ഭാര്യ പറയുന്നത് അനുസരിക്കുന്നത് ഭര്‍ത്താവ് എന്ന നിലയില്‍ മോശം കാര്യമാണോ..ന്യൂജന്‍ കാലമായിരുന്നിട്ടും ഇന്നും പലരുടെയും ധാരണ ഭാര്യ പറയുന്നത് ഭര്‍ത്താവ്അനുസരിക്കേണ്ട കാര്യമില്ല എന്നാണ്. മറിച്ച് താന്‍ പറയുന്നത് ഭാര്യ അനുസരിക്കണമെന്ന് ശഠിക്കുന്നവരും കുറവല്ല. ഭാര്യ പറയുന്നത് അനുസരിക്കുന്നവരെ പെണ്‍കോന്തന്മാര്‍ എന്നാണല്ലോ പറഞ്ഞുവരുന്നത്. ഭാര്യ പറയുന്നത് അനുസരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഭാര്യ പറയുന്നതിലെ ശരി മാത്രം അനുസരിച്ചാല്‍ മതിയെന്ന കാര്യവും മറക്കരുത്. നന്മയായിട്ടുള്ളതും കുടുംബത്തിന്റെ ഉല്‍ക്കര്‍ഷത്തിന് കാരണമാകുന്നതുമായ കാര്യങ്ങള്‍ മാത്രമേ ഭര്‍ത്താവ് അനുസരിക്കേണ്ടതുള്ളൂ. ആഡംബരപ്രിയയായ ഭാര്യയുടെ എല്ലാ ആവശ്യങ്ങളും നിവര്‍ത്തിച്ചുകൊടുക്കാമെന്ന് വിചാരിക്കരുത്. നല്ലതും ചീത്തയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മനസ്സിലാക്കി മാത്രമേ ഭാര്യയെ അനുസരിക്കാവൂ. ഭാര്യയെ അനുസരിക്കുക എന്നതിന് അവളുടെ ഇംഗിതം സാധിച്ചുകൊടുക്കുക എന്നുകൂടിയുണ്ട് അര്‍ത്ഥം.
ഭാര്യയെ കേള്‍ക്കുന്നതും അവള്‍ പറയുന്നതിലെ ശരി അംഗീകരിക്കുന്നതും കുടുംബജീവിതത്തിലെ ജനാധിപത്യ മര്യാദയില്‍ പെടുന്നതാണ്. ഭാര്യയെ ഭര്‍ത്താവ് അനുസരിക്കുന്നതുപോലെ ഭര്‍ത്താവിനെ ഭാര്യയും അനുസരിക്കേണ്ടതാണ്. പരസ്പരബഹുമാനവും സ്‌നേഹവും വിശ്വാസവും നഷ്ടപ്പെടുമ്പോഴാണ് അനുസരിക്കുന്നതില്‍ ബുദ്ധിമുട്ടും അനുസരിക്കുന്നത് നാണക്കേടാണെന്നും ഉള്ള ധാരണ ദമ്പതികളുടെ ഉള്ളില്‍ കയറുന്നത്. ഭാര്യ പറയുന്നത് അനുസരിക്കുന്നതുകൊണ്ട് ഒരു ഭര്‍ത്താവ് മോശക്കാരനാകുന്നില്ല. ഭാര്യ പറയുന്നത് അനുസരിക്കാത്തതുകൊണ്ട് അയാള്‍ കേമനും ആകുന്നില്ല.മിക്ക പുരുഷന്മാരുടെയും ഉള്ളില്‍ ഒരു ധാരണയുണ്ട് താനാണ് കുടുംബം നോക്കിനടത്തുന്നത് അതുകൊണ്ട് താന്‍ പറയുന്നതു മാത്രമേ ഈ കുടുംബത്തില്‍ നടപ്പാക്കാവൂ എന്ന്. ഏകപക്ഷീയമായ ഈ രീതി കുടുംബജീവിതത്തില്‍ അസ്വസ്ഥതകളും കല്ലുകടികളും മാത്രമേ സൃഷ്ടിക്കുകയുള്ളൂ. പൊതുവായ വിഷയങ്ങളില്‍ കൂടിയാലോചിച്ചും തിരുത്തിയും ചര്‍ച്ച ചെയ്തും മാത്രമേ തീരുമാനം എടുക്കാവൂ. അങ്ങനെയെങ്കില്‍ ആ തീരുമാനത്തില്‍ നിന്ന് നെഗറ്റീവ് ഫലം ഉണ്ടായാലും അതിനെ ഒരുമിച്ചു നേരിടാന്‍ കുടുംബം സന്നദ്ധമായിരിക്കും. അല്ലെങ്കില്‍ ഒരാളുടെ മേല്‍ പഴിചാരി രക്ഷപ്പെടുവാനായിരിക്കും മറ്റേ ആള്‍ ശ്രമിക്കുന്നത്.