മനസ്സാക്ഷിയുള്ള ഇട്ടിമാണി

Date:

ശരിയാണ് ഇട്ടിമാണി മാസ് മാത്രമല്ല മനസ്സുമാണ്. ലൂസിഫര്‍ ചെയ്തതിന് പ്രായശ്ചിത്തമെന്നോണം  മോഹന്‍ ലാല്‍ അവതരിപ്പിച്ച നന്മയുള്ള ഒരു കഥാപാത്രവും സന്ദേശം നല്കുന്ന ചിത്രവും. ഇന്നത്തെ കാലത്ത് ഇങ്ങനെ നേരെ വാ നേരേ പോ എന്ന മട്ടില്‍ സദുദ്ദേശചിത്രങ്ങള്‍ കാണാന്‍ ആരുവരും ആര്‍ക്കിഷ്ടപ്പെടും എന്നൊക്കെ ചോദിച്ചാല്‍ അതിന് ഉത്തരം കിട്ടണമെന്നില്ല.
പ്രത്യേകിച്ച്  കടുത്ത ലൂസിഫര്‍ ആരാധകര്‍ക്കും മാസായി മാത്രം മോഹന്‍ലാല്‍ എന്ന നടനെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും. എങ്കിലും ഒറ്റവാക്കില്‍  ഇട്ടിമാണി കൊള്ളാം എന്നേ പറയാന്‍ കഴിയൂ. എന്നുവച്ച് ഒന്നാന്തരം എന്ന് എഴുതി തള്ളുകയാണെന്ന് വിചാരിക്കണ്ട.

പിടിപ്പുകേടുകള്‍ ഒരുപാടുണ്ട്. തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയുണ്ട്, ദ്വയാര്‍ത്ഥപ്രയോഗങ്ങളുടെ കല്ലുകടികളുണ്ട്,  ആവര്‍ത്തിച്ച കഥാസന്ദര്‍ഭങ്ങളുണ്ട്. (അപ്പനെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന തോമാ അതൊക്കെ ചാരിറ്റിക്കുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് പറയുന്ന സൗണ്ട് തോമായെ അനുസ്മരിപ്പിച്ചു കമ്മീഷന്‍ വാങ്ങി ചാരിറ്റി ചെയ്യുന്ന ഇട്ടിമാണി. )

പക്ഷേ ഇങ്ങനെ എണ്ണിപ്പറയാന്‍  കുറെ കുറവുകള്‍ ഉള്ളപ്പോഴും ചിത്രം കണ്ണുതുറപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. അത് ചില ചോദ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുമുണ്ട്. പുരുഷന് തന്നെക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കാന്‍ പാടില്ലെന്നുണ്ടോ? വിധവകള്‍ പുനവിവാഹം കഴിക്കരുതെന്നുണ്ടോ?

അമ്മയെ അവഗണിക്കുന്ന മക്കളെക്കുറിച്ചും അമ്മയെ ശരണാലയത്തിലാക്കുന്ന മക്കളെക്കുറിച്ചും പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം മുതല്‍ ഭരതന്റെ സായാഹ്നത്തിന്റെ സ്വപ്നം, പത്മകുമാറിന്റെ അമ്മക്കിളിക്കൂട് വരെയുള്ള പല സിനിമകളുമുണ്ട്. മനസ്സിനക്കരെ യും ഓര്‍മ്മയിലേക്ക് വരുന്നുണ്ട്.  ശ്രദ്ധിക്കപ്പെട്ടതും ശ്രദ്ധിക്കപ്പെടാത്തതുമായ അവഗണിക്കുന്ന വാര്‍ദ്ധക്യത്തെക്കുറിച്ചും അമ്മ-മക്കള്‍ സ്‌നേഹബന്ധത്തെക്കുറിച്ചുമുള്ള കഥകള്‍ക്കിടയിലേക്കാണ് ഇട്ടിമാണിയും തെയ്യാമ്മയും അന്നമ്മച്ചിയും വരുന്നത്.  മക്കളെയും മരുമക്കളെയും നേര്‍വഴിക്ക് കൊണ്ടുവരാനും അന്നാമ്മച്ചിക്ക് മക്കളുടെ സ്‌നേഹം വാരിക്കിട്ടുവാനും ഇട്ടിമാണി ഒരുക്കുന്ന നാടകമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.

പഴയ മോഹന്‍ലാലിന്റെ അനായാസത ചിലയിടങ്ങളിലെല്ലാം മിന്നിമറഞ്ഞുപോകുന്നത്് രസമുള്ള കാഴ്ചയായിരുന്നു. എങ്കിലും അദ്ദേഹം ചെയ്യേണ്ടതുപോലെ ശക്തമായ ഒരു കഥാപാത്രമായി ഇട്ടിമാണി മാറുന്നില്ല എന്നതാണ് സത്യം. ഇട്ടിമാണി ചൈനയില്‍ പോയാലും പോയില്ലെങ്കിലും അതുകൊണ്ട് ഈ ചിത്രത്തിന് പ്രത്യേകിച്ചൊരു ഗുണവും ഉണ്ടാകുന്നില്ല.

