ചിലരുടെ അനുഭവങ്ങൾ നമ്മെ ഞെട്ടിച്ചുകളയും. 2018 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച നാദിയ മുറാദിന്റെ അനുഭവങ്ങൾ അത്തരത്തിലുള്ളതാണ്. ഐ.എസ് തീവ്രവാദികളുടെ പിടിയിൽ പെട്ട് ലൈംഗിക അടിമയായി കൈമാറ്റം ചെയ്യപ്പെട്ട നാദിയ ഭാഗ്യവശാൽ രക്ഷപ്പെട്ടു. അതിന് ശേഷമാണ് പെൺകുട്ടികൾക്കുവേണ്ടിയുള്ള സമർപ്പിതകർമ്മങ്ങളിൽ ഏർപ്പെട്ടത്. അവസാനത്തെ പെൺകുട്ടി എന്നതാണ് നാദിയായുടെ ആത്മകഥ. ഇനിയൊരു പെൺകുട്ടിക്കും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ ഉണ്ടാകരുത് എന്നാണ് അവൾ വിളിച്ചുപറയുന്നത്. നാദിയ മുറാദിന്റെ ജീവിതം പകർത്തുന്ന പുസ്തകമാണ് നാദിയ മുറാദ്.
പി. വി ആൽബിയാണ് ഗ്രന്ഥകാരൻ. നാദിയായുടെ ഇതുവരെയുള്ള ജീവിതം വിലയിരുത്തപ്പെടുകയാണിവിടെ. അകക്കാമ്പിലെ പ്രത്യാശയുടെ അവസാനത്തെ കിരണങ്ങളും കെട്ടുപോകുന്ന കഠിനയാതനയിൽ നിന്നാണ് നാദിയ ഉയിർത്തെഴുന്നേറ്റത്. മതത്തിന്റെ പേരിൽ ചിലർ ചെയ്തുകൂട്ടുന്ന ക്രൂരതകൾ നാദിയ അവതരിപ്പിക്കുന്നു. അവർ അനേകരുടെ പ്രതിനിധിയാണ്. നാദിയായുടെ അനുഭവങ്ങൾ അനേകായിരങ്ങളുടേതാണ്. വിശ്വാസത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും സംവാദങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് നാദിയായുടെ അനുഭവങ്ങൾ വെളിച്ചം പകരുന്നതാണ്.