സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് എന്തുമാത്രം അറിവുള്ളവരാണ് ഓരോരുത്തരും? ജീവിതം വിജയപ്രദവും ആനന്ദകരവുമായിത്തീർക്കുന്ന പല ഘടകങ്ങളിലൊന്ന് സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള മനസ്സിലാക്കലാണ്. തന്നെക്കുറിച്ച് തന്നെ ഓരോരുത്തർക്കും ആത്മാഭിമാനമുണ്ടായിരിക്കണം. മറ്റുള്ളവർ നമ്മെക്കുറിച്ച് പലതും പറഞ്ഞേക്കാം. അതെല്ലാം ചിലപ്പോഴെങ്കിലും നിഷേധാത്മകമായ കാര്യങ്ങളുമായിരിക്കാം. പക്ഷേ അതിന് ചെവി കൊടുക്കുകയും അതാലോചിച്ച് ഇരിക്കുകയും ചെയ്താൽ ജീവിതത്തിൽ സന്തോഷം നഷ്ടപ്പെടും. നാം നിഷ്‌ക്രിയരുമായിത്തീരും. ഇവയ്ക്ക് പ്രതിവിധിയാണ് ആത്മാഭിമാനബോധമുള്ളവരായി ജീവിക്കുക എന്നത്. നാം വിലകുറഞ്ഞവരും കഴിവില്ലാത്തവരുമാണെന്ന ചിന്ത തലയിൽ കയറിക്കൂടിയാൽ അതിൽ നിന്ന് പുറത്തുകടക്കുക അത്രയെളുപ്പമല്ല. അതുകൊണ്ട് ഓരോ വ്യക്തികളും തങ്ങളുടെ കഴിവുകളെ തിരിച്ചറിയണം. തന്നെക്കുറിച്ച് തന്നെ പോസിറ്റിവായ പത്തുകാര്യങ്ങൾ പറയാൻ പോലും കഴിയാതെ പോകുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. എന്നാൽ നെഗറ്റീവായ ഇരുപത് കാര്യങ്ങൾ നമുക്ക് പറയാനുമുണ്ടാവും. ആത്മാഭിമാനമില്ലായ്മയും ആത്മാഭിമാനബോധമില്ലായ്മയുമാണ് ഇത്തരം ചിന്തകൾക്ക്കാരണം.
വിജയിക്കേണ്ട നമ്മുടെ ജീവിതങ്ങളെ പരാജയങ്ങളാക്കിത്തീർക്കുന്നതിൽ ആത്മാഭിമാനമില്ലായ്മ പ്രധാന പങ്കുവഹിക്കുന്നതായി മനശ്ശാസ്ത്രജ്ഞർ ഒന്നുപോലെ അഭിപ്രായപ്പെടുന്നു. ‘ആത്മാഭിമാനത്തിന്റെ ആറു തൂണുകൾ’ എന്ന പേരിൽ പ്രശസ്തമായ ഒരു പുസ്തകമുണ്ട്. നഥാനിയേൽ ബ്രാൻഡൻ ആണ് ഗ്രന്ഥകർത്താവ്. അതിൽ അദ്ദേഹം പറയുന്നത് ഒരു വ്യക്തിക്ക് ആത്മാഭിമാനമുണ്ടാകണമെങ്കിൽ രണ്ടുകാര്യങ്ങൾ ഉണ്ടായിരിക്കണമെന്നാണ്.സ്വന്തം കാര്യങ്ങൾ ശരിയായി നടത്തിക്കൊണ്ടുപോകാനുള്ള കാര്യപ്രാപ്തിയാണ് അതിലൊന്ന്. രണ്ടാമത്തേത് തന്നോടുതന്നെയുള്ള ബഹുമാനമാണ്. അതായത് സെൽഫ് റെസ്പെക്റ്റ്. നമുക്ക് നമ്മോടു തന്നെ ബഹുമാനം ഉണ്ടാവണം. ആദരവ് തോന്നണം. ഞാൻ എന്നെ സ്വയം വിശേഷിപ്പിക്കുന്നത് കഴിവില്ലാത്തവൻ എന്നോ ഒന്നിനും കൊള്ളാത്തവൻ എന്നോ ആണെങ്കിൽ ഞാൻ എന്നും അങ്ങനെ തന്നെയായിരിക്കും.
മേല്പ്പറഞ്ഞ രണ്ടു ഘടകങ്ങളെ നഥാനിയേൽ ആറു ഉപഘടകങ്ങളായി വീണ്ടും തിരിക്കുന്നുണ്ട്. അവയാണ് ആത്മാഭിമാനത്തിന്റെ യഥാർത്ഥ തൂണുകൾ.