എന്നിട്ടും ഇട്ടിമാണി ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താവാം?  ഒരുപക്ഷേ അദ്ദേഹത്തിന് അമ്മയോടുള്ള സ്‌നേഹം തന്നെയാവാം. മാതൃത്വത്തെക്കുറിച്ചും അമ്മയുടെ വിലയെക്കുറിച്ചുമെല്ലാമുള്ള ഡയലോഗുകള്‍ ഒരു പ്രസംഗം പോലെ തോന്നുന്നുവെങ്കിലും അതൊക്കെകേട്ട് ഒരാളുടെയെങ്കിലും മനസ്സി്‌ന് മാറ്റമുണ്ടായാല്‍ അതൊരു ചെറിയ കാര്യമല്ല. മനസ്സാക്ഷിയുള്ള മക്കള്‍ ഉളളതാണ് ഒരമ്മയുടെയും അപ്പന്റെയും ഭാഗ്യം എന്നാണ് ആകെക്കൂടി ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നത്.

ഇന്നത്തെ പച്ചിലകള്‍ നാളെ പഴുത്തിലകളായി ഞെട്ടറ്റ് വീഴേണ്ടവയാണെന്ന് ആരോര്‍ക്കുന്നു? എന്തായാലും ഈ ചിത്രം കുടുംബസമേതം കാണുന്നതില്‍ ആരും മടി വിചാരിക്കേണ്ട. കൊള്ളേണ്ടവര്‍ക്ക് ഇത് വേണ്ടിടത്ത് കൊള്ളാതിരിക്കുകയുമില്ല.

എല്ലാ കുറവുകള്‍ക്കുമപ്പുറം ചിത്രം മുന്നോട്ടുവയ്ക്കുന്ന സദ്ദുദ്ദേശ്യത്തിന്റൈയും നന്മയുടെയും പേരില്‍ നവാഗത തിരക്കഥാകൃത്തുക്കളും സംവിധായകരുമായ ജിബിക്കും ജോജുവിനും അഭിനന്ദനങ്ങള്‍.


വാല്‍ക്കഷ്ണം കൂടും തേടി എന്നൊരു പഴയ മലയാള സിനിമയുണ്ട്. അതില്‍ രാധികയായിരുന്നു നായിക, നായകന്‍ മോഹന്‍ലാലും. ഇന്ന് ഇട്ടിമാണിയെയും അന്നാമ്മച്ചിയെയും കണ്ടപ്പോള്‍ അത് വെറുതെ ഓര്‍ത്തുപോയി.വെറുതെയല്ല സിനിമയെന്നും നായകന്‍റെയാണെന്ന് പറയുന്നത്.

വിനായക്

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ...

ജയ ജയ ജയ ജയഹേ ഉയർത്തുന്ന ആശങ്കകൾ

സമ്മതിച്ചു.  നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ...

ഈശോ

വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ...

മധുര(മാകേണ്ട)മുള്ള ദാമ്പത്യങ്ങൾ

മധുരവും ചവർപ്പുമുള്ളതാണ് ദാമ്പത്യമെന്ന് അതിലൂടെ കടന്നുപോകുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും. ചിരിയും സന്തോഷവും...

ക്ഷമയുടെ സന്തോഷങ്ങൾ; ഏറ്റുപറച്ചിലിന്റെയും

മനമോടാത്ത കുമാർഗ്ഗമില്ലെടോ.. കുമാരനാശാന്റെ പ്രശസ്തമായ ഒരു വരിയാണ് ഇത്. ആലോചിച്ചുനോക്കിയാൽ അത്...

സൂക്ഷിക്കുക, ഒരു ‘ജോജി’ നമ്മിൽ ഒളിച്ചിരിപ്പുണ്ട്

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ്‌പോത്തൻ സംവിധാനം ചെയ്തു  ഒടിടി റിലീസ് വഴി...

വേട്ടയാടപ്പെടുന്ന ഇരകൾ

ഇരകൾ വേട്ടയാടപ്പെടാനുള്ളവരാണ്. വേട്ടക്കാരൻ ശക്തനും ഇര ദുർബലനുമാകുന്നു.വേട്ടക്കാരൻ എത്രത്തോളം ശക്തനാണോ അത്രത്തോളം...

എല്ലാവരും കാണേണ്ട കുടുംബ ചിത്രം

ഓപ്പറേഷൻ ജാവ എന്ന് കേൾക്കുമ്പോൾ  അത് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ചിത്രമല്ല...
error: Content is protected !!