ഒരാളെ കുറ്റവാളിയെന്ന് വിധിയെഴുതാൻ എത്രയെളുപ്പമാണ്. ചില കണക്കൂകൂട്ടലുകൾ… സാഹചര്യത്തെളിവുകൾ… അനുമാനങ്ങൾ… സാക്ഷിമൊഴികൾ. കോടതിവ്യവഹാരത്തിലാണ് ഇവ നിറവേറപ്പെടുന്നതെങ്കിലും അനുദിന ജീവിതത്തിൽ ഒരാൾക്കെതിരെ പ്രതിപ്പട്ടിക തയ്യാറാക്കുമ്പോൾ സംഭവിക്കുന്നതും സമാനമായ കാര്യങ്ങൾ തന്നെ. അല്ലെങ്കിലും സമൂഹത്തിനെപ്പോഴും ഒരു വേട്ടനായയുടെ മനസ്സാണ്. നിരപരാധികളെ വേട്ടയാടാൻ അതിന് വല്ലാത്തൊരു കുതിപ്പുണ്ട്.
ഈ മാസം ഒപ്പത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ചിന്തിച്ചപ്പോഴാണ് ഇങ്ങനെയൊരു കുറിപ്പെഴുതാൻ തോന്നിയത്. രണ്ടു രീതിയിലുള്ള മാറ്ററുകളാണ് പ്രതിപാദ്യം. ഒന്ന് ലോക എയ്ഡ്സ് ദിനാചരണവുമായി ബന്ധപ്പെട്ട മാറ്റർ. രണ്ട് ഇപ്പോഴും തീയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ‘ഒരു കുപ്രസിദ്ധപയ്യൻ’ എന്ന സിനിമയുടെ നിരൂപണവുമായി ബന്ധപ്പെട്ട മാറ്റർ. ഈ രണ്ടു മാറ്ററിലും സമാനമായ പൊതു ഘടകമുണ്ട്. നിരപരാധികൾ വേട്ടയാടപ്പെടുന്നു.
ക്രിസ്മസ് കാലം കൂടിയാണല്ലോ ഇത്. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട് ഹേറോദോസ് രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ മുഴുവൻ കൊന്നൊടുക്കിയതായിട്ടാണ് വിശുദ്ധ ഗ്രന്ഥം പറയുന്നത്. ആ കുഞ്ഞുങ്ങൾ നിരപരാധികളായിരുന്നില്ലേ?