ഒരിടത്ത് പൊണ്ണത്തടി ഒരിടത്ത് ദാരിദ്ര്യം, നാം ഇതെങ്ങോട്ട്?

Date:

ഒരു ലോകഭക്ഷ്യദിനവും കൂടി കടന്നുപോയിരിക്കുന്നു. പക്ഷേ ഒരു ദിനത്തില്‍ മാത്രം ഒതുക്കിനിര്‍ത്തേണ്ടതാണോ ഭക്ഷണവിചാരങ്ങള്‍? ഒരിക്കലുമല്ല കാരണം എല്ലാവരും ജീവിക്കുന്നത് അന്നത്തിന് വേണ്ടിയാണ്. അന്നമില്ലെങ്കില്‍ നമ്മളില്ല. ജീവിതത്തിന്റെ ലക്ഷ്യം തന്നെ ആഹരിക്കുക, ഉറങ്ങുക എന്നിങ്ങനെയുള്ള പ്രാഥമികമായ ചിലവയാണ്. എന്നി്ട്ടും ഈ അന്നം നമ്മളില്‍ എത്രപേര്‍ക്ക് ലഭിക്കുന്നുണ്ട്?  

നമ്മുടെയൊക്കെ ധാരണ ഈ ലോകത്തില്‍ ദാരിദ്ര്യമില്ല അല്ലെങ്കില്‍ അയല്‍വക്കങ്ങളില്‍ ദാരിദ്ര്യമില്ല എന്നാണ്. നമുക്ക് ഭക്ഷണമുള്ളതുകൊണ്ട് നാം വിചാരിക്കുന്നതു മാത്രമാണ് അത്. അതിനപ്പുറം ദാരിദ്ര്യം പലയിടങ്ങളിലുമുണ്ട്. അതുപോലെ തന്നെ ഭക്ഷണധൂര്‍ത്തും.

മധുവിനെ മലയാളികള്‍ മറന്നുകാണുമെന്ന് തോന്നുന്നില്ല. നാം അറിയാതെ പോയ ദാരിദ്ര്യത്തിന്റെ കടലാഴമായിരുന്നു മധു.

മധുവിനെക്കുറിച്ച് എഴുതുമ്പോള്‍ ഓര്‍മ്മയിലേക്ക് കടന്നുവരുന്നതാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ. രണ്ടും രണ്ടുരീതിയില്‍ നമ്മെ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദമാണ് ഇവരണ്ടും. ശ്രീനിവാസന്റെ പഴയ സിനിമാ ഡയലോഗ് പോലെ ഒരിടത്ത് പാലുകാച്ചലും ഒരിടത്തും കല്യാണവും. അതെ ഒരിടത്ത് അത്യാവശ്യക്കാരന് പോലും ഭക്ഷണം കിട്ടാതെ വരുന്നു. മറ്റൊരിടത്താകട്ടെ പാഴാക്കിക്കളയുന്ന ഭക്ഷണവും.
 ലോകത്തില്‍ ഒരു ഭാഗത്ത് ദാരിദ്ര്യവും പോഷകാഹാരക്കുറവും മൂലം ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ മറ്റൊരുഭാഗത്ത് അമിതമായ ഭക്ഷണ ശീലങ്ങള്‍ വഴി പൊണ്ണത്തടിയുള്‍പ്പടെ പലവിധ രോഗങ്ങള്‍ക്ക് ആളുകള്‍ അടിമകളാകുന്നു. എന്തൊരു വൈരുദ്ധ്യമാണ് ഇത്.

നമ്മള്‍ പാഴാക്കിക്കളയുന്ന ഒരു മണിചോറുപോലും ആരുടെയോ അവകാശമായിരുന്നുവെന്നും ആവശ്യമായിരുന്നുവെന്നും നാം മറന്നുപോകരുത്. ഇങ്ങനെയൊക്കെ പറയുമ്പോഴും മലയാളിസമൂഹത്തില്‍ ദരിദ്രരോടും വിശക്കുന്നവരോടുമുള്ള അനുകമ്പയും  സഹതാപവും വര്‍ദ്ധിച്ചുവരുന്നതായി കാണുന്നുമുണ്ട്. അന്നദാനപദ്ധതികളെ നാം കാണേണ്ടത്  മനുഷ്യസ്‌നേഹോചിതമായ ധീരപ്രവൃത്തികളായിട്ടാണ്.