സ്വയാവബോധം
നമ്മെ ബാധിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും തികഞ്ഞ അവബോധത്തോടെ ജീവിക്കുക എന്നതാണ് ഇത്. നമ്മുടെ പ്രവൃത്തികൾ, ലക്ഷ്യങ്ങൾ, മൂല്യങ്ങൾ, ഉദ്ദേശ്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടായിരിക്കണം. ബാഹ്യവും ആന്തരികവുമായ യാഥാർത്ഥ്യങ്ങളെക്കുറിച്ച് നമുക്ക് അവബോധമുണ്ടായിരിക്കണം.
സ്വയം അംഗീകരിക്കുക
നാം എന്തായിരിക്കുന്നുവോ ആ അവസ്ഥയെ അംഗീകരിക്കുക എന്നത് പ്രധാനപ്പെട്ടകാര്യമാണ്. ബാഹ്യരൂപം മുതൽ പ്രവൃത്തികൾ, വിചാരങ്ങൾ, വികാരങ്ങൾ വരെ എല്ലാം നാം അംഗീകരിച്ചേ മതിയാവൂ. ചിലവ നമുക്ക് മാറ്റാൻ കഴിയുന്നവയായിരിക്കില്ല. മറ്റ് ചിലത് ശ്രമിച്ചാൽ മാറ്റാവുന്നതായിരിക്കാം. മാറ്റാൻ കഴിയുന്നവയെ മാറ്റാൻ ശ്രമിക്കുക. അല്ലാത്തവയെ അംഗീകരിക്കുക. സ്വന്തം കുറ്റങ്ങളെയും കുറവുകളെയും അതേപോലെ അംഗീകരിക്കാൻ കഴിയാത്ത ഒരാൾക്ക് ആത്മാഭിമാനം ഉണ്ടായിരിക്കില്ല.
സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുക
പലർക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുകയില്ല. ജോലിയിലോ കുടുംബത്തിലോ എല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായ നിരവധി സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ചിലർ അതിൽ നിന്ന് ഒഴിഞ്ഞുമാറും. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത്- ലാഭമോ നഷ്ടമോ നേട്ടമോ കോട്ടമോ എന്തുമായിരുന്നുകൊള്ളട്ടെ- ആത്മാഭിമാനം വർദ്ധിപ്പിക്കും.
ജാഗ്രതയോടെ ജീവിക്കുക
സ്വന്തം ജീവിതത്തെക്കുറിച്ചു ജാഗ്രത ഉണ്ടായിരിക്കണം. ഞാൻ എന്റെ ജീവിതം കൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നത്, ഞാൻ എങ്ങനെയാണ് ജീവിക്കേണ്ടത് തുടങ്ങിയവയെക്കുറിച്ച് അറിവുണ്ടായിരിക്കണം. മറ്റാരുടെയെങ്കിലും ഇഷ്ടത്തിനോ പ്രീതിക്കോ വേണ്ടി സ്വന്തം ജീവിതം വേണ്ടെന്ന് വയ്ക്കാനോ ആഗ്രഹങ്ങൾ ഉപേക്ഷിക്കാനോ തയ്യാറാകരുത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ സ്വന്തം അവകാശങ്ങളെ പിടിച്ചുവാങ്ങുക തന്നെയാണ് ഇത് ലക്ഷ്യബോധമുണ്ടായിരിക്കണംജീവിതത്തിൽ ലക്ഷ്യങ്ങളുണ്ടായിരിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രയത്നിക്കുക, കഴിവുകൾ പ്രയോജനപ്പെടുത്തുക. ലക്ഷ്യബോധമുള്ളവർ ആത്മാഭിമാനികളാണ്.
സത്യസന്ധത
കപടതയോടെ ജീവിക്കുന്നവർക്ക് ആത്മാഭിമാനം ഉണ്ടായിരിക്കുകയില്ല. പ്രസംഗവും പ്രവൃത്തിയും ഇടപെടലും എല്ലാം ഒരുപോലെയായിരിക്കണം. അവ തമ്മിൽ പൊരുത്തക്കേടുണ്ടാകുമ്പോഴും ആത്മാഭിമാനം നഷ്ടപ്പെടും. ജീവിതം സന്തോഷപ്രദമാകുന്നതും ആനന്ദകരമാകുന്നതും ആത്മാഭിമാനത്തോടെ ജീവിക്കുമ്പോഴാണെന്ന കാര്യം മറക്കരുത്.