൊലിച്ചു പോയത് കണ്ടകിനാക്കളെല്ലാം. മണ്ണടിഞ്ഞത് ജീവിതത്തിന്റെ പച്ചപ്പുകൾ.
ആകുലതകൾ
ഭൂകമ്പങ്ങളുടെയും വെള്ളപ്പൊക്കങ്ങളുടെയും നാടുകളെക്കുറിച്ചുള്ള വാർത്തകൾ വായിച്ചുതള്ളി അവയൊരിക്കലും നമ്മെ ബാധിക്കുന്നവയല്ലല്ലോയെന്ന് നിസംഗരായിട്ടേയുള്ളൂ മലയാളികൾ. കാരണം ഇത് ദൈവത്തിന്റെ സ്വന്തം നാടാണല്ലോ. ഇടയ്ക്കിടെയുള്ള ബന്ദുകളും ഹർത്താലുകളും രാഷ്ട്രീയ കൊലപാതകങ്ങളും ഒഴികെ പ്രകൃതിപ്രതിഭാസങ്ങളെയോർത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന മിഥ്യാസങ്കല്പത്തിലായിരുന്നു നമ്മൾ. നമ്മുടെ അതിരുകടന്ന ആത്മവിശ്വാസത്തിലേക്കാണ് ഇവിടെ കാറ്റുവീശിയിരിക്കുന്നത്. ഇനിയും ഈ ദുരന്തം ആവർത്തിക്കുമോ? അടുത്ത വർഷം ഏതു ജില്ലയിൽ, ഏതു പ്രദേശത്ത് ആയിരിക്കും ദുരന്തം ആവർത്തിക്കപ്പെടുന്നത്? ആകുലതകളിലാണ് കേരളജനത.
അതിജീവനം
ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിക്കളഞ്ഞതാണ് ഈ ദുരന്തങ്ങൾക്ക് കാരണമെന്ന് കരുതുന്നവരുണ്ട്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണമാണെന്ന് കരുതുന്നവരുമുണ്ട്. മേഘസ്‌ഫോടനമെന്ന് പറയുന്നവരുമുണ്ട്. കാരണം എന്തുമാവാം. പക്ഷേ ഓർമ്മിക്കേണ്ടത് ഒന്നുണ്ട്, ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ അതേ ദിവസങ്ങളോട് അടുപ്പിച്ച് തന്നെ സമാനദുരന്തങ്ങൾ അരങ്ങേറിയിരുന്നു. മ്യാൻമറും പാക്കിസ്ഥാനും ആസാമും മഹാരാഷ്ട്രയുമൊക്കെ ഉദാഹരണങ്ങൾ. കുറ്റപ്പെടുത്തലുകളും പഴിചാരലുകളുമല്ല നമുക്കിനി വേണ്ടത്. മനുഷ്യനാണ് ഈ ദുരന്തങ്ങൾക്ക് കാരണമെങ്കിൽ അതൊഴിവാക്കാനുള്ള വഴികൾ ആലോചിക്കുക. വരുന്ന ദുരന്തങ്ങൾക്ക് മുമ്പിൽ ഒറ്റക്കെട്ടായി നില്ക്കുക, സഹായിക്കാനുള്ള സന്നദ്ധതയുണ്ടായിരിക്കുക ഒപ്പമായിരിക്കുക.