ഇത്തരുണത്തില്‍ പ്രത്യേകം സ്മരിക്കേണ്ട ഒന്നാണ് കോട്ടയം ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന നവജീവന്‍. കേരളത്തിന്റെ സാമൂഹികചുറ്റുപാടില്‍ വലിയൊരു വിപ്ലവമായിരുന്നു ഇരുപത്തിയഞ്ചിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് പി. യു തോമസ് എന്ന തോമസുചേട്ടന്‍ ആരംഭിച്ച, കോട്ടയം മെഡിക്കല്‍ കോളജ് ആസ്പദമാക്കിയുള്ള ഭക്ഷണവിതരണം. ഇന്നും അത് സുധീരം മുന്നോട്ടുപോകുമ്പോള്‍ അതിന്റെ ചുവടുപിടിച്ച് എത്രയോ അന്നദാന പദ്ധതികള്‍ കേരളമുടനീളം ആരംഭിച്ചിരിക്കുന്നു. ഓരോരുത്തരും തങ്ങളുടെ വിശപ്പുപോലെയാണ് മറ്റൊരാളുടെ വിശപ്പെന്നും അറിഞ്ഞതിന്റെ ഫലമാണ് അവയോരോന്നും. അതുപോലെ വീട്ടിലെ മിച്ചം വരുന്ന ഭക്ഷണം  നഗരത്തിലെ ഏതെങ്കിലും നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ കേടാവാതെ സൂക്ഷിച്ചുവയ്ക്കുകയും അത് ഭക്ഷണം കഴിക്കാത്തവര്‍ക്ക് സംലഭ്യമാക്കിക്കൊടുക്കുകയും ചെയ്യുന്ന എത്രയോ ഇടങ്ങളുമുണ്ട് ഇന്ന് കേരളത്തില്‍. ചില സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തില്‍ കൂപ്പണ്‍ കൊടുത്ത് ആ കൂപ്പണുമായി വരുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്ന സമ്പ്രദായങ്ങളുമുണ്ട്.

ഇതിന്റെ തുടര്‍ച്ചയായി ചിന്തിക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. വീടുകളില്‍ തുടങ്ങേണ്ട ഭക്ഷണബോധ്യങ്ങള്‍. നല്ല ഭക്ഷണം വീടുകളില്‍ വച്ചുകൊടുക്കാന്‍ ഓരോ വീട്ടമ്മയും കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കുട്ടികള്‍ക്ക് ആരോഗ്യമെന്ന സമ്പത്ത് ലഭിക്കുന്നത് ഭക്ഷണരീതികളിലൂടെയാണ്. ഫാസ്റ്റുഫുഡും ജങ്ക്ഫുഡും കൊച്ചുകുട്ടികളെ പോലും കീഴടക്കിത്തുടങ്ങിയിരിക്കുന്നു. നാളെ അവര്‍ വൈകാതെ രോഗികളുമായിത്തീരും. രുചിയും നിറവും മണവും നോക്കി അനാരോഗ്യകരമായ ചേരുവകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോള്‍ സംഭവിക്കുന്നത് അവവഴി നമ്മുടെ ആരോഗ്യം നശിക്കുക എന്നതാണ്. അതുപോലെ ഭക്ഷണത്തിന്റെ വില അറിഞ്ഞ് കുട്ടികളെ വളര്‍ത്താനും അമ്മമാര്‍ ശ്രദ്ധിക്കണം. എത്രയോ വീടുകളിലാണ് ഭക്ഷണം പാഴാക്കിക്കളയുന്നത്. അമ്മമാര്‍ ചെയ്യുന്ന നിരുത്തരവാദിത്തപരമായ ഇത്തരം ചെയ്തികള്‍ കൂട്ടികളില്‍ സൃഷ്ടിക്കുന്നത് ഭക്ഷണത്തോടുള്ള അനാദരവും അവഗണനയുമായിരിക്കും. വിളമ്പിക്കിട്ടുന്ന ഭക്ഷണം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അമ്മമാര്‍ മക്കളെ പഠിപ്പിക്കണം.  ഇല്ലാത്തവരുമായി ഭക്ഷണം പങ്കുവയ്ക്കുന്നതിലേക്ക് മക്കള്‍ക്ക് പ്രേരണ നല്കുന്നതിന് ഇത്തരത്തിലുള്ള വീട്ടുശീലങ്ങള്‍ ഭാവിയില്‍ ഏറെഗുണം ചെയ്യും. വീട്ടിലെ കാരണവന്മാര്‍ക്കും തന്നെക്കാള്‍ ഇളയവര്‍ക്കുമെല്ലാം മിഠായിയുടെയോ പലഹാരങ്ങളുടെയോ ചെറിയ വിഹിതം പങ്കുവയ്ക്കണമെന്ന് പഠിപ്പിക്കാന്‍ കഴിഞ്ഞാല്‍, അവര്‍ക്ക് അക്കാര്യത്തില്‍ മാതൃക നല്കിയാല്‍ നാളെ നമ്മുടെ സമൂഹത്തില്‍ വിശപ്പ് അനുഭവിക്കുന്നവരുടെ എണ്ണം വളരെ കുറയും. കാരണം എന്റെ പാത്രത്തിലെ അന്നം നിനക്കും കൂടി അവകാശപ്പെട്ടതാണെന്ന ബോധ്യം അത് കുട്ടികള്‍ക്ക് നല്കും. പക്ഷേ എന്തുചെയ്യാം സ്‌കൂളിലേക്ക് കൊടുത്തുവിടുന്ന ഭക്ഷണം മുതല്‍ വീടുകളില്‍ വിളമ്പികൊടുക്കുന്ന ഭക്ഷണം വരെ ആര്‍ക്കും കൊടുക്കാതെയും ആരെയും കാണിക്കാതെയും കഴിച്ചുതീര്‍ക്കണമെന്ന് ശാഠ്യം മക്കളോട് പുലര്‍ത്തുന്നവരാണ് ഒട്ടുമിക്ക അമ്മമാരും. ഭക്ഷണത്തോട് മാത്രമേ മനുഷ്യന്‍ മതി എന്ന് പറയാറുള്ളൂ. മറ്റുള്ളതെല്ലാം എത്രത്തോളമായാലും തൃപ്തി വരാറില്ല മനുഷ്യന്. എന്നിട്ടും മതിയെന്ന് പറയുന്ന ഭക്ഷണം പോലും മതിയാവോളം ആവശ്യക്കാര്‍ക്ക് വച്ചുവിളമ്പാന്‍ നമുക്ക് കഴിയുന്നുണ്ടോ. ഓരോ അരിമണിയിലും അതു കഴിക്കേണ്ട ആളുടെ പേര് എഴുതിവച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ആ അരിമണി അവന്റെ അവകാശമാണെങ്കില്‍ നീ അത് കവര്‍ന്നെടുക്കരുത്. അവന് മുമ്പില്‍ വിളമ്പേണ്ട അന്നത്തെ നീ  അവന് നിഷേധിക്കരുത്.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്....

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ....

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ...

ലോക്ക് ഡോണ്‍, ഈ നന്ദി എങ്ങനെ പറഞ്ഞുതീര്‍ക്കും

ജനങ്ങളെ  വീട്ടിലിരുത്തിയ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇന്ന്‌ പൂര്‍ത്തിയാകുകയാണ്....

കോവിഡ് 19; അഭിമാനിക്കാം ആശങ്കകളോടെ

ലോകം മുഴുവന്‍ ഭയത്തിന്റെ നിഴലിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നല്ല കൊറോണ...

കൊറോണകാലത്ത് സന്നദ്ധരാകാം, ഒപ്പമുണ്ടായിരിക്കാം

ഓരോ ദുരന്തങ്ങളും മനുഷ്യ മനസുകളുടെ നന്മകളെ പുറത്തേക്ക് കൊണ്ടുവരാനുള്ള അവസരങ്ങളാണ്. കേരളത്തെ...

കുടിയന്മാരോട് ഇവിടെ എന്തുമാകാമെന്നോ?

കുടിയന്മാരോട് ഇവിടെ എന്തുമാകാമല്ലോ. ചോദിക്കാനും പറയാനും അവര്‍ക്കാരുമില്ലല്ലോ എന്ന്  ഒരു സിനിമയില്‍...

നമ്മുടെ സുരക്ഷ നമ്മുടെ കൈകളില്‍

കോവിഡ് 19 ആധുനിക ലോകം  ഒരുപോലെ ഒന്നിച്ച് ഭയന്ന, ഭയക്കുന്ന ഒരു...
error: Content is protected !!